ശബരിമലയിലേക്ക് തീർഥാടകപ്രവാഹം; ദർശനത്തിനായി കാത്തുനില്‍ക്കേണ്ടിവന്നത് 12 മണിക്കൂർ
Saturday, December 9, 2023 1:17 PM IST
ശബരിമല: ശബരിമലയില്‍ ഭക്തജനത്തിരക്കേറി. ദര്‍ശനത്തിനുള്ള കാത്തുനില്പ് 12 മണിക്കൂറിലേറെ നീണ്ടു. വ്യാഴാഴ്ച രാത്രി മുതല്‍ ആരംഭിച്ച തിരക്ക് ഇന്നു രാവിലെയും തുടരുകയാണ്. വെള്ളിയാഴ്ച പത്തനംതിട്ട, എരുമേലി എന്നിവിടങ്ങളില്‍ തീര്‍ഥാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
നിലയ്ക്കല്‍, ഇലവുങ്കല്‍, നാറാണംതോട് എന്നിവിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു ഘട്ടംഘട്ടമായിട്ടാണ് പമ്പയിലേക്ക് അയച്ചത്. മരക്കൂട്ടംവരെ നിര നീണ്ടതോടെ പമ്പയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മിനിറ്റില്‍ അറുപതിനും എഴുപതിനുമിടയില്‍ തീർഥാടകരെ പതിനെട്ടാംപടി കയറ്റിവിടുന്നുണ്ട്. ഇതനുസരിച്ച് മണിക്കൂറില്‍ നാലായിരത്തിലധികം തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്താനാകും. സന്നിധാനം നടപ്പന്തലില്‍ നാല് മണിക്കൂറിലേറെയാണ് പലരും ക്യൂ നില്‍ക്കുന്നത്.
പമ്പ മുതലുള്ള യാത്രയില്‍ കാത്തുനില്പ് 12 മണിക്കൂര്‍വരെ നീണ്ടിരുന്നു. മരക്കൂട്ടം പിന്നിടുമ്പോള്‍ തീര്‍ഥാടകരെ ക്യൂ കോംപ്ലക്സില്‍ കയറ്റി വിശ്രമിക്കാന്‍ അനുവദിച്ചശേഷമാണ് തുടര്‍യാത്ര അനുവദിക്കുക.