സെൻസെക്സ് 71,000 കടക്കുന്നത് ചരിത്രത്തിലാദ്യം
Saturday, December 16, 2023 2:28 AM IST
മുംബൈ: അടുത്ത വർഷം യുഎസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലിൽ ഇന്ത്യൻ ഓഹരിവിപണികളിൽ വൻ കുതിപ്പ്.
സെൻസെക്സും നിഫ്റ്റിയും വീണ്ടും റിക്കാർഡ് ഉയരം കുറിച്ചു. സെൻസെക്സ് 71,484 പോയിന്റിലും നിഫ്റ്റി 21,457 പോയിന്റിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ് സെൻസെക്സ് 71,000 കടക്കുന്നത്.
ഇതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണി മൂല്യം 356.66 ലക്ഷം കോടിയായി. ഇൻഫോസിസ്, ജെ എസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്സിഎൽ ടെക്, സണ്‍ ഫാർമ, ടിസിഎസ്, അദാനി എന്റപ്രൈസസ്, എസ്ബിഐ, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 1,374 കോടി രൂപയുടെ ഓർഡർ ലഭിച്ചതിനെതുടർന്ന് ടെക്സ്മോ റെയിൽ ആൻഡ് എൻജിനിയറിംഗ് 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ 1.6 ശതമാനവും ഐടി 0.9 ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി 20 മാസത്തെ ഉയർന്ന നിലയിലാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് എന്നീ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക നഷ്ടത്തിലും സ്മോൾക്യാപ് സൂചിക നേട്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.