ചൊവ്വാഴ്ച ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി
Monday, February 12, 2024 3:42 PM IST
കൊച്ചി: മസാല ബോണ്ട് കേസില്‍ ചൊവ്വാഴ്ച ഇഡിക്കു മുന്നില്‍ ഹാജരാകണോ വേണ്ടയോ എന്ന് തോമസ് ഐസക്കിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ചൊവ്വാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തോമസ് ഐസക്കിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.
മസാലബോണ്ട് കേസില്‍ ഇഡി നല്കിയ സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഏജന്‍സിയുടെ നീക്കമെന്നും തുടര്‍ച്ചയായി സമന്‍സ് അയക്കുന്നത് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
വേറെ ആരെയും ഇഡി സമൻസ് നൽകി വിളിച്ചുവരുത്തുന്നതായി തോന്നുന്നില്ലെന്നും എന്തിനാണ് ഈ പുതിയ സമന്‍സ് എന്നതു വ്യക്തമല്ലെന്നും തോമസ് ഐസക്കിനായി ഹാജരായ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു. താൻ കിഫ്ബി വൈസ് ചെയർമാൻ മാത്രമാണെന്നും തോമസ് ഐസക്ക് കോടതിയില്‍ വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം കിഫ്ബിയുടെ ഹർജി വെളളിയാഴ്ചത്തേക്ക് മാറ്റി. നിയമവിരുദ്ധവും ഏകപക്ഷീയവുമായ സമൻസ് അയച്ച് ഇഡി വേട്ടയാടുകയാണെന്നും സിംഗിൾ ബെഞ്ച് നേരത്തെ ഇറക്കിയ ഉത്തരവിന് വിരുദ്ധമാണ് സമൻസ് എന്നുമാണ് ഇരുവരുടെയും വാദം.
തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ കോടതി നേരത്തെ ഇഡിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ അന്വേഷണവുമായി ഐസകും കിഫ്ബി ഉദ്യോഗസ്ഥരും സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക് നൽകിയ ഹർജിക്കെതിരെ ഇഡി സത്യവാംഗ്മൂലം സമർപ്പിച്ചു.
ആവശ്യപ്പെട്ട രേഖകൾ പോലും തോമസ് ഐസക് നൽകാൻ തയാറാകുന്നില്ലെന്ന് ഇഡി ആരോപിച്ചു. കേസ് അന്വേഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇക്കാര്യത്തിൽ ഹൈക്കോടതിയ്ക്ക് ഇടപെടാൻ കഴിയില്ലെന്നും ഇഡി പറയുന്നു.
ഫെമ ചട്ടലംഘനം ആരോപിക്കപ്പെടുന്ന കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് അഞ്ചാം തവണയും ഇഡി നോട്ടിസ് അയച്ചിരുന്നു.