എഐ കാമറ: പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം; നോട്ടീസ് അയച്ചു തുടങ്ങിയില്ല
പി. ജയകൃഷ്ണൻ
Thursday, June 8, 2023 2:27 PM IST
കണ്ണൂർ: ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പ് മുക്കിലും മൂലയിലും എഐ കാമറകൾ സ്ഥാപിച്ച് ഇമവെട്ടാതെ അവ പ്രവര്‍ത്തിച്ച് തുടങ്ങിയെങ്കിലും പിഴ ഈടാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു.
രണ്ട് ദിവസം പിന്നിട്ടിട്ടും ഒരു നോട്ടീസ് പോലും ഇതുവരെ അയയ്ക്കാൻ കഴിഞ്ഞിട്ടില്ല. പരിവാഹൻ സോഫ്റ്റ്വെയറിലെ പ്രശ്നങ്ങൾ എൻഐസി ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് ഇതേക്കുറിച്ച് മോട്ടോർ വാഹനവകുപ്പ് പ്രതികരിച്ചത്.
സീറ്റ് ബെൽറ്റുകൾ ധരിക്കാതെ യാത്ര ചെയ്തവരാണ് കൂടുതലായും കാമറയിൽ പതിഞ്ഞത്. ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ഇടാതെ പോകുന്നവരും കാമറയിൽ കുടുങ്ങുന്നുണ്ട്.
മാസങ്ങള്‍ നീണ്ട ട്രയൽ റണ്ണും കൊട്ടിയാഘോഷിച്ചുള്ള ഉദ്ഘാടനവും കെങ്കേമമായി നടന്നെങ്കിലും, കാമറ പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോൾ പണി പാളിയെന്നാണ് ബുധനാഴ്ച വരെയുള്ള റിപ്പോർട്ടുകളിൽനിന്നു വ്യക്തമാകുന്നത്.
വാഹനങ്ങളുടെ വേഗം കണക്കാക്കുന്നതിൽ പിശക് സംഭവിക്കുന്നുണ്ടെന്നും അറിയുന്നു. ഒരു ബൈക്കിന് 1,240 കിലോമീറ്റർ വേഗം വരെ രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ട്.
കാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഓരോ കണ്ട്രോള് റൂമിലും പരിശോധിച്ച് ഉറപ്പ് വരുത്തിയാൽ പരിവാഹൻ സോഫ്റ്റുവെയറിലേക്ക് അയയ്ക്കും. വാഹന ഉടമയ്ക്ക് എസ്എംഎസ് പോകേണ്ടതും ഇ- ചെലാൻ തയാറാക്കുന്നതുമെല്ലാം നാഷണൽ ഇൻഫോമാറ്റിക് സെന്ററിന്റെ (എൻഐസി) കീഴിലുള്ള സോഫ്റ്റ് വെയര്‍ വഴിയാണ്.
തിങ്കളാഴ്ച രാവിലെ മുതൽ നിയമലംഘനങ്ങള്‍ കണ്ടെത്തി സോഫ്റ്റ് വെയറിലേക്ക് അപ്ലോഡ് ചെയ്തെങ്കിലും ഇതുവരെ ആർക്കും എസ്എംഎസ് പോയിട്ടില്ല. നിയമ ലംഘനത്തിന് ചെലാനും തയാറായിട്ടില്ല.
ഇത്രയും അധികം നിയലംഘനങ്ങള്‍ ഒരുമിച്ച് അപ് ലോഡ് ചെയ്യുമ്പോള്‍ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ എൻഐസി സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.
നിയമ ലംഘനം നടത്തിയവർക്ക് പിഴ അടയ്ക്കാനുള്ള നോട്ടീസ് അയയ്ക്കുന്നതിനുള്ള പ്രിന്റ് എടുത്ത് വച്ചിരിക്കുന്നുവെന്ന് പറഞ്ഞ മോട്ടോർ വാഹനവകുപ്പിനും ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയില്ല.