വന്യജീവി സംരക്ഷണവും ജനദ്രോഹവും
വന്യമൃഗ വിളനാശത്തിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചു വനം മന്ത്രി പറഞ്ഞതു കേട്ടാൽ പ്രതീക്ഷയ്ക്കു വകയില്ല. സംസ്ഥാനവും കേന്ദ്രവും ഒരുപോലെ കൈയൊഴിയുന്ന വിഷയത്തിൽ എംപിമാർക്ക് എന്തെങ്കിലും ചെയ്യാനാകുമോ?
വന്യമൃഗശല്യം മൂലമുള്ള വിളനാശത്തിന്റെ നഷ്ടപരിഹാരം പുറത്തു പറയാൻ കൊള്ളാത്തത്ര അപര്യാപ്തവും യഥാസമയം കിട്ടാത്തതുമാണ്. ഇതിനിടെയാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ വിചിത്രമായ മറുപടി നിയമസഭയിൽ കേട്ടത്. നിരക്കു വർധിപ്പിക്കുന്നതിനുള്ള ശിപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നാണ് അദ്ദേഹം പറഞ്ഞത്.
കൂടെ ഇങ്ങനെയും പറഞ്ഞു: “നിലവിലെ നിരക്കനുസരിച്ചുതന്നെ നഷ്ടപരിഹാരം നൽകാൻ സാന്പത്തിക പ്രതിസന്ധിയുണ്ട്.’’ അതായത്, നിരക്കു വർധിപ്പിക്കുമെന്നോ ഉള്ളതെങ്കിലും കൊടുക്കുമെന്നോ മന്ത്രി പറഞ്ഞിട്ടില്ല. ഒരുതരം ഉരുണ്ടുകളി.
ശിപാർശ പരിഗണനയിലാണെന്നു പറഞ്ഞാൽ എത്രനാൾ വേണമെങ്കിലും നീട്ടിക്കൊണ്ടുപോകാമല്ലോ. നിലവിലുള്ളതു പോലും കൊടുക്കാൻ ഖജനാവിൽ കാശുമില്ല. എന്നാൽ, കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാനാകുമോ? അതുമില്ല. വനാതിർത്തിയിലെ നിസഹായരായ മനുഷ്യർ എന്തു ചെയ്യണമെന്നു സർക്കാർ പറയണം.
കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച്, അഞ്ചു വർഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ 4485 പേർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭൂരിപക്ഷം പേർക്കും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കാട്ടുപന്നി ആക്രമണത്തിൽ മാത്രം പരിക്കേറ്റത് 1484 പേർക്കാണ്. നഷ്ടപരിഹാരം ലഭിച്ചത് 612 പേർക്കു മാത്രം.
കെട്ടിടങ്ങൾ, വളർത്തുമൃഗങ്ങൾ, വിളനാശം തുടങ്ങിയവയുടെ കാര്യത്തിലും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. വന്യമൃഗ ആക്രമണം തടയാൻ ഈ വർഷത്തെ ബജറ്റിൽ 48.85 കോടി രൂപയാണ് അനുവദിച്ചത്. തുക വർധിപ്പിച്ചതു നല്ലതുതന്നെ. പക്ഷേ, വന്യജീവി ആക്രമണത്തിൽ കുറവൊന്നും കാണുന്നില്ല. 2022-23ൽ ഇത് 29.8 കോടിയായിരുന്നു. പക്ഷേ, അതേ കാലയളവിൽ 8873 വന്യജീവി ആക്രമണങ്ങളുണ്ടായി. 98 പേർ മരിച്ചു.
1275 പേർക്കു പരിക്കേറ്റു. 637 കന്നുകാലികളെ കൊന്നു. 6,863 പേരുടെ കൃഷിയും വസ്തുവകകളും നശിപ്പിച്ചു. കിടങ്ങു കുഴിക്കൽ, സൗരോർജവേലി, കൽക്കെട്ട്, ജൈവവേലി തുടങ്ങിയവയ്ക്കാണ് പ്രധാനമായും പണം ചെലവാക്കുന്നത്. ഇതെല്ലാം ആന നശിപ്പിക്കുകയും ചെയ്യും. ഇങ്ങനെ എത്രനാൾ?
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് 50 ലക്ഷവും പരിക്കേൽക്കുന്നവർക്ക് മുഴുവൻ ചികിത്സാച്ചെലവും ഭാവിയെ കരുതിയുള്ള നഷ്ടപരിഹാരവും നിർമിതി-കൃഷിനാശങ്ങൾക്കു തത്തുല്യമായ തുകയും കൊടുക്കാനുള്ള നിയമനിർമാണമുണ്ടാകണം.
യഥാർഥ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാൽ വലിയ സാന്പത്തികബാധ്യതയോർത്തെങ്കിലും സർക്കാരുകൾ വീണ്ടുവിചാരം നടത്തും. ഇതിപ്പോൾ എത്ര മനുഷ്യർ കൊല്ലപ്പെട്ടാലും എപ്പോഴെങ്കിലും എന്തെങ്കിലും നക്കാപ്പിച്ച കൊടുത്താൽ മതിയെന്ന സ്ഥിതിയാണ്.
നഷ്ടപരിഹാരമല്ല, നഷ്ടംതന്നെ ഇല്ലാതാക്കുകയാണു വേണ്ടത്. കാട്ടിൽ ഇടമില്ലാത്തവിധം പെറ്റുപെരുകിയ മൃഗങ്ങളുടെ എണ്ണം കുറയ്ക്കുകതന്നെ വേണം. 1972ലെ വന്യജീവി സംരക്ഷണനിയമം കാലാനുസൃതമായി പരിഷ്കരിക്കണം.
ചീഫ് വൈൽഡ് ലൈഫ് വാർഡന്, അപകടകാരിയായ വന്യമൃഗത്തെ വെടിവയ്ക്കാൻ അധികാരമുണ്ടെന്നു പറഞ്ഞ് കേന്ദ്രസർക്കാർ കൈ കഴുകും. ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമക്കുരുക്കുകളോർത്ത് അദ്ദേഹം അതിനു തയാറാകില്ല. ക്രിമിനൽ നടപടിച്ചട്ടത്തിലെ 133-ാം വകുപ്പനുസരിച്ച് ജില്ലാ കളക്ടർക്ക്, അപകടകാരിയായ മൃഗത്തെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും കാട്ടുമൃഗങ്ങളുടെ കാര്യത്തിൽ അതു പറ്റില്ലെന്നു ഹൈക്കോടതിയും പറഞ്ഞു.
ഫലത്തിൽ, വന്യജീവി ശല്യമെന്ന തീരാശാപത്തിന്റെ ഇരകളായി പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെട്ടുകൊണ്ടേയിരിക്കും. തെരഞ്ഞെടുപ്പു സമയത്തുതന്നെ മലയോരവാസികൾ അവശ്യപ്പെട്ടിരുന്നതുപോലെ കേരളത്തിലെ എംപിമാർ സമയബന്ധിതമായും ഒറ്റക്കെട്ടായും ഈ വിഷയം പാർലമെന്റിൽ എത്തിക്കണം. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള എംപിമാരെയും ഒപ്പം കൂട്ടണം.
അത്യന്തം മനുഷ്യവിരുദ്ധമായ വന്യജീവി നിയമം പരിഷ്കരിക്കുകതന്നെ വേണം. എംപിമാർ ഇത്തവണയെങ്കിലും അതിനു മുൻകൈയെടുക്കുമെന്നാണ് മലയോരനിവാസികൾ കരുതുന്നത്. ഇല്ലെങ്കിൽ പറയണം; വന്യമൃഗങ്ങളോടു യാചിക്കാമല്ലോ ഉപദ്രവിക്കരുതെന്ന്!