പ്രതികൾ ലൈവായി കണ്ട രക്ഷാപ്രവർത്തനം
Monday, July 15, 2024 12:00 AM IST
തലസ്ഥാനത്തെ അഴുക്കുചാലിൽ മാലിന്യം വാരുന്നതിനിടെ കാണാതായ ജോയിക്കുവേണ്ടി സാധ്യമായ എല്ലാ രക്ഷാപ്രവർത്തനങ്ങളും നടത്തി. പക്ഷേ, മാലിന്യനിർമാർജനത്തിന്, സാധ്യമായതു പോലും ചെയ്യാതിരുന്നവരുടെ തനിനിറവും അഴുക്കുചാലിൽ തെളിഞ്ഞിരിക്കുന്നു. ബ്രഹ്മപുരത്തെ കറുത്ത പുകയുടെ നിറം തന്നെയാണ് ആമയിഴഞ്ചാനിലെ വെള്ളത്തിനും.
മാലിന്യംനീക്കാൻ ആമയിഴഞ്ചാൻ തോട്ടിലിറങ്ങി കാണാതായ മനുഷ്യനുവേണ്ടിയുള്ള രക്ഷാപ്രവർത്തനം പ്രതികൾ ലൈവായും നേരിട്ടും കണ്ടു. വിലക്കുകൾ വകവയ്ക്കാതെ കെട്ടുകെട്ടായി മാലിന്യം വലിച്ചറിഞ്ഞ നഗരവാസികളും ഈ ‘തലസ്ഥാന കക്കൂസ്’ വൃത്തിയാക്കാൻ കോടിക്കണക്കിനു രൂപ മുടിപ്പിച്ച കോർപറേഷനും തങ്ങൾക്കിതിലൊന്നും പങ്കില്ലെന്നു കൈകഴുകാൻ ശ്രമിച്ച റെയിൽവേയും ഭരണസിരാകേന്ദ്രത്തിൽനിന്നു വെറും മൂന്നര കിലോമീറ്ററിനപ്പുറത്തുള്ള അപമാനച്ചാൽ കണ്ടില്ലെന്നു നടിച്ച സർക്കാരും പ്രതികളാണ്.
ആരാണ് ഒന്നാം പ്രതിയെന്ന കാര്യത്തിലേ തർക്കമുള്ളൂ. ജോയി അവരുടെ ആരുമല്ല. പ്രതികളിൽ പലരുടെയും പട്ടിക്കൂടിന്റെ വിലപോലുമില്ലാത്ത കൂരയിൽനിന്ന് അതിരാവിലെ പുറപ്പെട്ട് നഗരത്തിന്റെ അഴുക്ക് നീക്കുന്നതിനിടെ ഒലിച്ചുപോയ മനുഷ്യൻ! ഇത്തരം മനുഷ്യർ വാർത്തകളിലേ ഇടംപിടിക്കുകയുള്ളൂ.
ആരുടെയും ഹൃദയത്തിൽ അവർക്കു സ്ഥാനമില്ല. ഒന്നുറപ്പാണ്; പ്രതികളിൽ ഒരാളും ശിക്ഷിക്കപ്പെടില്ല, ഒരാളും തെറ്റു തിരുത്തുകയുമില്ല. അതുകൊണ്ടുതന്നെ ആമയിഴഞ്ചാനെന്ന വൃത്തികേട് നാളെയും അവിടെയുണ്ടാകും. ഇതു നമ്മുടെ മാലിന്യനിർമാർജന പ്രഹസനങ്ങളുടെയും കപടനാഗരികതയുടെയും തെളിവാണ്.
മാലിന്യം വാരിക്കളയാനാണ് ശനിയാഴ്ച രാവിലെ തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോട്ടിൽ ബംഗാൾ സ്വദേശികൾ ഉൾപ്പെടെ മൂന്നുപേരോടൊപ്പം ജോയി ഇറങ്ങിയത്. മഴയത്ത് വെള്ളം ഉയർന്നതോടെ ജോയി ഒഴുക്കിൽ പെട്ടെന്ന്, ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ പറഞ്ഞു. പോലീസും അഗ്നിശമനസേനയുടെ മുങ്ങൽവിദഗ്ധരും തെരച്ചിൽ നടത്തി.
മാലിന്യനീക്കത്തിന് റോബോട്ടിനെയും ഉപയോഗിച്ചു. കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയ രക്ഷാപ്രവർത്തനങ്ങളിലൊന്നാണ് തിരുവനന്തപുരത്ത് നടന്നത്. ഒബ്സർവേറ്ററി ഹില്ലിൽനിന്നുത്ഭവിച്ച് കണ്ണമ്മൂല വഴി ആക്കുളം കായലിൽ ചെന്നുചേരുന്ന 12 കിലോമീറ്ററാണ് ആമയിഴഞ്ചാൻ തോട്. 119 മീറ്റർ റെയിൽവേ ലൈനിന്റെ അടിയിലൂടെയാണ് ഒഴുകുന്നത്. ആ ഭാഗത്ത് റെയിൽവേ ശുചീകരണം നടത്താറില്ലെന്ന് പണ്ടേയുള്ള ആക്ഷേപമാണ്.
തോട്ടിൽനിന്നു മാലിന്യം ഇടയ്ക്കിടെ നീക്കം ചെയ്യാറുണ്ടെങ്കിലും മാലിന്യമെത്തുന്നതു തടയുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടു. ഉയരത്തിൽ കന്പിവലയിടുകയും നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും പ്രയോജനപ്പെട്ടില്ല. കാമറയിൽ കുടുങ്ങിയവരെ പിടികൂടി ശിക്ഷിച്ചിരുന്നെങ്കിൽ മറ്റുള്ളവർക്കു പാഠമാകുമായിരുന്നു.
കന്പിവല പലയിടത്തും കീറുകയും അതുവഴി മാലിന്യക്കെട്ടുകൾ വലിച്ചെറിയുകയും ചെയ്തവരൊക്കെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ജോയിക്കുവേണ്ടി വിലപിക്കുകയും സർക്കാരിന്റെ പിടിപ്പുകേടിനെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുകയും ചെയ്യുന്നുണ്ട്. എന്തൊരു കപടനാട്യമാണിത്! തോടു വൃത്തിയാക്കി ആഴം കൂട്ടാൻ 2022ൽ 25 കോടി രൂപയും കഴിഞ്ഞ വർഷം 45 കോടിയും കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരത്തു മാത്രമല്ല, സംസ്ഥാനത്ത് എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യനിർമാർജനം ഓഡിറ്റ് ചെയ്യേണ്ടതാണ്. മാലിന്യനിർമാർജനത്തിന് വർഷം തോറും പണം അനുവദിക്കും, പക്ഷേ, മാലിന്യശേഖരണം ഫലപ്രദമായി നടത്തില്ല. മാലിന്യം തള്ളാൻ സംവിധാനമുണ്ടെങ്കിൽ ജനങ്ങൾ അതു പൊതിഞ്ഞുകെട്ടി നടക്കുമോയെന്നും ചിന്തിക്കേണ്ടതാണ്.
പരാജയപ്പെട്ട മാലിന്യശേഖരണത്തിനപ്പുറം ഈ ദുരന്തത്തിനു മറ്റൊരു വശംകൂടിയുണ്ട്. 1500 രൂപയ്ക്കുവേണ്ടി യാതൊരു സുരക്ഷാക്രമീകരണങ്ങളും ആരോഗ്യപ്രതിരോധ സംവിധാനങ്ങളുമില്ലാതെ തോട്ടിലിറങ്ങിയ തൊഴിലാളികളുടെ കാര്യമാണത്. ഇന്നലെ, രക്ഷാപ്രവർത്തനത്തിനിറങ്ങിയവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ് ഉൾപ്പെടെ നൽകിയിരുന്നു.
ജോയിയെപ്പോലെയുള്ളവർക്ക് അതൊന്നുമില്ല. 1993ൽ ഇന്ത്യയിൽ തോട്ടിപ്പണി നിരോധിക്കുകയും 2013ൽ ഓടയും സെപ്ടിക് ടാങ്കുകളും മനുഷ്യരെ ഇറക്കി വൃത്തിയാക്കുന്നതു നിരോധിച്ചു ഭേദഗതി വരുത്തുകയും ചെയ്തു. മാൻഹോളുകളിലുൾപ്പെടെയുള്ള മാലിന്യം നീക്കുന്നവരുടെ സുരക്ഷയ്ക്ക് 43 തരം സുരക്ഷാ ഉപകരണങ്ങളുടെ പട്ടികയാണുള്ളത്. ജോയിയും കൂട്ടരും ആമയിഴഞ്ചാനിലിറങ്ങിയത് ഇതിലൊന്നുപോലും ഇല്ലാതെയാണ്. ഈ മനുഷ്യത്വരാഹിത്യത്തിന്റെ നടത്തിപ്പുകാർ നിയമത്തിനു മുന്നിൽ വരേണ്ടെന്നാണോ?
പുഴുത്തുനാറുന്ന അഴുക്കുചാലിൽ മനുഷ്യർ നേരിട്ടിറങ്ങുന്നത്, നിർമിതബുദ്ധിയുടെ സാധ്യതകളെക്കുറിച്ചു പഠിക്കാനും നടപ്പാക്കാനും സർക്കാർ സംഘടിപ്പിച്ച രാജ്യാന്തര എഐ കോൺക്ലേവിന്റെ പന്തലഴിക്കുന്നതിനു മുന്പാണെന്നോർക്കണം. കൊടൈക്കനാലിലെ ഗുണാ കേവ് പ്രകൃതിനിർമിത ദുർഗമാണെങ്കിൽ ആമയിഴഞ്ചാന് മനുഷ്യനിർമിത ദുരന്തമാണ്. ജോയി എന്ന പാവപ്പെട്ട തൊഴിലാളി മുന്നറിയിപ്പുകൾ അവഗണിച്ച് മദ്യലഹരിയിൽ എടുത്തുചാടിയതല്ല, ജീവിത പ്രാരാബ്ധത്തിന്റെ പേരിലിറങ്ങിയതാണ്.
മാരായമുട്ടത്തെ അദ്ദേഹത്തിന്റെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ, “എനിക്ക് അവൻ മാത്രമേയുള്ളൂ” എന്നു പറയുന്ന ഒരമ്മയുടെ തേങ്ങൽ അധികാര കെടുകാര്യസ്ഥതയുടെയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെയും നിർവികാരതകളെ ഇളക്കുമോ? കേരളത്തിലെ അഴിമതിയുടെ അഴുക്കുതോടുകൾ എന്നെങ്കിലും തെളിഞ്ഞൊഴുകുമോ? ബ്രഹ്മപുരത്തെ കറുത്ത പുകയുടെ നിറംതന്നെയാണ് ആമയിഴഞ്ചാനിലെ വെള്ളത്തിനും.
അവിടെനിന്ന് ഒറ്റമുറിവീട്ടിൽ കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്ക് ജോയി അദ്ഭുതകരമായി മടങ്ങിയെത്തട്ടെ. മനംപുരട്ടുന്ന വിസർജ്യത്തോട്ടിൽ മുങ്ങിത്തെരയുന്ന രക്ഷാപ്രവർത്തകരുടെ ‘ദൈവകരങ്ങൾ’ ജോയിയെ വീണ്ടെടുക്കട്ടെ.