ഇടിക്കൂട്ടിൽ മെഡൽ ഉറപ്പിച്ച് ലോവ്‌ലിന; ഒളിംപിക്സ് യോഗ്യത
Tuesday, October 3, 2023 1:15 PM IST
ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ വെള്ളി ഉറപ്പിച്ച് ഇന്ത്യയുടെ ലോവ്‌ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോ ബോക്സിംഗ് വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ കടന്നു.
സെമിഫൈനൽ പോരാട്ടത്തിൽ തായ്‌ലൻഡ് താരം ബെയ്സൺ മനീകോണിനെയാണ് ഒളിംപിക് മെഡൽ ജേതാവും ലോകചാംപ്യനുമായ ലോവ്‌ലിന തറപറ്റിച്ചത്. 5-0ന് ഏകപക്ഷീയമായിരുന്നു താരത്തിന്‍റെ ജയം.
ബുധനാഴ്ചയാണ് സ്വർണത്തിനു വേണ്ടിയുള്ള ലോവ്‌ലിനയുടെ ഫൈനൽ പോരാട്ടം. ഇതോടെ, 2024 പാരീസ് ഒളിംപിക്സ് യോഗ്യതയും ഇന്ത്യൻ താരം ഉറപ്പിച്ചു. ഹാംഗ്ഝുവിൽ ഒളിംപിക്സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ ബോക്സിംഗ് താരം കൂടിയാണ് ലോവ്‌ലിന.
നേരത്തെ, ചൊവ്വാഴ്ച വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതി പവാർ വെങ്കലം സ്വന്തമാക്കിയിരുന്നു. സെമിയില്‍ ചൈനയുടെ യുവാന്‍ ചാംഗിനോടാണ് പ്രീതി തോല്‍വി വഴങ്ങിയത്. മെഡൽ നേട്ടത്തോടെ പാരിസ് ഒളിംപിക്സിന് യോഗ്യതയും പ്രീതി നേടി.