ജുഡീഷറിയിലെ സംഘപരിവാർ സാന്നിധ്യം: എം.വി. ഗോവിന്ദൻ തെളിവ് നല്കണമെന്ന് ചെന്നിത്തല
Wednesday, December 6, 2023 12:40 PM IST
ന്യൂഡൽഹി: ജുഡീഷറിയിലെ സംഘപരിവാർ സാന്നിധ്യത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തെളിവ് നല്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
എന്റെ അഭിപ്രായത്തിൽ ഒരു സർക്കാരും കോടതിയെ തങ്ങളുടെ വരുതിക്ക് നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്താൻ പാടില്ല. ജുഡീഷറി നിഷ്പക്ഷമാകണം. ജഡ്ജിമാരുടെ നിയമനമുൾപ്പെടെയുള്ളവ സുതാര്യമാകണം. അത് പൂർണമായും ജനങ്ങൾക്ക് നീതി ഉറപ്പാക്കുന്ന തരത്തിലായിരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, ലാവലിൻ കേസിൽ സിപിഎമ്മിന് സുപ്രീം കോടതിയിൽനിന്ന് ബിജെപി സഹായം കിട്ടുന്നുവെന്നത് നൂറുശതമാനം സത്യമാണെന്നും കേസ് വീണ്ടുംവീണ്ടും മാറ്റിവയ്ക്കുന്നത് അവർ തമ്മിലുള്ള അന്തർധാര കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആർഎസ്എസിന്റെ കോമരമായി പ്രവർത്തിക്കുന്നവരെയാണ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്നാണ് എം.വി. ഗോവിന്ദൻ നേരത്തെ ആരോപിച്ചത്.
ജുഡീഷറിയുടെ മഹിമ അധികകാലം നിലനില്ക്കുമോ എന്ന് സംശയമാണ്. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ സഹകരണബാങ്കിന്റെ അവാർഡ് ദാന പരിപാടിയിലായിരുന്നു ജുഡീഷറിയെ വിമർശിച്ച് എം.വി. ഗോവിന്ദന്റെ പ്രസംഗം.
"എബിവിപിയുടെയും ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കോമരമായി പ്രവർത്തിക്കുന്നവരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എടുക്കുകയാണ്. എത്രകാലം ഇന്നുനിലനില്ക്കുന്ന ജനാധിപത്യത്തിന്റെ, ജുഡീഷറിയുടെ മഹിമ നിലനില്ക്കും. ഒരുസംശയവും വേണ്ട, നിലനില്ക്കില്ല. എക്സിക്യൂട്ടീവും ജുഡീഷറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കും. ഇങ്ങനെയുള്ള ഒരുപാട് അപകടങ്ങൾ നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്..'- എം.വി. ഗോവിന്ദൻ പറഞ്ഞു.