അർജന്റ് കോപ്പ
Thursday, July 11, 2024 2:03 AM IST
ഈസ്റ്റ് റുഥർഫോർഡ് (ന്യൂജഴ്സി): കോപ്പ അമേരിക്ക ഫുട്ബോൾ സെമി ഫൈനലിൽ അട്ടിമറികളോ അദ്ഭുതങ്ങളോ ഒന്നുമുണ്ടായില്ല. നിലവിലെ ചാന്പ്യന്മാരായ അർജന്റീന ഫൈനലിൽ. സെമി ഫൈനലിൽ അർജന്റീന എതിരില്ലാത്ത രണ്ടു ഗോളിനു കാനഡയെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു.
ഗോളടിയിൽ മെസി രണ്ടാമൻ
അന്താരാഷ്ട്ര ഗോളെണ്ണത്തിൽ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു (130 ഗോൾ) പിന്നിൽ രണ്ടാമതെത്തി. ടൂർണമെന്റിൽ ആദ്യമായി വലകുലുക്കിയാണ് മെസി 109-ാമത്തെ അന്താരാഷ്ട്ര ഗോളും കുറിച്ചത്. 186 മത്സരങ്ങളിൽനിന്നാണ് അർജന്റൈൻ നായകൻ ഇത്രയും ഗോൾ നേടിയത്. 108 ഗോളുമായി ഇറാന്റെ അലി ദെയ്ക്കൊപ്പം തുല്യത പാലിക്കുകയായിരുന്നു.
മത്സരത്തിന്റെ 22-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് അർജന്റീനയെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഷോട്ട് വലയിലേക്ക് തിരിച്ചുവിട്ട് മെസി ടീമിന്റെ ജയം ഉറപ്പിച്ചു. കഴിഞ്ഞ 25 മത്സരങ്ങളിൽനിന്ന് മെസി നേടുന്ന 28-ാമത്തെ ഗോളാണ്.
കോപ്പ അമേരിക്കയിൽ അർജന്റൈൻ നായകന്റെ ഗോളെണ്ണം 14 ആയി. മൂന്നു ഗോൾ കൂടിയായാൽ മെസി കോപ്പയിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിലെത്തും. നിലവിൽ മെസി അഞ്ചാം സ്ഥാനത്താണ്. 17 ഗോളുകൾ വീതമുള്ള നോർബർട്ടോ മെൻഡസ് (അർജന്റീന), സിസിഞ്ഞോ (ബ്രസീൽ) എന്നിവരാണ് മുന്നിൽ.
സ്വാതന്ത്ര്യദിന ജയം
അർജന്റീനയുടെ സ്വാതന്ത്ര്യദിനത്തിൽ നേടിയ ജയത്തോടെ ടീം തോൽവി അറിയാതെയുള്ള കുതിപ്പ് പത്താക്കി. ഫൈനലിലെത്തിയ അർജന്റീന തുടർച്ചയായ രണ്ടു കോപ്പ അമേരിക്ക ചാന്പ്യൻഷിപ്പാണ് ലക്ഷ്യമിടുന്നത്.
2022 ലോക ചാന്പ്യന്മാരായ അർജന്റീന 2010ലെ ലോകകപ്പും 2008ലും 2012ലും യൂറോപ്യൻ ചാന്പ്യൻഷിപ്പും നേടിയ സ്പെയിനിനൊപ്പമെത്താനുള്ള തയാറെടുപ്പിലാണ്.