റിലയൻസ് -ഡിസ്നി ഇന്ത്യ ലയനത്തിന് സിസിഐയുടെ അനുമതി
Thursday, August 29, 2024 1:25 AM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ മാധ്യമ വിഭാഗവും വാൾട്ട് ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ വിഭാഗവും തമ്മിലെ 70,350 കോടി രൂപ മതിക്കുന്ന മെഗാ ലയനത്തിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി. ലയനത്തിലൂടെ റിലയൻസിന്റെ ജിയോ സിനിമയും ഡിസ്നി ഹോട്ട്സ്റ്റാറും ഒന്നിക്കും.
റിലയൻസ് ഇൻഡസ്ട്രീസ് ഉപസ്ഥാപനവും മീഡിയ വിഭാഗവുമായ വയാകോം18, മറ്റൊരു ഉപസ്ഥാപനമായ ഡിജിറ്റൽ18 മീഡിയ, ഡിസ്നിയുടെ കീഴിലെ സ്റ്റാർ ഇന്ത്യ, സ്റ്റാർ ടിവി എന്നിവ ഉൾപ്പെടുന്നതാണ് മെഗാ ലയനം.
റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വാർഷിക പൊതുയോഗം ഇന്നു നടക്കാനിരിക്കേയാണ് സിസിഐയുടെ അനുമതി.
2024 ഫെബ്രുവരിയിലാണ് വയാകോം18, സ്റ്റാർ ഇന്ത്യ എന്നിവ തമ്മിൽ ലയിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റൽ ഉള്ളടക്ക സ്ഥാപനമാകും പിറക്കുക. 70,350 കോടി രൂപയായിരിക്കും (850 കോടി ഡോളർ) ലയിച്ചുണ്ടാകുന്ന കന്പനിയുടെ മൂല്യം. കന്പനിയുടെ വികസന പദ്ധതികൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് 11,500 കോടി രൂപ (140 കോടി ഡോളർ) നിക്ഷേപിക്കുകയും ചെയ്യും.
ലയനശേഷം കന്പനിയുടെ ഡയറക്ടർ ബോർഡിൽ 10 പേരുണ്ടാകും. റിലയൻസിൽനിന്ന് അഞ്ചുപേരും ഡിസ്നിയിൽനിന്ന് മൂന്നു പേരും ബോർഡിലെത്തും. രണ്ടുപേർ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും. 2024ന്റെ അവസാനപാദത്തിലോ 2025ന്റെ ആദ്യപാദത്തിലോ ലയനം പൂർണമാകും.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ മേധാവിയുമായ നിത അംബാനിയായിരിക്കും ലയിച്ചുണ്ടാകുന്ന മാധ്യമക്കന്പനിയുടെ ചെയർപേഴ്സണ്. വാൾട്ട് ഡിസ്നിയിൽനിന്നുള്ള ഉദയ് ശങ്കർ വൈസ് ചെയർമാനാകും. കന്പനിയിൽ 16.34 ശതമാനം ഓഹരികളാകും റിലയൻസിനുണ്ടാകുക. 46.82% വയാകോം18ന് ആയിരിക്കും. 36.84% ഓഹരികൾ ഡിസ്നിയും കൈവശം വയ്ക്കും.
സിസിഐ
രണ്ടു വൻ കന്പനികൾ ഒന്നിക്കുന്നതോടെ ഇന്ത്യൻ മാധ്യമരംഗം റിലയൻസിന്റെ കുത്തകയായിരിക്കുമെന്ന ആശങ്ക അടുത്തിടെ സിസിഐ ഉയർത്തിയിരുന്നു.
ഹോട്ട്സ്റ്റാറിന്റെ കൈവശമുള്ള വിപുലമായ ഉള്ളടക്കങ്ങളും ക്രിക്കറ്റ് ഉൾപ്പെടെ മുൻനിര കായിക വിനോദങ്ങളുടെ സംപ്രേഷണാവകാശവും റിയൻസിന്റെ കൈയിലാകുമെന്നതായിരുന്നു ആശങ്കയ്ക്ക് പിന്നിൽ.
ഈ ആശങ്കകൾ പരിഹരിക്കാൻ മുന്നോട്ടുവച്ച നിർദേശങ്ങൾക്ക് അനുസൃതമായാണ് ലയനത്തിന് അനുമതി നൽകുന്നതെന്ന് സിസിഐ സാമൂഹിക മാധ്യമമായ എക്സിൽ വ്യക്തമാക്കി.