ആഗോളതാപനമാണ് അതിതീവ്രമഴയ്ക്കും ഉരുൾപൊട്ടലിനും കാരണമെങ്കിൽ ആരാണ് ഉത്തരവാദി? ചില റിപ്പോർട്ടുകൾ പറപ്പിച്ചുവിട്ട് ഇരകളെ പ്രതിക്കൂട്ടിൽ കയറ്റുന്ന സാമൂഹികവിരുദ്ധരെ പ്രകൃതിസ്നേഹികളെന്നു വിളിക്കരുത്.
ശ്രദ്ധിച്ചിട്ടുണ്ടോ; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വന്യജീവി ആക്രമണങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് എപ്പോഴും മലയോരവാസികൾക്കാണ്. ആ നിലവിളി അടങ്ങുംമുന്പ്, ഇരകളായ ആ മനുഷ്യരെത്തന്നെ പ്രതികളാക്കി, പ്രകൃതിസംരക്ഷകവേഷം കെട്ടുന്നവർ അതഴിച്ചുവയ്ക്കണം.
അല്ലെങ്കിൽ, ഒരിക്കൽ കാടായിരുന്ന ഇപ്പോഴത്തെ നഗരങ്ങളിലെ നിങ്ങളുടെ വീടുകൾ ഇടിച്ചുനിരത്തി വനവത്കരണം നടത്തിക്കൊള്ളണം. ആഗോളതാപനത്തിന്റെ പുകക്കുഴലുകളായ എസി നിങ്ങളുടെ വീടുകളിലോ സ്ഥാപനങ്ങളിലോ കാറുകളിലോ കണ്ടുപോകരുത്.
കരിങ്കല്ലും മെറ്റലും സിമന്റും മണലും തടിയുമൊന്നുമുപയോഗിച്ച് ഇനിയൊരു വീടും കെട്ടിടവും പണിയരുത്. കരിങ്കല്ല് പൊട്ടിച്ച് ഇനിയൊരു റോഡും നിർമിക്കുകയോ പുതുക്കുകയോ ചെയ്യരുത്. മലന്പ്രദേശങ്ങളിൽ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്ന അണക്കെട്ടുകളിൽനിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മേലാൽ ഉപയോഗിക്കില്ലെന്നു പ്രതിജ്ഞയെടുക്കണം.
അല്ലാതെ ആഗോളതാപനത്തിനു ശമനമുണ്ടാകില്ല. ഭൂമിക്കു തീയിട്ടവരുടെ പരിസ്ഥിതി നാടകത്തെക്കുറിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും കോടതികൾക്കും ഉൾപ്പെടെ ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്.
അതിതീവ്രമഴയാണ് ഉരുൾപൊട്ടലിനു കാരണമെന്ന് വിദഗ്ധർ തെളിയിച്ചിട്ടുണ്ട്. പക്ഷേ, പശ്ചിമഘട്ട സംരക്ഷണത്തെ അതുമായി കൂട്ടിക്കെട്ടുന്നതാണ് സംശയകരം. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റേതെന്നു പറയുന്ന പ്രസ്താവനയാണ് കൂടുതലും മലയോരങ്ങളെ ലക്ഷ്യമാക്കി സമൂഹമാധ്യമങ്ങളിലുൾപ്പെടെ ചുഴറ്റിയെറിയുന്നത്. ‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.
ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിനു യുഗങ്ങൾ വേണ്ട. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും.’’ ഓരോ പ്രകൃതിക്ഷോഭവും സംഭവിക്കുന്പോൾ ഇതു പൊക്കിക്കൊണ്ടുവരും. 2013ലാണ് ഗാഡ്ഗിൽ ഇതു പറഞ്ഞത്. അതിനു മുന്പ് നൂറ്റാണ്ടുകളായി കേരളത്തിലുണ്ടായിട്ടുള്ള പ്രളയങ്ങളും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുമൊക്കെ എന്തുകൊണ്ടായിരിക്കും?
പതിനായിരക്കണക്കിനു വർഷങ്ങളായി ഭൂമിയിൽ ഇതു സംഭവിക്കുന്നുണ്ട്. 1803 മുതൽ ഇന്ത്യയിലുണ്ടായ ഉരുൾപൊട്ടലുകളുടെയും മണ്ണിടിച്ചിലുകളുടെയും വിശദമായ പട്ടിക ഓണ്ലൈനിൽപോലും ലഭ്യമാണ്. ഇത് പൂർണമായും ഇല്ലാതാക്കാനാവില്ല.
പക്ഷേ, ശാസ്ത്രീയമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വേണം. പ്രശ്നം അതല്ല; വയനാട്ടിലേതുൾപ്പെടെ മിക്ക ഉരുൾപൊട്ടലുകളുടെയും കാരണം അതിതീവ്രമഴയാണെന്നു വ്യക്തമാക്കുന്നത് ശാസ്ത്രലോകം തന്നെയാണ്. 24 മണിക്കൂറിനുള്ളിൽ 215 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്താൽ ഉരുൾപൊട്ടലിനു സാധ്യതയുണ്ട്.
ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് വയനാട്ടിലെ മുത്തുമലയിൽ ഉരുൾപൊട്ടലിന്റെ 24 മണിക്കൂറിൽ പെയ്തത് 372 മില്ലിമീറ്റർ മഴയാണ്. 48 മണിക്കൂറിനുള്ളിൽ 572 മില്ലിമീറ്റർ മഴയും. അതിതീവ്രമഴയ്ക്കു കാരണം ആഗോളതാപനമാണെന്നും ശാസ്ത്രം പറയുന്നു.
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള 2013ലെ ഗാഡ്ഗിൽ റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമുള്ള 11 വർഷത്തിനിടെ ആഗോളതാപനം ഗണ്യമായി വർധിച്ചു. അതു കാലാവസ്ഥയിൽ പ്രതിഫലിച്ചു.
അന്തരീക്ഷത്തിൽ കാർബണ് ഡയോക്സൈഡിന്റെ അളവ് വർധിക്കുന്നതാണ് ആഗോളതാപനത്തിനു കാരണം. നമ്മളുപയോഗിക്കുന്ന കൽക്കരി, പെട്രോൾ, ഡീസൽ, എയർകണ്ടീഷണറുകൾ, ഇലക്ട്രിക് ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് തുടങ്ങിയവ മാത്രമല്ല കന്നുകാലിവളർത്തൽപോലും കാർബണ് ഡയോക്സൈഡിന്റെ അളവ് വർധിപ്പിക്കുകയാണ്.
അക്കാര്യത്തിൽ സമതലങ്ങളിൽ വസിക്കുന്നവരുടെയത്ര പങ്കുപോലും പശ്ചിമഘട്ടങ്ങളിൽ വസിക്കുന്നവർക്കില്ല. കാരണം, ആഗോളതാപനത്തെ തടയുന്ന വൃക്ഷങ്ങളും സസ്യങ്ങളും ഏറ്റവുമധികം നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും മലയോരങ്ങളിലെ കർഷകരാണ്.
പക്ഷേ, അവരെ പ്രതിയാക്കുന്ന നാടകമാണു നടക്കുന്നത്. ഇതിനു തിരശീല വീഴണം. യുദ്ധത്തിന്റെ ക്ഷാമകാലത്ത് മലബാറിലേക്കും ഇടുക്കിയിലേക്കും ഭക്ഷ്യോത്പാദനത്തിനുവേണ്ടി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതു സർക്കാരാണ്. 1940ലെ കുത്തകപ്പാട്ട വിളംബരം, 1947ലെ ഗ്രോ മോർ ഫുഡ് പദ്ധതി, 1954ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം തുടങ്ങിയവയിലൊക്കെ അതിന്റെ ചരിത്രമുണ്ട്.
ആദ്യകാല കുടിയേറ്റക്കാരിലേറെയും സാംക്രമിക രോഗങ്ങളാലും വന്യജീവി ആക്രമണങ്ങളിലും മരിക്കുകയും ചെയ്തു. അവരുടെ അനന്തര തലമുറകളെ ഉൾപ്പെടെ കുടിയിറക്കണമെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് പകരം ഭൂമിയും, കെട്ടിടങ്ങളുടെയും കൃഷിയുടെയുമൊക്കെ നഷ്ടപരിഹാരവും കൊടുത്താൽ മതി.
ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല. ആഗോളതാപനം കുറയ്ക്കണമെങ്കിൽ നമ്മുടെ നഗരകേന്ദ്രീകൃത സുഖജീവിതം അപ്പാടെ ത്യജിക്കുകയേ നിവൃത്തിയുള്ളൂ.
പശ്ചിമഘട്ടത്തിലെ പാറമടകൾ വേണ്ടെന്നു ശഠിക്കുന്നവർ തങ്ങളുടെ വീടു പണിതതിൽ എത്ര കരിങ്കല്ലും മെറ്റലും ഉപയോഗിച്ചെന്നു പറയില്ല. ഇടുക്കിയിലും മലബാറിലും കെട്ടിടങ്ങൾ പണിയരുതെന്നു പറയുന്നവർ വിഴിഞ്ഞത്തേക്ക് അദാനിയെത്തിച്ച ലക്ഷക്കണക്കിനു ടണ് കരിങ്കല്ല് എവിടെനിന്നാണെന്നു ചോദിക്കില്ല.
പാറ പൊട്ടിക്കരുത്; പക്ഷേ, സ്വന്തം വീടിനു മുന്നിലൂടെയുള്ള റോഡ് നിർമാണം വൈകരുത്. നിയമം ലംഘിച്ചു കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലിരുന്ന് പരിസ്ഥിതിനാശത്തെക്കുറിച്ച് എഴുതാനും ചിലർക്കു മടിയില്ല.
കുറച്ചുകൂടി സത്യസന്ധരായാലേ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. കേരളത്തിന്റെ 4.71 ശതമാനം പ്രദേശം (1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയിലാണ്. അതിൽ പ്രധാനം വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, ജില്ലകളാണ്.
ആഗോളതാപനത്തിന്റെ ഇരകളായ ആ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ, അതിതീവ്രമഴയുടെ കാലത്ത് മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കണം. പാറമടകളുടെയും നിർമാണപ്രവർത്തനങ്ങളുടെയും കാര്യത്തിലുൾപ്പെടെ ശാസ്ത്രീയ നിയന്ത്രണങ്ങൾ വേണം.
അനധികൃത പാറമടകളുണ്ടെങ്കിൽ ഉടമകളെ മാത്രമല്ല അതനുവദിച്ച ഉദ്യോഗസ്ഥരെയും അകത്തിടണം. പ്രദേശത്തെ മനുഷ്യരെ വിശ്വാസത്തിലെടുക്കാതെയും പരാതികൾ പരിഹരിക്കാതെയും അടിച്ചേൽപ്പിക്കാൻ നടത്തിയ നീക്കങ്ങളാണ് പല പരിസ്ഥിതി റിപ്പോർട്ടുകളെയും സംശയ നിഴലിലാക്കിയത്.
ഒരുപറ്റം മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ വകതിരിവില്ലാതെ നടത്തുന്ന കടന്നുകയറ്റമല്ല പരിസ്ഥിതിസംരക്ഷണം. കേരളത്തിലെ കുടിയേറ്റക്കാരുടെ കപ്പക്കാല മുതൽ ഗുജറാത്ത് വരെയുള്ള പശ്ചിമഘട്ടത്തിൽ കോടിക്കണക്കിനു മനുഷ്യർ തലമുറകളായി ജീവിക്കുന്നുണ്ട്.
ഭൂമിയെ തീക്കുണ്ഠമാക്കി പെരുമഴയ്ക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും വഴിതെളിച്ച നഗരവാസികൾ കുറച്ചുകൂടി മാന്യത കാണിക്കണം; സർക്കാരായാലും നിയമജ്ഞരായാലും പരിസ്ഥിതിക്കാരായാലും.