അറബിക്കടല്‍ ആകെ മാറുന്നു ; ഇനി ചുഴലിക്കാറ്റുകളുടെ കാലം
റെജി ജോസഫ്
Monday, December 18, 2023 2:23 AM IST
കോട്ടയം: മഴക്കാലമോ വേനലോ വ്യത്യാസമില്ലാതെ അറബിക്കടല്‍ ഇനി ഏതു കാലത്തും പ്രക്ഷുബ്ധമാകാം. കേരളം മുതല്‍ ഗുജറാത്ത് വരെ അതിരിടുന്ന അറബിക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും ഓരോ വര്‍ഷവും വര്‍ധിക്കുകയാണെന്ന് പഠനം.
കേന്ദ്ര കാലാവസ്ഥാ മന്ത്രാലയത്തിനു കീഴില്‍ പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞരുടെ പഠനമനുസരിച്ച്, അറബിക്കടലില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ ചുഴലിക്കാറ്റുകളുടെ എണ്ണത്തില്‍ 52 ശതമാനവും അതിതീവ്ര ചുഴലിക്കാറ്റുകള്‍ 150 ശതമാനവും വര്‍ധിച്ചു. ഇതേകാലത്ത് കൂടുതല്‍ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായും കണ്ടെത്തി.
ചുഴലിക്കാറ്റ് വര്‍ധന ആഗോളതാപനം മൂലം വര്‍ധിച്ചുവരുന്ന സമുദ്ര താപനിലയും ഈര്‍പ്പത്തിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ ആവൃത്തിയിലും തീവ്രതയിലും രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. അറബിക്കടലിന്റെ ഭാവമാറ്റത്തില്‍ കിഴക്കന്‍തീരത്ത് ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ ചുഴലിക്കാറ്റുകള്‍ ആസന്നഭാവിയിലും പ്രതീക്ഷിക്കാം. വന്‍ നാശം വിതച്ച ഗോനു (2007), ക്യാര്‍ (2019), സമീപകാലത്തെ ബിപര്‍ജോയ് ചുഴലിക്കാറ്റുകള്‍ അറബിക്കടലില്‍ രൂപം കൊണ്ടവയാണ്.
ഇതേകാലത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം എട്ട് ശതമാനം കുറഞ്ഞു. ഇതേ പ്രവണത തുടര്‍ന്നാല്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് പ്രകൃതിദുരന്തങ്ങള്‍ ഗുരുതരമായി ആവര്‍ത്തിക്കുമെന്ന് പഠനം നടത്തിയ വിദഗ്ധസംഘം മുന്നറിയിപ്പു നല്കുന്നു.
ചുഴലിക്കാറ്റുകളുടെ വികസനത്തിന് അനുയോജ്യമായ ഒരു സമുദ്രതടമായി അറബിക്കടല്‍ മാറിയിരിക്കുന്നു. കൂടാതെ, അറബിക്കടലിലെ ചുഴലിക്കാറ്റുകള്‍ സാവധാനത്തില്‍ ശക്തിപ്രാപിക്കുകയും ഒടുവില്‍ തീരത്ത് അടിക്കുമ്പോള്‍ അതി തീവ്രതയുള്ള ചുഴലിക്കാറ്റായി മാറുകയും ചെയ്യുന്നു.
അതേസമയം ഇതേകാലത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകളുടെ ആവൃത്തിയില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. മുന്‍പ് വര്‍ഷത്തില്‍ നാലോ അഞ്ചോ ചുഴലിക്കാറ്റുകളാണ് ബംഗാള്‍ ഉള്‍ക്കടലും അറബിക്കടലും ഉള്‍പ്പെടുന്ന സമുദ്രമേഖലയില്‍നിന്ന് രൂപപ്പെട്ടിരുന്നത്. അതില്‍ ഭൂരിഭാഗവും ബംഗാള്‍ ഉള്‍ക്കടലിൽ രൂപം കൊള്ളുന്നവയായിരുന്നു. എന്നാല്‍ പ്രവണതയില്‍ വന്‍ വ്യതിയാനമാണ് അടുത്തകാലത്തായി സംഭവിക്കുന്നത്.
ചുഴലിക്കാറ്റുകളെ നേരിടാന്‍ തീരദേശമേഖല സജ്ജമല്ലെങ്കിലും ചുഴലിക്കാറ്റുകള്ക്കെതിരേ തയാറെടുക്കേണ്ടത് ആവശ്യമായിരിക്കുന്നു.
1982-2002 കാലയളവിനെ അപേക്ഷിച്ച് 2001നുശേഷം ചുഴലിക്കാറ്റുകള്‍ വീശിയടിക്കുന്ന സമയത്തിലും 80 ശതമാനം വര്‍ധനയുണ്ടായതായി പഠനം വ്യക്തമാക്കുന്നു. കൂടാതെ അതിതീവ്ര ചക്രവാതങ്ങളുടെ (മണിക്കൂറില്‍ 118-166 കിലോമീറ്റര്‍) എണ്ണം മൂന്ന് മടങ്ങോളം വര്‍ധിച്ചു.
മറ്റു കടലുകളേക്കാള്‍ അറബിക്കടല്‍ താപനില ഉയരുന്ന സാഹചര്യമാണ് കൂടുതല്‍ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്രനിഗമനം. മണ്‍സൂണിന് ശേഷമുള്ള കാലത്ത് അറബിക്കടലില്‍ ചുഴലിക്കാറ്റിന്റെ തീവ്രത 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്.