അർജുനെ കാണാതായ ഷിരൂരിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്പോൾ, സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ശിക്ഷാപ്രവർത്തനം നടത്തുന്ന കാഴ്ച അസഹനീയമായിരിക്കുന്നു.
കാണാതായൊരു സഹോദരനുവേണ്ടി ഗംഗാവലി പുഴയിൽ രക്ഷാപ്രവർത്തനം നടക്കുന്പോൾ സമൂഹമാധ്യമങ്ങളുടെ ഓരത്തിരുന്നു വിഴുപ്പലക്കുന്നവർ നാടിന് അപമാനമായിരിക്കുന്നു. ഉത്തരകന്നഡയിലെ ഷിരൂരിൽ അർജുൻ എന്ന മലയാളി യുവാവിനെ കാണാതായത് കഴിഞ്ഞ പതിനാറിനാണ്.
കരയെല്ലാം അരിച്ചുപെറുക്കിയശേഷം ഇപ്പോൾ ആപത്കരമായ അടിയൊഴുക്കുള്ള ഗംഗാവലി പുഴയിലാണ് തെരച്ചിൽ. സാധ്യമായ സംവിധാനങ്ങളൊക്കെ ഉപയോഗിച്ച് സൈന്യവും അഗ്നിശമനസേനയും പോലീസുമൊക്കെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കുന്പോൾ മറുവശത്ത് സമൂഹമാധ്യമങ്ങളിലും ചില ഓൺലൈൻ ചാനലുകളിലും ശിക്ഷാപ്രവർത്തനമാണു നടക്കുന്നത്.
ഇത്ര ദിവസമായിട്ടും എന്തുകൊണ്ട് ആളെ കിട്ടിയില്ല എന്നതിന്റെ പഴി മറ്റുള്ളവരിലേക്കു ചാർത്താൻ അഴിഞ്ഞാടുന്ന കാഴ്ച ഒട്ടും ആശാസ്യമല്ല. 12 ദിവസമായി തോരാത്ത കണ്ണീരോടെ അർജുനെ കാത്തിരിക്കുന്ന കുടുംബത്തിനെതിരേ പോലും സൈബർ ആക്രമണം നടത്തുന്നുണ്ടെങ്കിൽ ഉചിതമായ നടപടിയുണ്ടാകണം.
അസാധാരണമായൊരു സാഹചര്യമാണ് അർജുന്റെ കാര്യത്തിൽ ഉണ്ടായത്. പഠിക്കാനേറെ പാഠങ്ങളും അതിലുണ്ട്. രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാൻ രണ്ടുദിവസത്തിലേറെ വൈകിയതു മുതൽ വിവാദം ഉയർന്നിരുന്നു. അർജുൻ ഓടിച്ചിരുന്ന ലോറി മണ്ണിനടിയിലാണോ പുഴയിലാണോ എന്ന സംശയവുമുണ്ടായി.
രക്ഷാപ്രവർത്തകന്റെ വേഷം കെട്ടി എത്തിയവർ, ലോറി കരയിലാണെന്നു പറഞ്ഞ് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ചു എന്നതുൾപ്പെടെ പലതും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുകയാണ്. ലോറി ഡ്രൈവർമാരുൾപ്പെടെ നിരവധി പേർ അത്തരമൊരു അഭിപ്രായത്തിലായിരുന്നു.
മാത്രമല്ല, തെരച്ചിൽ നടത്തിയശേഷം, ലോറി പുഴയിൽ വീണിട്ടില്ലെന്ന് ഉത്തരകന്നഡ ജില്ലാ കളക്ടറും കേരളത്തിൽനിന്നുള്ള മന്ത്രിയുമൊക്കെ 19ന് മാധ്യമങ്ങളെ അറിയിച്ചു. 22നാണ് ലോറി കരയിലില്ലെന്നും ഇനി പുതിയ സിഗ്നലിന്റെ അടിസ്ഥാനത്തിൽ പുഴയിൽ തെരച്ചിൽ നടത്തുമെന്നും സൈന്യം അറിയിച്ചത്.
അന്ന്, മലയാളി രക്ഷാപ്രവർത്തകരെയെല്ലാം പോലീസ് സ്ഥലത്തുനിന്നു മാറ്റുകയും ചെയ്തു. ഉള്ളതു പറഞ്ഞാൽ, ഏഴുദിവസത്തോളം എല്ലാവരും ഇരുട്ടിൽ തപ്പുകയായിരുന്നു എന്നു വേണം കരുതാൻ. അത്, ആരുടെയെങ്കിലും ചുമലിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ധൃതിയിലുള്ള വിലയിരുത്തലാകും.
ഷിരൂരിലെ രക്ഷാപ്രവർത്തനത്തിന് ആദ്യദിവസങ്ങളിൽ വേണ്ടത്ര ഏകോപനമുണ്ടായിരുന്നില്ലെന്ന് വിലയിരുത്തലുണ്ട്. പ്രതികൂലമായ കാലാവസ്ഥയായിരുന്നു പ്രധാന കാരണമെന്നാണ് അധികൃതർ നൽകിയിരുന്ന വിശദീകരണം. അതിൽ യാഥാർഥ്യവുമുണ്ട്.
അർജുന്റെ കുടുംബാംഗങ്ങളുടെ വേദന ഏറ്റെടുത്തവർക്കെല്ലാം ഔദ്യോഗിക രക്ഷാപ്രവർത്തനത്തിൽ മെല്ലെപ്പോക്കുണ്ടായി എന്ന പരാതി ഉയർന്നപ്പോഴും വലിയതോതിലുള്ള മലയിടിച്ചിലിന്റെ സാധ്യത അവിടെ നിലനിന്നിരുന്നു എന്ന യാഥാർഥ്യം കാണാതെ പോകരുത്.
പുഴയിലെ ജലനിരപ്പുയർന്നുകൊണ്ടിരുന്നതും രക്ഷാപ്രവർത്തകരെ ആശങ്കയിലാക്കിയിരുന്നു. പോലീസും റവന്യൂ അധികൃതരു അഗ്നിരക്ഷാസേനയും അടങ്ങുന്ന രക്ഷാപ്രവർത്തകർക്കുണ്ടായ ഈ ആശങ്ക അവർ ജനങ്ങളോടു തുറന്നു പറഞ്ഞുമില്ല.
അതിനിടയിൽ വേണ്ടത്ര വൈദഗ്ധ്യമില്ലാത്തവരുടെ അഭിപ്രായങ്ങൾക്ക് അമിത പ്രാധാന്യം കിട്ടുകയും ചെയ്തു. ഷിരൂർ, സർക്കാരിനും മാധ്യമങ്ങൾക്കും ജനങ്ങൾക്കും പാഠമാകണം. മലയോരങ്ങളിലൂടെ ദേശീയപാത നിർമിക്കുന്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്നതടക്കം പലതും പരിശോധിക്കണം.
മാധ്യമ റിപ്പോർട്ടുകൾ, സർക്കാർ നീക്കങ്ങളും രക്ഷാപ്രവർത്തനവും ദ്രുതഗതിയിലാക്കാൻ സഹായിച്ചെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം, മാധ്യമങ്ങൾ കൂടുതൽ സ്വയംനിയന്ത്രണങ്ങൾ പാലിക്കുകയും ആധികാരികമല്ലാത്ത വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു വിട്ടുനിൽക്കുകയും വേണം.
രക്ഷാപ്രവർത്തകരായി എത്തുന്നവർ ഔദ്യോഗിക സംവിധാനങ്ങളെ തള്ളിപ്പറഞ്ഞു നടത്തുന്ന വിടുവായത്തങ്ങൾ റിപ്പോർട്ട് ചെയ്യരുത്. ഷിരൂരിൽ മന്ത്രിയുടെ പ്രസ്താവനയെപ്പോലും രക്ഷാപ്രവർത്തനത്തിനെത്തിയവർ തള്ളിപ്പറഞ്ഞതു വാർത്തയാക്കിയതു നാണക്കേടാണ്.
സമൂഹമാധ്യമങ്ങളിൽ വെറുപ്പും വൈരവും ഊഹാപോഹങ്ങളും പരത്തുന്നവരെ തടയണം. ഷിരൂരിൽ മാത്രമല്ല, ഏതു വിഷയത്തിലും ഒരേ ആളുകൾതന്നെയാണ് ഈവിധം സമൂഹമാധ്യമ മലിനീകരണം നടത്തുന്നത്.
മറ്റൊന്ന്, രക്ഷാപ്രവർത്തനത്തിൽ ലോകോത്തര നിലവാരമുള്ള ആധുനിക ഉപകരണങ്ങളെക്കുറിച്ച് സർക്കാരുകൾ ഇനിയെങ്കിലും ചിന്തിക്കണം എന്നതാണ്. അർജുനെ കാണാതായിട്ട് 12 ദിവസമായെന്നതു യാഥാർഥ്യമാണ്.
ഇന്നലെ ഗംഗാവലി പുഴയിലെ കുത്തൊഴുക്കിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞത്, നമ്മുടെ അർജുനുവേണ്ടി മറ്റൊരാളുടെ ജീവൻ ബലികൊടുക്കാനിടയാകരുത് എന്നാണ്.
കണ്ണീരിന്റെ പുഴക്കരയിൽ നിന്നുകൊണ്ട് അനിശ്ചിതത്വത്തിന്റെ കൊടിയ വേദനയ്ക്കിടയിലും ആ കുടുംബം പ്രകടിപ്പിക്കുന്ന പക്വതയെങ്കിലും കാണിക്കാൻ എല്ലാവർക്കുമുണ്ടു ബാധ്യത.