ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയേറി; ബ്രിജ് ഭൂഷൺ കുരുക്കിലേക്ക്
Saturday, June 3, 2023 1:52 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: ഗുസ്തിതാരങ്ങളുടെ പരാതിയിൽ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യുന്നതിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന് കർഷകനേതാവ് രാകേഷ് ടികായത്. ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കുമെന്നും ടികായത് പറഞ്ഞു.
സമരരൂപം തീരുമാനിക്കുന്നതിന് ഹരിയാനയിലെ കുരുക്ഷേത്രയിൽ ഇന്നലെ നടന്ന ഖാപ് നേതാക്കളുടെ യോഗത്തിനു പിന്നാലെയാണ് ടികായതിന്റെ മുന്നറിയിപ്പ്. ഗുസ്തിതാരങ്ങളുടെ സമരത്തിൽ ഖാപ് നേതാക്കൾ ഒറ്റക്കെട്ടാണെന്നും ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാൻ വൈകിയാൽ രാജ്യമൊട്ടാകെ മഹാപഞ്ചായത്ത് സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചതായും ടികായത് പറഞ്ഞു.
ഗുസ്തി താരങ്ങൾ കടുത്ത നിരാശയിലാണ്. അവർക്ക് ഏതെങ്കിലും വിധത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ അതിന് ഉത്തരവാദി ബ്രിജ് ഭൂഷണായിരിക്കും. താരങ്ങളുടെ കുടുംബാംഗങ്ങൾ ഭീതിയിലാണ്. അവർക്ക് ഭീഷണിയും ലഭിക്കുന്നുണ്ട്. അവരുടെ സുരക്ഷ വർധിപ്പിക്കണം. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങൾ നീതിക്കായാണു സമരം ചെയ്യുന്നത്. അവരോട് ഡൽഹി പോലീസ് പെരുമാറിയ രീതിയെ രാജ്യാന്തര ഒളിന്പിക് കമ്മിറ്റി പോലും അപലപിച്ചു.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ 11ന് ഷിംലയിലും 15,18 തീയതികളിൽ ഹരിദ്വാറിലും മഹാപഞ്ചായത്തുകൾ നടക്കും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം സമരം വ്യാപിപ്പിക്കുമെന്നും ടികായത്ത് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും ഖാപ് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. നേതാക്കൾക്ക് നിവേദനം നൽകുമെന്നും നേതാക്കളെ പൊതുവേദികളിൽ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും ടികായത് പറഞ്ഞു. ഗുസ്തിതാരങ്ങൾക്കെതിരേ ഡൽഹി പോലീസ് ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ ഖാപ് നേതാക്കളും കർഷക സംഘടനകളുടെ പ്രതിനിധികളും കുരുക്ഷേത്രയിലെ ജാട്ട് ധർമശാലയിൽ നടന്ന യോഗത്തിൽ പങ്കെടുക്കാനെത്തി.