ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന പരാതിയിൽ ഗവർണർ നിയമോപദേശം തേടി
സ്വന്തം ലേഖകൻ
Wednesday, September 13, 2023 4:03 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന ഹർജിയിൽ വാദം കേട്ട രണ്ട് ഉപലോകായുക്തമാരെ വിധി പറയുന്നതിൽനിന്ന് ഒഴിവാക്കണമെന്നും ഹർജി മറ്റൊരു സംസ്ഥാനത്തെ ലോകായുക്തയ്ക്കു കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള പരാതിയിൽ ഗവർണർ നിയമോപദേശം തേടും.
ലോകായുക്തയുടെ നിയമനാധികാരി ഗവർണർ ആണെങ്കിലും ലോകായുക്തയ്ക്കെതിരേ ഉയരുന്ന പരാതികളിൽ തീർപ്പാക്കാൻ ഗവർണർക്ക് അധികാരമുണ്ടോയെന്ന കാര്യത്തിലാണു പ്രധാനമായും നിയമോപദേശം തേടുക.
ഇത്തരം സാഹചര്യം നേരത്തെ രൂപപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഗവർണർക്ക് എന്തൊക്കെ അധികാരമുണ്ടെ ന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിട്ടുള്ളത്. മുംബൈയിലുള്ള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇക്കാര്യത്തിൽ നിയമോപദേശം തേടാൻ രാജ്ഭവനെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ പ്രവർത്തകനായ ആർ.എസ്.ശശികുമാർ നൽകിയ പരാതിയിലാണു ഗവർണറുടെ നിയമോപദേശം.
സിപിഎം മുൻ എംഎൽഎയുടെ ജീവചരിത്രം പ്രകാശനം ചെയ്ത ചടങ്ങിൽ ഉപലോകായുക്തമാരായ ജസ്റ്റീസ് ഹാറൂണ്‍ അൽ റഷീദും ജസ്റ്റീസ് ബാബു മാത്യു പി.ജോസഫും പങ്കെടുത്തിരുന്നു. അദ്ദേഹത്തെ പ്രകീർത്തിച്ച് ഓർമക്കുറിപ്പ് എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗവുമായി ബന്ധപ്പെട്ട ഹർജിയിൽ പരാമർശിച്ച പരേതനായ ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായർ വിദ്യാർഥിജീവിതകാലം മുതൽ തങ്ങളുടെ ആത്മാർഥ സുഹൃത്ത് ആയിരുന്നുവെന്ന് ഓർമക്കുറിപ്പിൽ ഉപലോകായുക്തമാർ പറഞ്ഞതായി പരാതിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഉപലോകായുക്തയുടെ ഉത്തരവ് നീതിപൂർവവും നിഷ്പക്ഷവും ആകില്ലെന്നും ലോകായുക്തയുടെ ഔന്നത്യവും ധാർമികതയും ഇവർ നഷ്ടപ്പെടുത്തിയെന്നുമാണ് ഗവർണർക്കു നൽകിയ പരാതിയിൽ പറയുന്നത്.