റീബിൽഡ് കേരള ഇനിഷ്യേറ്റീവ്; ലോകബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
Wednesday, February 7, 2024 1:00 AM IST
തിരുവനന്തപുരം: റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് വഴി നടപ്പാക്കുന്ന ’റസിലിയന്റ് കേരള പ്രോഗ്രാം ഫോർ റിസൾട്ട്സ് ’ സംബന്ധിച്ച് ലോക ബാങ്ക് പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി.
പദ്ധതി നിർവഹണത്തിൽ കൈവരിച്ച പുരോഗതിയിൽ സംഘം തൃപ്തി രേഖപ്പെടുത്തി. ചില പദ്ധതികളുടെ പൂർത്തീകരണത്തിലെ കാലതാമസം പരിഹരിക്കാൻ നിർദേശിച്ചു. കോൾനില കൃഷിയുമായി ബന്ധപ്പെട്ട് കേരളത്തിൽ നടപ്പാക്കുന്ന പദ്ധതി സമാനതകളില്ലാത്തതാണെന്നും വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായെന്നും ലോകബാങ്ക് സംഘം അഭിപ്രായപ്പെട്ടു.
യോഗത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എം. ബി. രാജേഷ്, ചീഫ് സെക്രട്ടറി ഡോ.വി. വേണു, ലോക ബാങ്ക് പ്രതിനിധികളായ എലിഫ് ഐഹാൻ, ദീപക് സിംഗ്, ബാലകൃഷ്ണ മേനോൻ പരമേശ്വരൻ, നട്സുകോ കികുടാകെ, വിജയ ശേഖർ കലാവകോണ്ട, എഎഫ്ഡി പ്രതിനിധികളായ ജൂലിയൻ ബോഗ്ലിറ്റോ, ജ്യോതി വിജയൻ നായർ, കിരണ്‍ അവധാനുല, രാഹുൽ മൻകോഷ്യ തുടങ്ങിയവർ പങ്കെടുത്തു.