ഗുജറാത്ത് ഓപ്പണർമാരായ സുദർശനും ഗില്ലിനും സെഞ്ചുറി
Saturday, May 11, 2024 2:18 AM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ നിരവധി റിക്കാർഡുകൾ പിറന്ന മത്സരമായി ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഗുജറാത്തിനായി ഓപ്പണർമാരായ സായ് സുദർശനും (51 പന്തിൽ 103) ശുഭ്മാൻ ഗില്ലും (55 പന്തിൽ 104) സെഞ്ചുറി നേടി.
ഐപിഎല്ലിൽ ഒരു ടീമിന്റെ രണ്ട് ഓപ്പണർമാരും ഒന്നിച്ച് സെഞ്ചുറി നേടുന്നത് ചരിത്രത്തിൽ ആദ്യമാണ്. ഐപിഎൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന റിക്കാർഡും (14) ഇന്നലെ തിരുത്തി. 2023ൽ 12 സെഞ്ചുറി പിറന്നതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
ഐപിഎല്ലിൽ അതിവേഗം 1000 റണ്‍സ് എന്ന നേട്ടവും സായ് സുദർശൻ സ്വന്തമാക്കി. 17.2 ഓവറിൽ 210 റണ്‍സ് നേടിയശേഷമാണ് ഇവർ പിരിഞ്ഞത്. ഗുജറാത്ത് ടൈറ്റൻസിന്റെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. ഡേവിഡ് മില്ലർ (11 പന്തിൽ 16 നോട്ടൗട്ട്), ഷാരൂഖ് ഖാൻ (മൂന്ന് പന്തിൽ രണ്ട്) എന്നിവരാണ് പിന്നീട് ക്രീസിലെത്തിയത്.
ജയിച്ചാൽ പ്ലേ ഓഫിലേക്ക് അടുക്കാം എന്ന അവസ്ഥയിൽ ഇറങ്ങിയ ചെന്നൈക്ക് ഗുജറാത്ത് മുന്നോട്ടുവച്ച 232 റൺസ് എത്തിപ്പിടിക്കാനായില്ല. 35 റൺസിന് ചെന്നൈ തോറ്റു. 2.5 ഓവറിൽ 10 റൺസ് എടുക്കുന്നതിനിടെ ചെന്നൈക്ക് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടു.
പിന്നീട് ഡാരെൽ മിച്ചൽ (34 പങ്കിൽ 63), മൊയീൻ അലി (36 പന്തിൽ 56) എന്നിവർ നടത്തിയ പോരാട്ടമാണ് ചെന്നൈയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 11 പന്തിൽ 26 റൺസുമായി ധോണി പുറത്താകാതെ നിന്നു. സ്കോർ: ഗുജറാത്ത് 231/3 (20). ചെന്നൈ 196/8 (20).
101 സെഞ്ചുറി
ഐപിഎൽ ചരിത്രത്തിൽ 100-ാം സെഞ്ചുറി ശുഭ്മാൻ ഗില്ലിന്റെ പേരിൽ. നേരിട്ട 50-ാം പന്തിലായിരുന്നു ഗിൽ സെഞ്ചുറി തികച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആകെ 101 സെഞ്ചുറി പിറന്നു. 2008 ഏപ്രിൽ 18ന് കോൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബ്രെണ്ടൻ മക്കല്ലമാണ് (158 നോട്ടൗട്ട്) ഐപിഎല്ലിലെ ആദ്യ സെഞ്ചുറി കുറിച്ചത്.