ട്രെയിൻ യാത്രയ്ക്കിടയിൽ തമിഴ്നാട് സ്വദേശിക്ക് പാമ്പുകടിയേറ്റു
Tuesday, April 16, 2024 2:08 AM IST
ഏറ്റുമാനൂർ: ട്രെയിൻ യാത്രയ്ക്കിടയിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് പാമ്പുകടിയേറ്റു. ഗുരുവായൂർ - പുനലൂർ - മധുര എക്സ്പ്രസ് ട്രെയിനിൽ ഇന്നലെ രാവിലെ 9.30നാണ് സംഭവം. പിറവം റോഡിൽനിന്ന് ട്രെയിനിൽ കയറിയ തെങ്കാശി താലകം സംഗ്രകാവിൽ മൂവറ്റം കാർത്തിക്കിനെ(23)യാണ് പാമ്പു കടിച്ചത്.
ട്രെയിൻ കുറുപ്പന്തറ സ്റ്റേഷനോട് അടുക്കുമ്പോഴാണ് കാർത്തിക്കിന്റെ വലതു കാൽപത്തിയിൽ എന്തോ കടിച്ചതായി അനുഭവപ്പെട്ടത്. സീറ്റിനടിയിൽനിന്ന് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് അടുത്തിരുന്ന ആളുകൾ കണ്ടതായി പറയുന്നു.
പെട്ടെന്ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. ലോക്കോപൈലറ്റ് അതിവേഗം ട്രെയിൻ ഏറ്റുമാനൂർ സ്റ്റേഷനിൽ എത്തിച്ചു. ട്രെയിൻ എത്തുമ്പോഴേക്കും ഏറ്റുമാനൂർ സ്റ്റേഷനിൽ ആംബുലൻസ് സജ്ജമായിരുന്നു. ആംബുലൻസിൽ കാർത്തിക്കിനെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ട്രെയിൻ 10 മിനിറ്റോളം ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു. കാർത്തിക്കിനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ ശേഷം യാത്ര തുടർന്ന ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ബോഗിയിൽനിന്ന് മുഴുവൻ യാത്രക്കാരെയും പുറത്തിറക്കിയ ശേഷം തെരച്ചിൽ നടത്തി. പക്ഷെ പാമ്പിനെ കണ്ടെത്താനായില്ല.
ഇതേതുടർന്ന് യാത്രക്കാരെ ഒഴിവാക്കി ബോഗി സീൽ ചെയ്താണ് ട്രെയിൻ യാത്ര തുടർന്നത്. ട്രെയിൽ മധുരയിൽ എത്തിയ ശേഷം ബോഗിയിൽ വിശദമായ പരിശോധന നടത്തും. കോട്ടയം സ്റ്റേഷനിൽ നടത്തിയ തെരച്ചിലിൽ പാമ്പിനെ കണ്ടെത്താനാകാതെ വന്നതോടെ കാർത്തിക്കിനെ കടിച്ചത് പാമ്പല്ല, എലിയോ മറ്റോ ആകാം എന്ന നിലപാടിലായിരുന്നു റെയിൽവേ അധികൃതർ. എന്നാൽ മെഡിക്കൽ കോളജിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ചു. കാർത്തിക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു.