രജൗരിയിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്, മൂന്ന് ഭീകരർക്കായി തിരച്ചിൽ
Tuesday, October 3, 2023 9:33 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ രജൗരി ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം ജില്ലയിലെ വനമേഖലയിൽ നടത്തിയ തിരച്ചിലിന് പിന്നാലെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
കലക്കോട്ടെ മേഖലയിലെ ബ്രോ, സൂം വനമേഖലകളിൽ സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യത്തിന്‍റെയും ജമ്മു കാഷ്മീർ പോലീസിന്‍റെയും സംയുക്തസംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു.
ഇതിനിടെ സംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കാഷ്മീർ പോലീസ് അറിയിച്ചു.
പ്രദേശത്ത് ഒളിച്ചിരിക്കുന്ന മൂന്ന് ഭീകരർക്കായി സൈന്യം തിരച്ചിൽ ശക്തമാക്കി. കലക്കോട്ടെ ജനറൽ ഏരിയയിലാണ് സംയുക്ത നടപടി ആരംഭിച്ചതെന്നും ഭീകരരെ നിരീക്ഷിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ വക്താവ് പറഞ്ഞു.