രഹസ്യം ചോർത്തുന്ന അധ്യാപകരെ കണ്ടെത്തും; രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്നവരെ വെറുതെവിടില്ല: വിദ്യാഭ്യാസമന്ത്രി
Wednesday, December 6, 2023 1:13 PM IST
തൃശൂർ: അധ്യാപക ശില്പശാലകളിലെ രഹസ്യചർച്ചകൾ ചോർത്തി മാധ്യമങ്ങൾക്കു നല്കുന്ന അധ്യാപകരെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏത് ഏജൻസി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. രാഷ്ട്രീയ ദുഷ്ടലാക്കോടെ വഞ്ചന നടത്തുന്ന അധ്യാപകരെ വെറുതെവിടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി മാർക്ക് നൽകുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
അവിടെ നടക്കുന്ന ചർച്ചകളിൽ അതെല്ലാം വെറെ വിധത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കോടെ മാധ്യമങ്ങൾക്ക് കൊടുക്കുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഉത്തരസൂചിക തയാറാക്കുന്നത് അധ്യാപകരാണ്. ഇക്കാര്യത്തിൽ ആത്മാർഥതയും സത്യസന്ധതയും മനസാക്ഷിയും കാണിക്കണമെന്നും മന്ത്രി പറഞ്ഞു.
ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷണം നടത്തുന്നതിനായി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. അധ്യാപക സംഘടനകൾ ഇക്കാര്യത്തിൽ ഇടപെടണം, അവർ ചർച്ചചെയ്യണം. ഏത് സംഘടനയിൽപെട്ടയാളാണ് ഈവിധത്തിൽ കേരളസമൂഹത്തോട് ദ്രോഹം കാണിച്ചതെന്ന് ചർച്ച ചെയ്യണമെന്നും വി. ശിവൻകുട്ടി നവകേരള സദസിൽ പറഞ്ഞു.
അക്ഷരം കൂട്ടിവായിക്കാനറിയാത്ത വിദ്യാർഥികൾക്കും എ പ്ലസ് കിട്ടുന്നുവെന്ന എസ്.ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി വി.ശിവൻകുട്ടി റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
കുട്ടികളുടെ പഠനനിലവാരം സംബന്ധിച്ച ശബ്ദരേഖ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് മന്ത്രി ചൊവ്വാഴ്ച പ്രതികരിച്ചത്. ഡിജിഇ പറഞ്ഞത് സർക്കാർ അഭിപ്രായം അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.