മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ലോ​ക ര​ണ്ടാം ന​ന്പ​ർ ബെ​ലാ​റൂ​സി​ന്‍റെ അ​രിന സ​ബ​ലെ​ങ്ക 12-ാം സീ​ഡാ​യ ചൈ​ന​യു​ടെ ക്വി​ൻ​വെ​ൻ ഷി​ങി​നെ നേ​രി​ടും. നി​​ല​​വി​​ലെ ജേ​​താ​​വാ​​യ സബ​​ലെ​​ങ്ക അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കോ ഗ​​ഫി​​നെ 7-6(7-2),6-4ന് ​​സെമിയിൽ കീഴടക്കി.

സെ​​റീ​​ന വി​​ല്യം​​സി​​നു ശേ​​ഷം (2016, 2017) തു​​ട​​ർ​​ച്ച​​യാ​​യി ര​​ണ്ടു ത​​വ​​ണ ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന വ​​നി​​ത​​യാ​​ണ് സ​​ബ​​ലെ​​ങ്ക. വി​​ക്ടോ​​റി​​യ അ​​സ​​രെ​​ങ്ക​​യ്ക്കു​​ശേ​​ഷം (2012, 2013) ഒ​​രു വ​​നി​​ത​​യ്ക്കും കി​​രീ​​ടം നി​​ല​​നി​​ർ​​ത്താ​​നാ​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ ഗ​​ഫി​​ൽ​​നി​​ന്നേ​​റ്റ തോ​​ൽ​​വി​​ക്കു സബലെങ്ക ഇതോടെ പ​​ക​​രം​​വീ​​ട്ട​​ി.

10-ാം വാർഷികത്തിൽ

ലി നാ ആ​​ദ്യ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ജേ​​താ​​വാ​​യ​​തി​​ന്‍റെ പ​​ത്താം വാ​​ർ​​ഷി​​ക​​ത്തി​​ൽ മ​​റ്റൊ​​രു ചൈ​​നീ​​സ് താ​​രം ഫൈ​​ന​​ലി​​ൽ. ക്വി​​ൻ​​വെ​​ൻ ഷി​​ങ് ആ​​ണ് ഇ​​ത്ത​​വ​​ണ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ക്വി​​ൻ​​വെ​​ൻ സീ​​ഡ് ചെ​​യ്യ​​പ്പെ​​ടാ​​ത്ത യു​​ക്രെ​​യി​നി​​ന്‍റെ ദ​​യാ​​ന യാ​​സ്ട്രോം​​സ്ക​​യെ 6-4, 6-4ന് ​​സെമിയിൽ തോ​​ൽ​​പ്പി​​ച്ചു. 2011ൽ ​​ഫ്ര​​ഞ്ച് ഓ​​പ്പ​​ണും 2014ൽ ​​ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണും നേ​​ടി​​യ ലി നാ, ഗ്രാ​​ൻസ്‌ലാം ​​സിം​​ഗി​​ൾ​​സ് ചാ​​ന്പ്യ​​നാ​​കു​​ന്ന ആ​​ദ്യ ഏ​​ഷ്യ​​ൻ​​താ​​ര​​മാ​​യിരുന്നു.


ബൊ​​പ്പ​​ണ്ണ സ​​ഖ്യം ഫൈ​​ന​​ലി​​ൽ

മെ​​ൽ​​ബ​​ണ്‍: ടെ​​ന്നീ​​സ് പു​​രു​​ഷ ഡ​​ബി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​നത്തെ​​ത്തു​​ന്ന പ്രാ​​യം കൂ​​ടി​​യ ക​​ളി​​ക്കാ​​ര​​നെ​​ന്ന റി​​ക്കാ​​ർ​​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ ആ​​ദ്യ​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ചു. സെ​​മി ഫൈ​​ന​​ലി​​ൽ ബൊ​​പ്പ​​ണ്ണ- ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ മാ​​ത്യു എ​​ബ്ഡ​​ൻ സ​​ഖ്യം ചൈ​​ന​​യു​​ടെ സാ​​ങ് സി​​ഹെ​​ൻ-​​ചെ​​ക്കി​​ന്‍റെ തോ​​മ​​സ് മാ​​ച്ചാ​​ക് സ​​ഖ്യ​​ത്തെ 6-3, 3-6, 7-6(10-7)ന് ​​തോ​​ൽ​​പ്പി​​ച്ചു. ഗ്രാ​​ൻ​​സ്‌ലാം ​​ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ പു​​രു​​ഷ ഡ​​ബി​​ൾ​​സ് ഫൈ​ന​ലി​ൽ മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

ഫൈ​​ന​​ലി​​ൽ ഇ​​റ്റ​​ലി​​യു​​ടെ ആ​​ന്ദ്രെ വ​​വ്​​സോ​​റി-​​സി​​മോ​​ണ്‍ ബൊ​​ലേ​​ലി സ​​ഖ്യ​​മാണ് ഫൈനലിൽ ബൊപ്പണ്ണ-എബ്ഡൻ കൂട്ടുകെട്ടിന്‍റെ എതിരാളികൾ.