അജ്മലും ശ്രീക്കുട്ടിയും നിരവധിത്തവണ രാസലഹരി ഉപയോഗിച്ചു: ശാസ്ത്രീയ പരിശോധനയ്ക്ക് പോലീസ്
Friday, September 20, 2024 2:54 PM IST
കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികള്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി.
ഇതില്‍ വ്യക്തത വരുത്താൻ ഇവരുടെ രക്തസാമ്പിളുകള്‍ കോടതിയുടെ അനുമതിയോടെ ശാസ്ത്രീയ പരിശോധന നടത്തും. രണ്ടാംപ്രതി ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം അംഗീകാരം ഉള്ളതാണോയെന്ന് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനായി സേലത്തെ വിനായക മിഷന് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവര്‍ക്കെതിരായ കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസ് ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്യും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അജ്മല്‍ ക്രിമിനല്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഡോ. ശ്രീക്കുട്ടി പൊലിസിന് മൊഴി നല്‍കിയിട്ടുള്ളത്. സിനിമ കൊറിയോഗ്രാഫറാണെന്ന് പറഞ്ഞാണ് അജ്മല്‍ പരിചയപ്പെട്ടത്. താനും അജ്മലും മദ്യം ഉപയോഗിക്കാറുണ്ട്. പണവും സ്വര്‍ണവും നല്‍കിയത് അജ്മല്‍ ആവശ്യപ്പെട്ട പ്രകാരമാണെന്നുമാണ് ശ്രീക്കുട്ടിയുടെ മൊഴി.
നാട്ടുകാർ ആക്രമിക്കുമെന്ന ഭയം കൊണ്ടാണ് താന്‍ വാഹനവുമായി രക്ഷപ്പെട്ടതെന്ന് അജ്മല്‍ പൊലീസിനോട് പറഞ്ഞത്. പിന്തുടര്ന്നവരില് ചിലരുമായി തനിക്ക് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
തിരുവോണദിനത്തില്‍ വൈകുന്നേരമാണ് വടക്കന്‍ മൈനാഗപ്പള്ളി ആനൂര്‍ക്കാവ് പഞ്ഞിപുല്ലും വിളയില്‍ നൗഷാദിന്റെ ഭാര്യ കുഞ്ഞുമോള്‍ (45) കാറിടിച്ച് കൊല്ലപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്നിലേക്ക് വീണ കുഞ്ഞുമോളുടെ ശരീരത്തിലൂടെ അജ്മല്‍ വാഹനം കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. സുഹൃത്തിന്റെവീട്ടില് മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
പോലീസ് സംഘം വ്യാഴാഴ്ച കരുനാഗപ്പള്ളിയിൽ ഡോ. ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പ്രതികൾ ഇരുവരും തങ്ങിയ കരുനാഗപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലും പരിശോധന നടത്തി വിവരങ്ങൾ ശേഖരിച്ചു. ഒന്നാം പ്രതി അജ്മലിനു വേണ്ടിയും വ്യാഴാഴ്ച കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അതും ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.