പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പരസ്യമായി വെള്ളിത്തിരയിൽ; അഞ്ച് സംസ്ഥാനങ്ങളിൽ പ്രദർശനം
Tuesday, August 13, 2024 12:07 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പുതിയ നീക്കം. മലയാളികള്‍ കൂടുതല്‍ വസിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ സിനിമാ തിയറ്ററുകള്‍ കേന്ദ്രീകരിച്ച് കേരളത്തെ സംബന്ധിച്ചുള്ള പരസ്യങ്ങള്‍ നല്‍കാനാണ് തീരുമാനം. 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യങ്ങള്‍ 28 ദിവസം വരെ പ്രദര്‍ശിപ്പിക്കും.
കേരളത്തിന്റെ സവിശേഷനേട്ടങ്ങള്‍, ഭരണനേട്ടങ്ങള്‍, വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവ വിശദീകരിച്ചുള്ള തിയേറ്റര്‍ പരസ്യങ്ങള്‍ അഞ്ചു അഞ്ചുസംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ഇതിനായി 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.
മലയാളിസാന്നിധ്യമേറെയുള്ള കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലെ നഗരപരിധിയിലുള്ള 100 തിയേറ്ററുകളിലാണ് 90 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുക.
പ്രദര്‍ശനം ക്രമീകരിക്കാന്‍ പിആർഡിയുടെ എംപാനല്‍ഡ് ഏജന്‍സികൾ, സാറ്റലൈറ്റ് ലിങ്ക് വഴി തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ എന്നിവയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. ഇന്റര്‍സ്റ്റേറ്റ് പബ്ലിക് റിലേഷന്‍സ് പരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് വ്യാഖ്യാനം.
90 സെക്കൻഡ് വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിന് 10 സെക്കൻഡിന് ഒരു തവണ 18 രൂപ, ഇപ്രകാരം 90 സെക്കൻഡിന് 162 രൂപയും എന്ന നിരക്കില്‍ തുക വിനിയോഗിക്കാവുന്നതാണ്.