അതിരപ്പിള്ളിയിൽ 24 മണിക്കൂറിനിടെ കാട്ടാന കൊന്നത് മൂന്നു പേരെ
Wednesday, April 16, 2025 3:36 AM IST
അതിരപ്പിള്ളി: 24 മണിക്കൂറിനിടെ കാട്ടാനയാക്രമണത്തിൽ മൂന്നു ജീവൻ പൊലിഞ്ഞു. അതിരപ്പിള്ളി അടിച്ചിൽതൊട്ടി ഉന്നതിയിൽ ഞായറാഴ്ച രാത്രി കാട്ടാനയുടെ ചവിട്ടേറ്റു യുവാവ് മരിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രി വാഴച്ചാലിൽ വഞ്ചിക്കടവിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവും യുവതിയും കൊല്ലപ്പെട്ടു.
അടിച്ചിൽതൊട്ടി തന്പാന്റെ മകൻ സെബാസ്റ്റ്യൻ (20), വാഴച്ചാൽ കാടർ ഉന്നതിയിൽ അംബിക (42), സതീഷ് (36) എന്നിവരാണു മരിച്ചത്.
രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാട്ടിൽനിന്നു തേനെടുത്തു മടങ്ങുന്പോൾ രാത്രി പത്തിനാണു സെബാസ്റ്റ്യനെ കാട്ടാന ആക്രമിച്ചത്. മൂവരും ഉന്നതിക്കു സമീപം കാട്ടാനയ്ക്കുമുന്നിൽ അകപ്പെടുകയായിരുന്നു.
ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ തുന്പിക്കൈകൊണ്ട് എറിഞ്ഞശേഷം ഓടിയെത്തി ചവിട്ടിവീഴ്ത്തി. സെബാസ്റ്റ്യൻ തത്ക്ഷണം മരിച്ചു. എല്ലുകൾ ഉൾപ്പെടെ പുറത്തുവന്ന നിലയിലായിരുന്നു. സുഹൃത്തുക്കൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ നടപടികൾക്കുശേഷം സെബാസ്റ്റ്യന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം നടത്തി.
വിഷുത്തലേന്ന് തേൻ ശേഖരിക്കാൻ കാട്ടിലേക്കു പോയ നാലംഗ സംഘത്തിലെ രണ്ടുപേരാണ് 14നു രാത്രി ഏഴോടെ കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഒരാഴ്ചമുന്പ് തേൻ ശേഖരിക്കാൻ പോയവർ മടങ്ങിയെത്തിയശേഷം വീണ്ടും കാടുകയറിയതാണ്.
വാഴച്ചാൽ വഞ്ചിക്കടവിൽ ആദിവാസികൾക്കിടയിൽ കമത്ത് എന്നു പറയുന്ന ഭാഗത്ത് പാറപ്പുറത്തു ടെന്റ് കെട്ടി താമസിക്കുന്പോഴാണു സംഭവം. അംബിക, ഭർത്താവ് രവി, സതീഷ്, ഭാര്യ രമ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. ഭയന്നോടുന്നതിനിടെ ആനയുടെ അടിയേറ്റുവീണ സതീഷിനെ കാട്ടാന ചവിട്ടുകയായിരുന്നു.
ആനയുടെ അടിയേറ്റു വെള്ളത്തിൽ വീണ അംബികയും മരിച്ചു. സതീഷിന്റെ ഭാര്യ രമയും ആനയുടെ തുന്പിക്കൈകൊണ്ടുള്ള അടിയേറ്റു വെള്ളത്തിൽ വീണെങ്കിലും നീന്തി രക്ഷപ്പെട്ടു. രവിയും കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
കാടിനുള്ളിലേക്ക് ഓടിക്കയറിയ ഇരുവരും ഇന്നലെ രാവിലെയാണു പുറത്തുവന്നത്. പരിക്കേറ്റ രവി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേരെ കാണാനില്ലെന്ന് രമയും രവിയും അറിയിച്ചതോടെ വനംവകുപ്പ് തെരച്ചിലിനിറങ്ങി. പാറപ്പുറത്തുനിന്നു സതീഷിന്റെ മൃതദേഹവും പുഴയിൽനിന്ന് അംബികയുടെ മൃതദേഹവും കണ്ടെത്തി.
ആനയുടെ സാന്നിധ്യമുള്ള മേഖലയാണെങ്കിലും തീ കൂട്ടിയാൽ ഇവിടേക്കെത്തിയിരുന്നില്ല. രാത്രി പെയ്ത മഴയിൽ തീയണഞ്ഞത് ഇവർ അറിഞ്ഞിരുന്നില്ല. നീന്തിയെത്തിയ കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ടില്ലെന്നും രമ പറഞ്ഞു. രമയുടെ തോളെല്ലുകൾക്കു പരിക്കുണ്ട്.
സതീഷിന്റെ മരണകാരണം ആനയുടെ ചവിട്ടേറ്റെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.ശ്വാസകോശത്തിൽ വാരിയെല്ലുകൾ തുളച്ചുകയറിയെന്നും ആന്തരിക രക്തസ്രാവമുണ്ടായെന്നും പറയുന്നു. അംബികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
കഴിഞ്ഞവർഷം കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളി മേഖലയിൽ ആദിവാസി വീട്ടമ്മ കൊല്ലപ്പെട്ടിരുന്നു.