കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമുകളെ പ്രഖ്യാപിച്ചു
Wednesday, August 7, 2024 1:09 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരെയും പ്രഖ്യാപിച്ചു.
ചലച്ചിത്ര സംവിധായകൻ പ്രിയദർശനും ജോസ് തോമസ് പട്ടാറയും ചേർന്നുള്ള കണ്‍സോർഷ്യം തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് ‘ട്രിവാൻഡ്രം റോയൽസ്’ എന്ന പേരിൽ ടീമിനെ കളത്തിലിറങ്ങും.
ചലച്ചിത്ര നിർമാതാവും സംവിധായകനുമായ സോഹൻ റോയിയുടെ ഏരീസ് ഗ്രൂപ്പ് ഏരീസ് ‘കൊല്ലം സെയ്ലേഴ്സ്’ എന്ന പേരിലും കണ്‍സോൾ ഷിപ്പിംഗ് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ‘ആലപ്പി റിപ്പിൾസ്’ എന്ന പേരിലും ടീമിനെ രംഗത്തിറക്കും.
എനിഗ്മാറ്റിക് സ്മൈൽ റിവാർഡ്സ് എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ എന്ന പേരിൽ ടീമിനെ അണിനിരത്തുന്പോൾ ഫൈനസ് മാർക്കറ്റ് ലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് ‘തൃശൂർ ടൈറ്റൻസ്’ എന്ന പേരിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും.
ഇകെകെ ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് ‘കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ്’ എന്ന പേരിൽ കോഴിക്കോട് ജില്ലയ്ക്കായി ടീമിനെ രംഗത്തിറക്കും. കഴിഞ്ഞദിവസം നടന്ന ഫ്രാഞ്ചൈസികളുടെ മീറ്റിംഗിലാണ് ഓരോരുത്തർക്കുമുള്ള ടീമുകളുടെ ജില്ലകളും പേരുകളും തീരുമാനിച്ചത്.
പി.എ. അബ്ദുൾ ബാസിത് ട്രിവാൻഡ്രം റോയൽസിന്റെയും സച്ചിൻ ബേബി ഏരീസ് കൊല്ലം സെയ്ലേഴ്സിന്റെയും മുഹമ്മദ് അസറുദീൻ ആലപ്പി റിപ്പിൾസിന്റെയും ബേസിൽ തന്പി കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെയും വിഷ്ണു വിനോദ് തൃശൂർ ടൈറ്റൻസിന്റെയും റോഹൻ എസ്. കുന്നമ്മൽ കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സിന്റെയും ഐക്കണ്‍ പ്ലെയേഴ്സ് ആരിക്കും.
രജിസ്റ്റർ ചെയ്ത കേരളത്തിലെ താരങ്ങളിൽനിന്ന് ലേലത്തിൽ പങ്കെടുക്കാനുള്ള കളിക്കാരെ കേരള ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുക്കും. ഫ്രാഞ്ചൈസി ലഭിച്ച ടീം ഉടമകൾ കളിക്കാരുടെ ലേലത്തിലൂടെ ഇവരിൽനിന്ന് അവരവരുടെ താരങ്ങളെ സ്വന്തമാക്കും. ഈ മാസം 10ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽവച്ചാണ് കളിക്കാരുടെ ലേലം നടക്കുക.
സ്റ്റാർ സ്പോർട്സ് ത്രീയിലും ഒടിടി പ്ലാറ്റ്ഫോമായ ഫാൻ കോഡിലും ലേലം തത്സമയം സംപ്രേഷണം ചെയ്യും. സെപ്റ്റംബർ രണ്ടു മുതൽ 19 വരെ തിരുവനന്തപുരത്ത് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ സ്പോർട്സ് ഹബ്ബിലാണ് മത്സരങ്ങൾ നടക്കുക. നടൻ മോഹൻലാലാണ് കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡർ.