എറിഞ്ഞൊതുക്കിയിട്ടും അടിച്ചെടുക്കാനായില്ല; കിവീസിന് 72 റൺസിന്റെ തോൽവി
Friday, February 23, 2024 3:19 PM IST
ഓക്ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്ക് 72 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 17 ഓവറിൽ 102 റൺസിന് പുറത്തായി.
ഒരുഘട്ടത്തിൽ നാലിന് 29 എന്നനിലയിൽ തകർന്ന ആതിഥേയരെ 42 റൺസെടുത്ത ഗ്ലെൻ ഫിലിപ്സിന്റെ ഒറ്റയാൾപോരാട്ടമാണ് നൂറെങ്കിലും കടത്തിയത്. ജോഷ് ക്ലാർക്സൺ (10), ട്രെന്റ് ബോൾട്ട് (16) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. 34 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് കിവീസിന്റെ ചിറകരിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ട്രാവിസ് ഹെഡ് (45), നായകൻ മിച്ചൽ മാർഷ് (26), പാറ്റ് കമ്മിന്‍സ് (28) എന്നിവരുടെ പ്രകടനത്തിലാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും വൻ സ്കോർ കണ്ടെത്താൻ ഓസീസ് ബാറ്റർമാർക്കായില്ല. 12 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസന്റെ ബൗളിംഗ് മികവാണ് സന്ദർശകരെ 174 റൺസിൽ പിടിച്ചുനിർത്തിയത്.