അപ്പക്കൂട്ടിലെ അടുപ്പം
Friday, March 21, 2025 1:06 AM IST
ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
"അന്നബലമില്ലെങ്കിൽ പ്രാണബലമുണ്ടോ?’ അതെ, അപ്പം മനുഷ്യജീവിതത്തോട് അത്രയേറെ പറ്റിച്ചേർന്നു നിൽക്കുന്ന ഒന്നാണ്. ഈശോ പറയുന്നു "ഞാനാണ് ജീവന്റെ അപ്പം' (യോഹ 6:35). അപ്പമായിത്തീരാൻ അവൻ നടന്ന വഴികളും പറഞ്ഞ മൊഴികളും ധ്യാനിക്കുന്ന ദിവസങ്ങളാണിത്. നോന്പ് അപ്പമായിത്തീരാനുള്ള നിയോഗമാണ്.
അപ്പത്തിന്റെ നാട്ടിൽ പിറന്നു (ബത്ലഹേം). അപ്പം ഇല്ലാത്തവരെ തിരിച്ചറിഞ്ഞു. അപ്പം വർധിപ്പിച്ചു വിശപ്പാറ്റി. അപ്പം മുറിച്ച് ഐക്യത്തിന്റെ ജീവിതരേഖ നൽകി. തനിക്കുവേണ്ടി കല്ലുകൾ അപ്പമാക്കാത്തവൻ അപ്പത്തിലേക്കു സ്വയം ചെറുതായി. അപ്പമായി കുരിശിൽ ആത്മാർപ്പണം ചെയ്തു. അപ്പത്തിന്റെ അപ്പനെ വിളിച്ചപേക്ഷിക്കാൻ പ്രാർഥനകളും നൽകി. ഇതാണ് ദിവ്യകാരുണ്യത്തിന്റെ അപ്പക്കൂട്ട്. വിശ്വാസത്തിന്റെയും സഭാ ജീവിതത്തിന്റെയുമൊക്കെ നേരും വേരും ഈ അപ്പത്തിൽതന്നെ.
അപ്പമായി രൂപപ്പെടാനുള്ള വഴിയിൽ ദിവ്യകാരുണ്യ രഹസ്യങ്ങൾ മുഴുവൻ അടങ്ങിയിട്ടുണ്ട്. ഗോതന്പുമണി നിലത്തു വീണ് അഴിയണമെന്നും അതു തനിയെ ഇരുന്നാൽ ജീവൻ പുറപ്പെടുവിക്കുകയില്ലെന്നും ഈശോ ചൂണ്ടിക്കാട്ടി. ഒരു ധാന്യമണി അപ്പത്തിലേക്കു രൂപപ്പെടുന്പോൾ അഴിയലിന്റെയും അർപ്പണത്തിന്റെയും പുതുജീവന്റെയും സഹനങ്ങളുടെയും വെയിലും മഴയുമൊക്കെ കടന്നുതന്നെയാണ് ജീവന്റെ ശാശ്വതമുകുളമായി നിലകൊള്ളുന്നുതെന്ന ഓർമപ്പെടുത്തൽ അപ്പത്തിൽ എത്ര ഭംഗിയായാണ് ദൈവം സന്നിവേശിപ്പിച്ചിരിക്കുന്നത്.
അപ്പത്തിനുവേണ്ടിയുള്ള ആയോധനമെന്നു മനുഷ്യജീവിതത്തെ നിർവചിക്കാം. അപ്പമാകാനും അപ്പമേകാനുമല്ലെങ്കിൽ പിന്നെന്തു ക്രൈസ്തവജീവിതം? വിശപ്പിന്റെ നോവിൽ വിളിച്ചുകരഞ്ഞ ഇസ്രയേൽ ജനം അവരുടെ കൂടാരവാതിൽക്കൽ കണ്ടെത്തിയ മന്നയാണ് ഇന്നു സഭ അനുദിന കുർബാനയിൽ കണ്ടുമുട്ടുന്നതും ഉണ്ടു തൃപ്തരാകുന്നതും. അപ്പത്തിന്റെ വെണ്മയും പൊടിഞ്ഞുചേരാനുള്ള പ്രാപ്തിയും അലിഞ്ഞൊന്നാകാനുള്ള ലാളിത്യവും വിശപ്പാറ്റി പോഷിപ്പിക്കാനുള്ള ശേഷിയുമല്ലേ അന്നും ഇന്നും എക്കാലവും അനിവാര്യമായിരിക്കുന്നത്?
വിശപ്പുകൾ പലത്
വിശപ്പുകൾ പലതാണ് ഇന്ന്. ആന്തരികവും ബാഹ്യവുമായ ശമിക്കാത്ത വിശപ്പുകൾകൊണ്ട് വ്യക്തികൾ വീർപ്പുമുട്ടുന്നു. ലോകത്തിന്റെ വിശപ്പ് ശമിപ്പിക്കാൻ മറുവഴി തേടുന്നവരൊക്കെ നിരാശയിലും നിത്യദുഃഖത്തിലുമൊക്കെ വീണടിയുന്നത് പതിവുകാഴ്ചകൾ.അവിടെയൊക്കെ അനശ്വരതയുടെ അപ്പത്തെ അറിയാനുള്ള ജീവിതസമർപ്പണം കൂടിയേ തീരൂ. ആ നിയോഗം സ്വീകരിച്ചുകൊണ്ടാവണം ഇന്നത്തെ ക്രൈസ്തവജീവിതസാക്ഷ്യം.
വിരുന്നുമേശകൾ വേർതിരിവിന്റെയും ആധിപത്യ പ്രവണതകളുടെയും ആത്മാർഥതക്കുറവിന്റെയും അവനവൻവിചാരത്തിന്റെയും ഇടങ്ങളായി മാറിയപ്പോൾ ആദിമസഭയ്ക്കു പൗലോസ് ശ്ലീഹാ നൽകിയ താക്കീത് ഇന്നും പ്രസക്തമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും നിറവേറ്റാനുള്ള വിരുന്നായി ദിവ്യകാരുണ്യത്തെ മാറ്റരുത്! അതു യഥാർഥ സ്നേഹത്തിന്റെയും പാദക്ഷാളനത്തിന്റെയും പ്രാണദാനത്തിന്റെയും ശ്രേഷ്ഠവിരുന്നാണ്.
ഒരുമിച്ചിരിക്കാനും പങ്കിടാനും വേർതിരിവ് ഒഴിവാക്കാനും ഒട്ടിയ വയറിന്റെ ചൊട്ടലിൽ ചേരാനും അപ്പമായി മാറിയവൻ നമുക്കു മാതൃക നൽകി. ക്ലേശകരമായ ജീവിതയാത്രയിൽ എടുത്തു ഭക്ഷിക്കുക; യാത്ര സുഗമമാക്കുക എന്നൊരു അപ്പവിചാരം അവൻ നൽകുന്നുണ്ട്.
"അപ്പമായിത്തീരാനും അലിവുള്ളോരാകാനും തിരുസഭ നമ്മെ ക്ഷണിച്ചിടുന്നു.’