കോളജ് ഹോസ്റ്റലിൽ കഞ്ചാവ് കച്ചവടം; മൂന്ന് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
Saturday, March 15, 2025 1:49 AM IST
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് ഉപയോഗത്തിനും വിപണനത്തിനുമായി എത്തിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു കേസുകളിലായി മൂന്ന് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.
കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തൂപ്പുഴ വില്ലുമല സ്വദേശി എം. ആകാശ് (21), ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി സ്വദേശി ആദിത്യന് (20), കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി കരുനാഗപ്പള്ളി തടിയൂര്‍ നോര്‍ത്ത് സ്വദേശി ആര്. അഭിരാജ് (21) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. പരിശോധനയ്ക്കിടെ രണ്ടു വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടു.

ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചിരുന്നവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വൈകാതെ അറസ്റ്റ് ചെയ്യും. 9.70 ഗ്രാം കഞ്ചാവ് കൈവശംവച്ച കേസില്‍ അറസ്റ്റിലായ ആദിത്യന്, അഭിരാജ് എന്നിവരെ ഇന്നലെ പുലര്‍ച്ചയോടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. 1.909 ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ പിടിയിലായ ആകാശിനെ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരി എത്തിച്ചത് ഹോളി ആഘോഷിക്കാൻ; ഇലക്ട്രോണിക് ത്രാസും പിടികൂടി

ഹോളി ആഘോഷങ്ങള്‍ക്കായി കോളജില്‍ ലഹരി എത്തിച്ചിട്ടുണ്ടെന്ന ഇന്റലിജന്റ്സ് വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസിന്റെയും നാര്‍കോട്ടിക് സെല്ലിന്റെയും സംയുക്ത പരിശോധന. ഒരു മാസത്തോളം നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ നടത്തിയ പരിശോധന പഴുതുകളില്ലാതെയാണ് പോലീസ് പൂര്‍ത്തിയാക്കിയത്.
കഞ്ചാവ് ചില്ലറവില്പനയ്ക്കായി തൂക്കി പായ്ക്ക് ചെയ്യാനുളള ഇലക്ട്രോണിക് ത്രാസ്, പായ്ക്കറ്റുകള്‍, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങള്‍, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു.
ഹോസ്റ്റലിന്റെ താഴത്തെ നിലയില്‍ ആദിത്യനും അഭിരാജിനും താമസിക്കുന്ന എഫ് 39 മുറിയാണ് പോലീസ് ആദ്യം പരിശോധിച്ചത്. ഇവിടെനിന്നു പൊതിയില്‍ സൂക്ഷിച്ച 9.70 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് മുകളിലത്തെ നിലയില്‍ ആകാശ് താമസിക്കുന്ന ജി 11 മുറിയിലെത്തിയ സംഘം ഇവിടെനിന്ന് പായ്ക്കറ്റുകളിലാക്കിയ 1.909 കഞ്ചാവ് അലമാരയില്‍നിന്നു പിടിച്ചെടുത്തു.
സംഭവസമയത്ത് കോളജ് പ്രന്‍സിപ്പല്‍ ഡോ. ഐജു തോമസ് അടക്കം സ്ഥലത്തെത്തിയിരുന്നു.പരിശോധനയുടെ ആദ്യാവസാനമുള്ള ദൃശ്യങ്ങള്‍ പോലീസ് റിക്കാര്‍ഡ് ചെയ്തിരുന്നു.
കഞ്ചാവ് കേസില്‍ അറസ്റ്റിലായതിനു പിന്നാലെ കളമശേരി ഗവ. പോളിടെക്നിക് കോളജിലെ മൂന്ന് വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വകുപ്പ് മേധാവി ഇ. വിനോദ് കണ്‍വീനറായ മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. സസ്പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് അവസാനവര്‍ഷ പരീക്ഷയെഴുതുന്നതിന് അവസരം നല്കുമെന്നു പ്രിന്‍സിപ്പല്‍ ഡോ. ഐജു തോമസ് പറഞ്ഞു.
കോളജ് യൂണിയന് ഭാരവാഹി കേസില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടില്ല. യൂണിയന് ഭാരവാഹികളാണ് ലഹരി ഉപയോഗത്തെക്കുറിച്ചു ബന്ധപ്പെട്ടവര്‍ക്കു വിവരം നല്‍കിയതെന്നാണ് എനിക്കു ലഭിച്ച റിപ്പോര്‍ട്ട്. സമഗ്ര അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- ആര്. ബിന്ദു (ഉന്നതവിദ്യാഭ്യാസ മന്ത്രി)
യൂണിയൻ ജനറൽ സെക്രട്ടറിയുടെ ഹോസ്റ്റൽ മുറിയിൽനിന്നാണു കഞ്ചാവു പിടികൂടിയത്. ഏതു വൈദ്യപരിശോധനയ്ക്കും തയാറാണെന്നു വിദ്യാർഥിയും അതയാൾ ഉപയോഗിക്കുന്നതല്ലെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും മുറിയിൽനിന്നു കഞ്ചാവു കണ്ടെടുത്തത് എസ്എഫ്ഐക്ക് അംഗീകരിക്കാനാകില്ല. അദ്ദേഹത്തിന്റെ ഭാഗംകൂടി പരിശോധിച്ചശേഷം എസ്എഫ്ഐ പ്രവർത്തകനെതിരേ നടപടി സ്വീകരിക്കും.
-പി.എസ്. സഞ്ജീവ് (എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി)