ഹെലൻ ചുഴലിക്കൊടുങ്കാറ്റ്: അമേരിക്കയിൽ മരണം 43 ആയി
Sunday, September 29, 2024 12:33 AM IST
അറ്റ്ലാന്റ: ഹെലൻ ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് വടക്കുകിഴക്കൻ അമേരിക്കയിൽ വ്യാപക നാശം. വ്യത്യസ്ത സംഭവങ്ങളിലായി 43 പേർ മരിച്ചു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെ 35 ലക്ഷത്തോളം പേർ ദുരിതത്തിലായി.
നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ഫ്ലോറിഡ, ജോർജിയ സംസ്ഥാനങ്ങളിലാണ് കെടുതികളേറെയും ഉണ്ടായത്. കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും കനത്ത മഴ തുടരുകയാണ്.
അതിനാൽ നദികളും ഡാമുകളും നിറയുന്നത് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ടെന്നീസിയിലെ യുണികൊയ് കൗണ്ടിയിൽ ആശുപത്രിയിൽ വെള്ളം കയറിയതിനെത്തുടർന്ന് രോഗികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിനായി നിരവധി ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിച്ചുവരുന്നു.