ഫോട്ടോലാബിന്റെ ട്രെന്ഡിനൊപ്പമാണോ? ആപ്പിലാകാതെ നോക്കണേ
Saturday, September 23, 2023 2:47 AM IST
കൊച്ചി: വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ രൂപവും ഭാവവും അടിമുടി മാറ്റി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആളായി മാറാം. ഇത്തരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സുന്ദരന്മാരും സുന്ദരികളുമായവര് നിരവധിയാണ്. ഫോട്ടോ ലാബ് ആപ്പിലൂടെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന പുത്തന്‍ രൂപമാറ്റങ്ങളാണിവ. ഇങ്ങനെ മനോഹര രൂപങ്ങളായി പലരും സ്റ്റാറ്റസിലും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലുമെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് ഇപ്പോഴും.
സംഗതി കൊള്ളാം. എന്നാല്‍ ഇത്തരം ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണി നിരവധിയാണെന്ന് സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സുരക്ഷിതമാണെന്ന് ആപ് കമ്പനികള്‍ അവകാശപ്പെടുമ്പോഴും ഡാറ്റാ ലീക്ക് ഈ ആപ്പുകളുടെ സുരക്ഷയ്ക്ക് എതിര്ഘടകമാകുന്നു.
ഫോട്ടോ ലാബിന്റെ കാര്യമെടുത്താല്‍ ലൈന്റോക്ക് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡാണ് ഈ ആപ്പിന്റെ സ്രഷ്ടാക്കള്‍. പ്ലേ സ്റ്റോറില്‍ കയറി വളരെ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം. എഐ ഫോട്ടോ എഡിറ്റിംഗ് മേഡ് ഈസി എന്നതാണ് ആപ്പിന്റെ പ്രത്യേകത.
എഐ സഹായത്തോടെ സുന്ദരന്മാരും സുന്ദരികളും ആകുന്നതിന് ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം ഉപയോഗിക്കുന്നതിനായി ഫോണിലെ ഗാലറിയടക്കമുള്ളവയിലേക്ക് ആപ്പിന് അനുമതി നല്‍കേണ്ടിവരുന്നു. ഇതിലൂടെ നമ്മുടെ സ്വകാര്യ ചിത്രങ്ങളടക്കമാണ് ഈ കമ്പനിക്ക് ലഭിക്കുന്നത്.
കമ്പനി ഇത്തരം വിവരങ്ങള്‍ പുറത്തുവിടില്ലെങ്കിലും കമ്പനിയുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ നമ്മുടെ സ്വകാര്യതയ്ക്കും അതു ഭീഷണിയാകും. ലോണ്‍ ആപ് തട്ടിപ്പുകാര്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമായ സാഹചര്യം ഇവിടെയും സംഭവിക്കാം.
അതുകൊണ്ടുതന്നെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാപ്രശ്നങ്ങള്‍ മുന്നില്‍ കണ്ടു വേണം ഇവ കൈകാര്യം ചെയ്യാനെന്നും സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.