അറിയാന്‍ മേലാത്തതുകൊണ്ട് ചോദിക്കുവാ... “എനിക്ക് എന്തിന് പ്ലെയര്‍ ഓഫ് ദ മാച്ച് തന്നു’’
Wednesday, April 16, 2025 1:53 AM IST
“അറിയാന്‍ മേലാത്തതുകൊണ്ട് ചോദിക്കുവാ, താന്‍ ആരുവാ’’... എന്നു തുടങ്ങുന്ന ഡയലോഗിലൂടെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം മലയാളികളെ ഒന്നടങ്കം ചിരിപ്പിച്ചു.
സന്ദര്‍ഭവും സാഹചര്യവും വ്യത്യസ്തമാണെങ്കിലും ചോദ്യം പ്രസക്തമായിരിക്കുന്നു, അതും ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് വേദിയില്‍. 18-ാം സീസണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ലക്നോ സൂപ്പര്‍ ജയന്റ്സും തമ്മിലുള്ള മത്സരത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. ചോദിച്ചത് മറ്റാരുമല്ല, സൂപ്പര്‍ കിംഗ്സിന്റെ തലയായ എം.എസ്. ധോണി. ചോദിച്ചത് ഇങ്ങനെ: “എനിക്ക് എന്തിനാണ് നിങ്ങള്‍ കളിയിലെ താരത്തിനുള്ള പുരസ്കാരം നല്‍കുന്നത്”?
അതെ, ശരിയാണ്. മത്സരത്തില്‍ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയ നൂര്‍ അഹമ്മദ് ഉണ്ട്. മൂന്ന് ഓവറില്‍ 24 റണ്‍സിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുണ്ട്. എന്നിട്ടും ഒരു സ്റ്റംപിംഗും ഒരു റണ്ണൗട്ടും 11 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെയും നിന്ന ധോണിക്ക് പ്ലെയര്‍ ഓഫ് ദ മാച്ച് നല്കി.
നോണ്‍സ്ട്രൈക്ക് എന്‍ഡിലേക്കു നേരിട്ടുള്ള ത്രോയിലൂടെ ആയിരുന്നു അബ്ദുള്‍ സമദിനെ ധോണി റണ്ണൗട്ടാക്കിയത്. നൂര്‍ അഹമ്മദും രവീന്ദ്ര ജഡേജയും പോലുള്ളവര്‍ ആയിരുന്നു എന്നെ സംബന്ധിച്ച് മികച്ച പ്രകടനം നടത്തിയതെന്നും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വീകരിച്ചശേഷം ധോണി ചോദിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്സ് മൂന്നു പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് ജയം നേടിയ മത്സരത്തിലാണ് ഈ ചോദ്യം ഉയര്‍ന്നത്. ആദ്യം ബാറ്റ് ചെയ്ത ലക്നോ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. 19.3 ഓവറില്‍ ചെന്നൈ 168/5 എടുത്ത് ജയം സ്വന്തമാക്കി. ലക്നോയ്ക്കുവേണ്ടി ഋഷഭ് പന്ത് 49 പന്തില്‍ 63ഉം മിച്ചല്‍ മാര്‍ഷ് 25 പന്തില്‍ 30ഉം ആയുഷ് ബധോണി 17 പന്തില്‍ 22ഉം റണ്‍സ് നേടി.
രവീന്ദ്ര ജഡേജ (2/24), മതീഷ പതിരാന (2/45) എന്നിവര്‍ ബൗളിംഗില്‍ ചെന്നൈക്കുവേണ്ടി തിളങ്ങി. ശിവം ദുബെയാണ് (37 പന്തില്‍ 43 നോട്ടൗട്ട്) ചെന്നൈ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. രചിന് രവീന്ദ്ര (22 പന്തില്‍ 37), സൈക് റഷീദ് (19 പന്തില്‍ 27) എന്നിവരും തിളങ്ങി. ലക്നോയ്ക്കുവേണ്ടി രവി ബിഷ്ണോയ് 18 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
താരമായതില്‍ ധോണിക്കു റിക്കാര്‍ഡ്
പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചതോടെ ഐപിഎല്‍ റിക്കാര്‍ഡ് ബുക്കില്‍ എം.എസ്. ധോണി ഇടംപിടിച്ചു. ഐപിഎല്‍ ചരിത്രത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ഏറ്റവും പ്രായമുള്ള കളിക്കാരനായി ധോണി. 43 വര്‍ഷവും 280 ദിനവും പ്രായമുള്ളപ്പോഴാണ് ധോണിയുടെ പ്ലെയര്‍ ഓഫ് ദ മാച്ച് നേട്ടം. 2014 ഐപിഎല്ലില്‍ പ്രവീണ്‍ താംബെ 42 വര്‍ഷവും 208 ദിനവും പ്രായമുള്ളപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
അവസാന അഞ്ച് ഓവറില്‍ 56 റണ്‍സ് ജയിക്കാന്‍ വേണ്ടിയപ്പോഴായിരുന്നു ധോണി ക്രീസിലെത്തിയത്. ധോണിയും ശിവം ദുബെയും ചേര്‍ന്ന് അഭേദ്യമായ 57 റണ്‍സ് കൂട്ടുകെട്ടിലൂടെ സിഎസ്കെയെ ജയത്തിലെത്തിച്ചു, 2025 സീസണില്‍ ചെന്നൈയുടെ രണ്ടാം ജയം.
2019 എഡിഷനിലായിരുന്നു അവസാനമായി ധോണി ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത്. ചെന്നൈക്കുവേണ്ടി ധോണി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം നേടുന്നത് ഇത് 17-ാം തവണയാണ്. മാത്രമല്ല, അണ്‍ക്യാപ്ഡ് ക്യാപ്റ്റന്‍ എന്ന നിലയില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ കളിക്കാരനുമായി ധോണി.
2008ലെ പ്രഥമ ഐപിഎല്ലിലും നിലവിലെ 18-ാം സീസണിലും പ്ലെയര്‍ ഓഫ് ദ മാച്ച് എന്ന അപൂര്‍വ നേട്ടവും സിഎസ്കെയുടെ തലയ്ക്കു സ്വന്തം...