ഗാസയിൽ ഇസ്രേലി ആക്രമണം തുടരുന്നു
Thursday, March 20, 2025 12:37 AM IST
കയ്റോ: ഇസ്രേലി സേന ഗാസയിൽ ആക്രമണം തുടരുന്നു. ഇന്നലെ ആറു പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 13 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണ മേഖലകളിൽനിന്ന് പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ഉത്തരവിട്ടു.
ചൊവ്വാഴ്ച ഇസ്രേലി സേന ഗാസയിലുടനീളം നടത്തിയ ഉഗ്ര ബോംബിംഗിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഹമാസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സേന അവകാശപ്പെട്ടത്. അതേസമയം, മരിച്ചവരിൽ ധാരാളം കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു.
ഈമാസമാദ്യം അവസാനിച്ച ഒന്നാം ഘട്ട വെടിനിർത്തൽ നീട്ടാൻ യുഎസ് മുന്നോട്ടുവച്ച നിർദേശം ഹമാസ് അംഗീകരിക്കാത്തതിന്റെ പേരിലാണ് ഗാസയിൽ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചിരുന്നു.
ഗാസയുടെ വടക്ക്, തെക്ക് ഭാഗങ്ങൾ ആക്രമണം നേരിടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. വടക്കൻ ഗാസയിലെ ഖാൻ യൂനിസ്, ബെയ്ത് ഹാനൂൺ പ്രദേശങ്ങളിലുള്ള പലസ്തീനികൾ ഒഴിഞ്ഞുപോകാൻ നിർദേശിക്കുന്ന ലഘുലേഖകൾ ഇസ്രേലി സേന ഇന്നലെ വിതറി.
യൂറോപ്യൻ യൂണിയൻ വിദേശ നയമേധാവി കായാ കല്ലാസ് ഇസ്രേലി വിദേശമന്ത്രി ഗിഡയോൺ സാറിനോട് സംസാരിക്കുകയും ആക്രമണം പുനരാരംഭിച്ചതിലുള്ള അതൃപ്തി അറിയിക്കുകയും ചെയ്തു.
ഇരു വിഭാഗവും സംയമനം പാലിക്കണമെന്ന് ജർമനി ആവശ്യപ്പെട്ടു. ഹമാസിന്റെ കസ്റ്റഡിയിലുള്ള ബന്ദികളുടെ കുടുംബാംഗങ്ങൾ നെതന്യാഹു സർക്കാരിനെതിരേ രംഗത്തുവന്നിട്ടുണ്ട്. ഹമാസിന്റെ പക്കൽ 59 ബന്ദികൾ കൂടിയുണ്ട്.