വീട്ടിലേക്ക് മടങ്ങാൻ; ബാഴ്സ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മെസിയുടെ പിതാവ്
Tuesday, June 6, 2023 4:20 AM IST
പാരീസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബാഴ്സലോണയിലേക്ക് മടങ്ങുന്നു. മെസിയുടെ പിതാവ് ഹോർഗെ മെസി ക്ലബുമായി ചർച്ച നടത്തി. മെസി ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഹോർഗെ മെസി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലാപോർട്ടയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു.
ലിയോ ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. അവനെ തിരികെ ബാഴ്സയിൽ കാണാൻ താനും ആഗ്രഹിക്കുന്നു. ബാഴ്സ തീർച്ചയായും സാധ്യതകളിലൊന്നാണ്. എന്താണ് ഭാവി തീരുമാനമെന്ന് ഉടൻ അറിയുമെന്നും മെസിയുടെ പിതാവ് പറഞ്ഞു.
മെസിയെ തിരികെ എത്തിക്കാൻ ലാ ലിഗ പച്ചക്കൊടി കാട്ടിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്. മെസിക്ക് താൻ കളിച്ചുവളർന്ന തട്ടകത്തിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതും ചർച്ചകൾ വേഗത്തിലാക്കാൻ ഇടയാക്കി. മാധ്യമപ്രവർത്തകൻ ടോണി യുവാൻമാർട്ട് ആണ് മെസിയുടെ പിതാവും താരത്തിന്റെ ഏജന്റുമായ ഹോർഗെ മെസി ബാഴ്സ പ്രസിഡന്റുമായി ചർച്ച ചെയ്തതായി റിപ്പോർട്ട് ചെയ്തത്.
യുവാൻ ലാപോർട്ടയുമായി അദ്ദേഹത്തിന്റെ വീട്ടിൽ ഹോർഗെ മെസി കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോ യുവാൻമാർട്ട് ട്വീറ്റ് ചെയ്തു. ബാഴ്സയുമായി മെസി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടേക്കുമെന്നാണ് കരുതുന്നത്. എഫ്സി ബാഴ്സലോണയ്ക്കു ലയണൽ മെസിയെ സ്വന്തമാക്കാൻ താത്പര്യമുണ്ടെന്ന് പരിശീലകൻ ചാവി ഹെർണാണ്ടസ് നേരത്തെ പറഞ്ഞിരുന്നു.
മേയ് മാസം 30ന് പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിച്ചിരുന്നു. 21 വർഷം നീണ്ട ബാഴ്സലോണ ജീവിതത്തിനുശേഷം 2021ലാണു മെസി പിഎ സ്ജിയിലെത്തിയത്. പിഎസ്ജിക്കായി 75 മത്സരങ്ങളിൽ ഇറങ്ങിയ മെസി, 32 ഗോൾ നേടുകയും 35 ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.
സൗദി ക്ലബ്ബായ അൽ ഹിലാൽ, സ്പാനിഷ് ക്ലബ് ബാഴ്സലോണ, ഇംഗ്ലീഷ് ക്ലബ്ബുകളായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയവയുമായി ബന്ധപ്പെടുത്തി മെസിയുടെ പേര് കേട്ടിരുന്നു.