ജെസ്റ്റ് 36 ; റയൽ മാഡ്രിഡിന് 36-ാം ലാ ലിഗ കിരീടം
Monday, May 6, 2024 1:16 AM IST
മാഡ്രിഡ്: ജിറോണ എഫ്സിയോട് 4-2ന് എഫ്സി ബാഴ്സലോണ പരാജയപ്പെട്ടതോടെ 2023-24 സ്പാനിഷ് ലാ ലിഗ കിരീടം റയൽ മാഡ്രിഡ് സ്വന്തമാക്കി. സീസണിൽ നാല് റൗണ്ട് മത്സരം ശേഷിക്കേയാണ് റയൽ മാഡ്രിഡ് തങ്ങളുടെ 36-ാം ലാ ലിഗ കിരീടനേട്ടം ആഘോഷിച്ചത്.
കാഡിഫിന് എതിരായ ഹോം മത്സരത്തിൽ റയൽ 3-0ന് ജയിച്ചപ്പോൾ കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തിരുന്നു. തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ബാഴ്സലോണയെ ജിറോണ കീഴടക്കി. അതോടെ റയൽ കിരീടം ഉറപ്പിച്ചു. ബാഴ്സലോണ ജയിച്ചിരുന്നെങ്കിൽ റയലിന് കിരീടം ഉറപ്പിക്കാൻ ചുരുങ്ങിയത് രണ്ട് പോയിന്റ് കൂടി വേണമായിരുന്നു. എന്നാൽ, ആ കാത്തിരിപ്പ് റയലിന് ജിറോണ ഒഴിവാക്കി നൽകി.
ലാ ലിഗ കിരീടം ഏറ്റവും കൂടുതൽ തവണ നേടിയതിന്റെ റിക്കാർഡ് റയൽ പുതുക്കി എന്നതും ശ്രദ്ധേയം. കിരീട നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള എഫ്സി ബാഴ്സലോണയേക്കാള് (27) ഏറെ മുന്നിലാണ് റയൽ എന്നതും മറ്റൊരു യാഥാർഥ്യം. റയൽ മാഡ്രിഡിന്റെ കാർലോ ആൻസിലോട്ടിയുടെ പരിശീലക കരിയറിലെ 28-ാം ട്രോഫിയാണ്. രണ്ടാമത്തെ ലാ ലിഗ കിരീടവും. 2023-24 സീസണിൽ റയലിന്റെ രണ്ടാമത് ട്രോഫിയാണിത്. നേരത്തേ സൂപ്പർ കോപ്പ സ്വന്തമാക്കിയിരുന്നു.
അരങ്ങേറ്റ സീസണിൽതന്നെ കിരീടത്തിൽ മുത്തംവയ്ക്കാൻ റയലിന്റെ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഗമിനു സാധിച്ചു. 18 ഗോൾ നേടിയ ബെല്ലിങ്ഗമാണ് റയലിന്റെ ടോപ് സ്കോറർ.