അഡ്ലെയ്ഡിൽ അടിതെറ്റി ഇന്ത്യ; നാലുവിക്കറ്റ് നഷ്ടം, നിരാശപ്പെടുത്തി കോഹ്ലി
Friday, December 6, 2024 11:59 AM IST
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒന്നാംദിനം ഭക്ഷണത്തിനു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് സന്ദർശകർ.
നാലു റൺസുമായി ഋഷഭ് പന്തും ഒരു റണ്ണുമായി നായകൻ രോഹിത് ശർമയുമാണ് ക്രീസിൽ. യശസ്വി ജയ്സ്വാൾ (പൂജ്യം), കെ.എൽ. രാഹുൽ (37), ശുഭ്മാൻ ഗിൽ (31), വിരാട് കോഹ്ലി (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 31 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യൻ മുൻനിരയെ വീഴ്ത്തിയത്.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ത്തന്നെ യശസ്വി ജയ്സ്വാളിനെ നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ക്രീസിൽ ഒന്നിച്ച കെ.എല്‍. രാഹുലും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 69 റണ്‍സിലെത്തിച്ചു.
എന്നാൽ, 19-ാം ഓവറിൽ രാഹുലിനെ മക്സ്വീനിയുടെ കൈകളിലെത്തിച്ച് സ്റ്റാർക്ക് തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിലെത്തിയ സൂപ്പർതാരം വിരാട് കോഹ്ലി ഒരു ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നാലെ സ്റ്റാർക്കിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ അനാവശ്യമായി ബാറ്റ് വച്ച താരത്തെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്ത് പിടികൂടുകയായിരുന്നു.
നാലു റൺസകലെ ശുഭ്മാൻ ഗില്ലിനെയും നഷ്ടമായതോടെ ഇന്ത്യ നാലിന് 81 റൺസെന്ന നിലയിലേക്ക് വീണു. സ്കോട്ട് ബോളണ്ടിനാണ് വിക്കറ്റ്.