എ​ൽ​ഡി​എ​ഫി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ വീ​ണ്ടും തെ​റ്റി​ച്ച് ക​ല്യാ​ശേ​രി
Wednesday, June 12, 2024 1:14 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

ക​ല്യാ​ശേ​രി: 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫി​നേ​റ്റ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി സി​പി​എ​മ്മും മു​ന്ന​ണി​യും വി​ല​യി​രു​ത്തി​യ​ത് പാ​ർ​ട്ടി ശ​ക്തി​കേ​ന്ദ്ര​മാ​യ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ലു​ണ്ടാ​യ വോ​ട്ടു​ചോ​ർ​ച്ച​യാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​ല്പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ന്ന ക​ല്യാ​ശേ​രി​യി​ൽ ക​ഴി​ഞ്ഞ​ത​വ​ണ കെ.​പി. സ​തീ​ഷ് ച​ന്ദ്ര​ന് 13694 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ൽ, അ​തി​നു​ശേ​ഷം ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ക​ല്യാ​ശേ​രി​യി​ലെ പാ​ർ​ട്ടി കോ​ട്ട​ക​ൾ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​വി​ജി​ൻ 44393 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യി​ച്ച​ത്. ഇ​തേ വോ​ട്ടു​വ്യ​ത്യാ​സം ഇ​ത്ത​വ​ണ​യും നി​ല​നി​ർ​ത്താ​നാ​യാ​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഉ​ണ്ണി​ത്താ​ന്‍റെ ഭൂ​രി​പ​ക്ഷം നി​ഷ്പ്ര​യാ​സം മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​യി​രു​ന്നു പാ​ർ​ട്ടി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. പാ​ർ​ട്ടി കോ​ട്ട​ക​ൾ ക​ഴി​ഞ്ഞ​ത​വ​ണ സം​ഭ​വി​ച്ച തെ​റ്റ് തി​രു​ത്തു​മെ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ ക​ല്യാ​ശേ​രി​യി​ലും പ​യ്യ​ന്നൂ​രി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, ഫ​ലം വ​ന്ന​പ്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​തും പോ​യ അ​വ​സ്ഥ​യി​ലാ​ണ് എ​ൽ​ഡി​എ​ഫ്. 1058 വോ​ട്ടി​ന്‍റെ നാ​മ​മാ​ത്ര​മാ​യ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് ക​ല്യാ​ശേ​രി മ​ണ്ഡ​ലം എം.​വി. ബാ​ല​കൃ​ഷ്ണ​ന് ന​ല്കി​യ​ത്. എം.​വി. ബാ​ല​കൃ​ഷ്ണ​ൻ 65405 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ 64347 വോ​ട്ടു​ക​ളും നേ​ടി. ക​ഴി​ഞ്ഞ​ത​വ​ണ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി 73542 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 59848 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യി​രു​ന്ന​ത്. എ​ൽ​ഡി​എ​ഫി​ന് 8137 വോ​ട്ടു​ക​ൾ കു​റ​ഞ്ഞ​പ്പോ​ൾ ഉ​ണ്ണി​ത്താ​ന് 4499 വോ​ട്ട് കൂ​ടി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​വി​ജി​ൻ 88252 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ഷ് കു​മാ​ർ 43859 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യി​രു​ന്ന​ത്. ബ്രി​ജേ​ഷ് നേ​ടി​യ വോ​ട്ടു​ക​ളേ​ക്കാ​ൾ വ​ലി​യ ഭൂ​രി​പ​ക്ഷ​മാ​ണ് വി​ജി​ൻ നേ​ടി​യ​ത്. 44393 വോ​ട്ടു​ക​ളു​ടെ ആ ​വ​മ്പ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ നി​ന്നാ​ണ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് കേ​വ​ലം 1058 ലേ​ക്ക് കൂ​പ്പു​കു​ത്തി​യ​ത്.
ക​ഴി​ഞ്ഞ​ത​വ​ണ 9854 വോ​ട്ടു​ക​ൾ നേ​ടി​യ ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ 17688 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​നേ​ക്കാ​ൾ 7834 വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന. എ​ൽ​ഡി​എ​ഫി​ന് ന​ഷ്ട​മാ​യ വോ​ട്ടു​ക​ൾ യു​ഡി​എ​ഫി​നേ​ക്കാ​ളേ​റെ ബി​ജെ​പി​യി​ലേ​ക്ക​ണ് പോ​യ​തെ​ന്ന് ചു​രു​ക്കം. ഉ​റ​ച്ച സി​പി​എം കോ​ട്ട​ക​ളി​ൽ പ​ല​തി​ലും ഇ​ത്ത​വ​ണ ബി​ജെ​പി വോ​ട്ടു​ക​ൾ മൂ​ന്ന​ക്ക​ത്തി​ലെ​ത്തി. മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​സ്‌​ലിം കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന വോ​ട്ടു​ക​ൾ സ്വ​ന്ത​മാ​ക്കി ബി​ജെ​പി സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

മ​റ്റു പാ​ർ​ട്ടി​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​ന​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സി​പി​എം പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളു​ള്ള പ​ട്ടു​വം പ​ഞ്ചാ​യ​ത്തി​ൽ ഇ​താ​ദ്യ​മാ​യി യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​ന്നി​ലെ​ത്തി​യ​ത് സി​പി​എ​മ്മി​ന് ക​ന​ത്ത ആ​ഘാ​ത​മാ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ 4558 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​വി. ബാ​ല​കൃ​ഷ്ണ​ൻ 4140 വോ​ട്ടു​ക​ളും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എം.​എ​ൽ. അ​ശ്വി​നി 1227 വോ​ട്ടു​ക​ളു​മാ​ണ് പ​ട്ടു​വ​ത്തു​നി​ന്നും നേ​ടി​യ​ത്. ഉ​ണ്ണി​ത്താ​ന് 418 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ ഷു​ക്കൂ​ർ കൊ​ല​ചെ​യ്യ​പ്പെ​ട്ട അ​രി​യി​ൽ ഭാ​ഗ​ത്തു​ള്ള ആ​റു ബൂ​ത്തു​ക​ളി​ൽ നി​ന്നാ​യി യു​ഡി​എ​ഫ് 215 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

മ​റ്റൊ​രു ശ​ക്തി​കേ​ന്ദ്ര​മാ​യ കു​ഞ്ഞി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 950 വോ​ട്ടി​ലൊ​തു​ങ്ങി. ബാ​ല​കൃ​ഷ്ണ​ൻ 6050 വോ​ട്ടു​ക​ളും ഉ​ണ്ണി​ത്താ​ൻ 5100 വോ​ട്ടു​ക​ളും അ​ശ്വി​നി 1850 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. ഏ​ഴോം പ​ഞ്ചാ​യ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ 7008 വോ​ട്ടു​ക​ളും ഉ​ണ്ണി​ത്താ​ൻ 4939 വോ​ട്ടു​ക​ളും അ​ശ്വി​നി 1044 വോ​ട്ടു​ക​ളും നേ​ടി. എ​ൽ​ഡി​എി​ന് 2069 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം. ചെ​റു​കു​ന്ന് പ​ഞ്ചാ​യ​ത്തി​ൽ എ​ൽ​ഡി​എ​ഫ് 4606 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 4009 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 1068 വോ​ട്ടു​ക​ളും നേ​ടി.

എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 597 വോ​ട്ട്. ഈ ​മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​മാ​ത്രം പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​ണ്. ക​ട​ന്ന​പ്പ​ള്ളി-​പാ​ണ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലും എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് 7576 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് ‌5642 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 1908 വോ​ട്ടു​ക​ളു​മാ​ണ് നേ​ടി​യ​ത്. എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 1934 വോ​ട്ടു​ക​ൾ മാ​ത്രം.

ചെ​റു​താ​ഴം, ക​ണ്ണ​പു​രം, ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ മാ​ത്ര​മാ​ണ് എ​ൽ​ഡി​എ​ഫി​ന് മു​ൻ​കാ​ല​ങ്ങ​ളി​ലേ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ​തെ​ങ്കി​ലും മാ​ന്യ​മാ​യ ഭൂ​രി​പ​ക്ഷം ന​ല്കി​യ​ത്. ചെ​റു​താ​ഴ​ത്ത് എ​ൽ​ഡി​എ​ഫ് 10882 വോ​ട്ടു​ക​ളും യു​ഡി​എ​ഫ് 6322 വോ​ട്ടു​ക​ളും എ​ൻ​ഡി​എ 2805 വോ​ട്ടു​ക​ളും നേ​ടി. ഭൂ​രി​പ​ക്ഷം 4560. ക​ണ്ണ​പു​ര​ത്ത് എ​ൽ​ഡി​എ​ഫ് 6884, യു​ഡി​എ​ഫ് 2567, എ​ൻ​ഡി​എ 2106. ഭൂ​രി​പ​ക്ഷം 4317. ക​ല്യാ​ശേ​രി​യി​ൽ എ​ൽ​ഡി​എ​ഫ് 10913, യു​ഡി​എ​ഫ് 6333, എ​ൻ​ഡി​എ 3427, ഭൂ​രി​പ​ക്ഷം 4580.

മ​റു​വ​ശ​ത്ത് തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ടാ​യി, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ്മി​ക​ച്ച ഭൂ​രി​പ​ക്ഷം നേ​ടി​യെ​ടു​ത്തു. മാ​ടാ​യി​യി​ൽ ഉ​ണ്ണി​ത്താ​ൻ 13335 വോ​ട്ട​ക​ളും ബാ​ല​കൃ​ഷ്ണ​ൻ 4255 വോ​ട്ടു​ക​ളും അ​ശ്വി​നി 1565 വോ​ട്ടു​ക​ളും നേ​ടി. യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം 9080. മാ​ട്ടൂ​ലി​ൽ യു​ഡി​എ​ഫ് 11542, എ​ൽ​ഡി​എ​ഫ് 3091, എ​ൻ​ഡി​എ 688. ഭൂ​രി​പ​ക്ഷം 8451.
ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള പി.​പി. ദി​വ്യ​യേ​യും ടി.​വി. രാ​ജേ​ഷി​നെ​യും ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി നേ​ര​ത്തേ പ​രി​ഗ​ണി​ച്ചി​രു​ന്നു. ഇ​വ​രി​ലാ​രെ​ങ്കി​ലു​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​ക​ളെ​ങ്കി​ൽ ക​ല്യാ​ശേ​രി​യി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ളി​ൽ ഇ​ത്ര​യും ഇ​ടി​വ് സം​ഭ​വി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ പ​റ​യു​ന്നു. മ​ണ്ഡ​ല​ത്തി​ൽ പ​രി​ചി​ത​ന​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി​യെ അ​ടി​ച്ചേ​ല്പ്പി​ച്ചു​വെ​ന്ന വി​കാ​രം​മൂ​ലം പ​ല​യി​ട​ങ്ങ​ളി​ലും പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ നി​ർ​ജീ​വ​മാ​യ​താ​ണ് മ​റ്റു ഘ​ട​ക​ങ്ങ​ൾ​ക്കൊ​പ്പം എ​ൽ​ഡി​എ​ഫി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ആ​ക്കം​കൂ​ട്ടി​യ​തെ​ന്നാ​ണ് സൂ​ച​ന.