ലക്നോ സൂപ്പർ ജയന്റ്്സിനു മിന്നും ജയം
Sunday, April 2, 2023 12:54 AM IST
ലക്നോ: ആദ്യം കെയ്ൽ മയേഴ്സിന്റെ വെടിക്കെട്ട്, തുടർന്ന് മാർക്ക് വുഡിന്റെ പേസ് ആക്രമണം, ഇതു രണ്ടും ചേർന്നപ്പോൾ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയന്റ്്സ് സ്വന്തം കാണികൾക്ക് മുന്നിൽ മിന്നും ജയം സ്വന്തമാക്കി.
ഡൽഹി ക്യാപ്പിറ്റൽസിന് എതിരേ 50 റൺസിന് ആയിരുന്നു ലക്നോയുടെ ജയം. സ്കോർ: ലക്നോ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 193. ഡൽഹി 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143. നാല് ഓവറിൽ 14 റൺസ് വഴങ്ങിയ മാർക്ക് വുഡ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
2023 സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണ്. 48 പന്തിൽ 56 റൺസ് നേടിയ ക്യാപ്റ്റൻ ഡേവിഡ് വാർണർ ആണ് ഡൽഹിയുടെ ടോപ് സ്കോറർ. ലക്നോയ്ക്കു വേണ്ടി കെയ്ൽ മയേഴ്സ് 38 പന്തിൽ 73 റൺസ് നേടി.
ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ലക്നോ ക്യാപ്റ്റൻ കെ.എൽ. രാഹുൽ (8) തുടക്കത്തിൽത്തന്നെ പുറത്തായെങ്കിലും മയേഴ്സ് ടീമിനെ തോളിലേറ്റി.
നിക്കോളാസ് പുരാൻ (21 പന്തിൽ 36) മാത്രമാണ് മയേഴ്സിന് പിന്തുണ നൽകിയത്. ദീപക് ഹൂഡ (17), മാർക്കസ് സ്റ്റോയിൻസ് (12) എന്നിവർ കാര്യമായ സംഭാവന നൽകിയില്ല. 13 പന്തിൽ 15 റൺസുമായി ക്രുണാൽ പാണ്ഡ്യ പുറത്താകാതെനിന്നു. ഡൽഹിയുടെ ഖലീൽ അഹമ്മദും ചേതൻ സക്കറിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.