ബംഗളൂരു തേരോട്ടം
Saturday, March 29, 2025 12:35 AM IST
ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹോം ഗ്രൗണ്ടിൽ 50 റണ്‍സിന്റെ തകർപ്പൻ ജയവുമായി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 18-ാം സീസണിൽ ജയം തുടർന്നു.
ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ബംഗളൂരു 20 ഓവറിൽ 196 റണ്‍സ് പടുത്തുയർത്തി. മറുപടി ബാറ്റിംഗിൽ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. സ്കോർ: ബംഗളൂരു: 20 ഓവറിൽ 196/7. ചെന്നൈ: 20 ഓവറിൽ 146/8.
മികച്ച തുടക്കം:
ബംഗളൂരു നിരയിൽ ഓപ്പണർ ഫിൽ സോൾട്ട് (16 പന്തിൽ 32 റണ്‍സ്) വെടിക്കെട്ട് തുടക്കം നൽകി. 4.5 ഓവറിൽ കോഹ്ലിയുമൊത്തുള്ള പാർട്ണർഷിപ്പ് പിരിയുന്പോൾ സ്കോർ 45 റണ്‍സിലെത്തി. മെല്ലെപോക്ക് തുടർന്ന കോഹ്ലി ക്കൊപ്പം ചേർന്ന ദേവ്ദത്ത് പടിക്കൽ സോൾട്ട് അവസാനിപ്പിച്ചടുത്തുനിന്ന്് തുടങ്ങി. 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 27 റണ്‍സുമായി പടിക്കൽ മടങ്ങുന്പോൾ സ്കോർ 7.5 ഓവറിൽ 76 റണ്‍സ്. പിന്നീടെത്തിയ ക്യാപ്റ്റൻ രജത് പാട്ടിദർ (32 പന്തിൽ 51 റണ്‍സ്) അർധസെഞ്ചുറിയുമായി മുന്നേറിയതോടെ മികച്ച ടോട്ടലിലേക്ക് ബംഗളൂരു നീങ്ങി.
ഒടുവിൽ ടിം ടേവിട്ട് എട്ട് പന്തിൽ 22 റണ്‍സുമായി അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്കോർ 196ൽ എത്തി. ഇടവേളകളിൽ വിക്കറ്റുകൾ പൊഴിഞ്ഞെങ്കിലും ബാറ്റ് എടുത്തവരെല്ലാം സംഭാവനകൾ നൽകിയത് ബംഗളൂരുവിന് രക്ഷയായി.
പതറിയ മറുപടി:
ചെന്നൈയുടെ മറുപടി പതറിയ തുടക്കത്തോടെയായിരുന്നു. സ്കോർ എട്ടിലെത്തിയപ്പോൾ ഓപ്പണർ രാഹുൽ ത്രിപാതി അഞ്ച് റണ്‍സുമായി മടങ്ങി. പിന്നാലെ എത്തിയ ഋതുരാജ് ഗെയ്ക്വാദ് (0), ദീപക് ഹൂഡ (4), സാം കറണ്‍ (8) എന്നിവർ രണ്ടക്കം കാണാതെ പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുന്പോഴും രചിൻ രവീന്ദ്ര സ്കോർ മുന്നോട്ട് നയിച്ചു. 31 പന്തിൽ 41 റണ്‍സുമായി അഞ്ചാമനായി താരം പുറത്തായി. ശിവം ദുബെ (19), രവീന്ദ്ര ജഡേജ (25), മഹേന്ദർസിംഗ് ധോണി (16 പന്തിൽ 30 റണ്‍സ്) എന്നിവർ പൊരുതിയെങ്കിലും ജയം അകന്നിരുന്നു.
ബംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യഷ് ദയാൽ, ലിയാം ലിവിങ്സ്റ്റണ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും നേടി. നൂർ അഹമ്മദിന്റെ മികച്ച പന്തുകൾക്ക് മുന്നിൽ മാത്രമാണ് ബംഗളൂരു ബാറ്റർമാർ പതറിയത്.
കഴിഞ്ഞ മത്സരത്തിലെ ഫോം തുടർന്ന നൂർ അഹമ്മദ് നാല് ഓവറിൽ 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകൾ സ്വന്തമാക്കി. മതീഷ പതിരണ രണ്ടും ഖലീൽ അഹമ്മദ്, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റും ചെന്നൈക്കായി നേടി.
രണ്ടു മത്സരങ്ങളിൽ രണ്ട് ജയവുമായി ബംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ചെന്നൈ രണ്ടു മത്സരങ്ങളിൽ ഒരു ജയവുമായി ഏഴാം സ്ഥാനത്തും.