വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിമിതിയും തിരിച്ചറിയാനാവാതെ സമൂഹമാധ്യമങ്ങളിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ആഘോഷിക്കപ്പെടുന്നതും വലിയൊരു സാമൂഹിക തിന്മയായി വളരുന്നു
സൈബർ ആക്രമണങ്ങളും തട്ടിപ്പുകളും പിടിവിട്ടു പറക്കുകയാണ്. ജീവനുകൾ പൊലിയുന്നു, കോടികൾ തട്ടുന്നു. രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളിൽ സിംഹഭാഗവും അന്വേഷിക്കാനാവാതെ സൈബർ പോലീസ് സംവിധാനം നിസഹായമാകുന്നു.
ഇന്റർനെറ്റിന്റെയും സമൂഹമാധ്യമങ്ങളുടെയും ഉപയോഗം വ്യാപകമാകുംതോറും സൈബർ കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടേയിരിക്കും. അവ കൈകാര്യം ചെയ്യാൻ കഴിയാതെവരുന്നതാണ് കൂടുതൽ ഗൗരവതരം.
വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയും പരിമിതിയും തിരിച്ചറിയാനാവാതെ സമൂഹമാധ്യമങ്ങളിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ആഘോഷിക്കപ്പെടുന്നതും വലിയൊരു സാമൂഹിക തിന്മയായി വളരുന്നു. സദാചാരത്തിന്റെ സകല സീമകളും ലംഘിച്ചുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിൽ പരസ്യവിചാരണയ്ക്കും അധിക്ഷേപത്തിനും മുതിരുന്നത്.
മുതിർന്നവരടക്കം സ്വകാര്യസംഭാഷണങ്ങളിൽപോലും ഉപയോഗിക്കാൻ പാടില്ലാത്ത പദപ്രയോഗങ്ങളും ചേഷ്ടകളുമായി വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും ഉപദേശങ്ങൾക്കും തുനിയുന്നതും പരിധിവിടുകയാണ്.
സൈബർ ആക്രമണത്തിന്റെ ഇരയായി യുവതിയായ ഒരമ്മകൂടി ജീവനൊടുക്കിയിരിക്കുന്നു.അബദ്ധത്തിൽ തന്റെ കൈയിൽനിന്നു വീണ കുഞ്ഞിനെ രക്ഷിക്കാനായെങ്കിലും സമൂഹമാധ്യമങ്ങളിലെ ആക്രമണങ്ങൾക്കു മുന്നിൽ ആ അമ്മയ്ക്കു പിടിച്ചുനിൽക്കാനായില്ല.
കഴിഞ്ഞമാസം 28ന് ചെന്നൈ തിരുമുല്ലവയലിലുള്ള അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽനിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് മുപ്പത്തിമൂന്നുകാരിയായ ഈ അമ്മയുടെ കൈയിൽനിന്ന് ഏഴു മാസം പ്രായമുള്ള പെൺകുഞ്ഞ് അബദ്ധത്തിൽ താഴേക്കു വീണത്.
ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിട് ഷീറ്റിൽ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയവർ അത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതോടെ അമ്മയ്ക്കെതിരേ സൈബർ ആക്രമണം രൂക്ഷമാവുകയായിരുന്നു.
ബന്ധുക്കളടക്കം സമൂഹമാധ്യമങ്ങളിൽ കുറ്റപ്പെടുത്തൽ തുടർന്നതോടെയാണ് വിഷാദത്തിനടിപ്പെട്ട യുവതി ജീവനൊടുക്കിയത്. കുറ്റപ്പെടുത്തിയവർക്കും ശാസിച്ചവർക്കുമൊന്നും ആ ജീവന്റെ വില മനസിലായില്ലെന്നതാണ് യാഥാർഥ്യം.
മുഖ്യധാരാ മാധ്യമങ്ങളടക്കം സംപ്രേഷണം ചെയ്ത ആ ദൃശ്യങ്ങൾ കണ്ടവരിലെ ചെറിയൊരു വിഭാഗമായിരിക്കാം സൈബർ ആക്രമണത്തിനു മുതിർന്നിട്ടുണ്ടാവുക. എന്നാൽ, സഹജീവികളുടെ വേദനകളും പ്രയാസങ്ങളും തീർത്തും കണക്കിലെടുക്കാതെ നടത്തിയ സൈബർ ആക്രമണം തിരുത്താനാവാത്ത വലിയൊരു തെറ്റായി പരിണമിച്ചിരിക്കുന്നു.
ഇത്തരം സൈബർ ആക്രമണങ്ങളിൽ മലയാളികളും ഒട്ടും പിന്നിലല്ല.സൈബറിടത്തിലെ വ്യക്തിഹത്യകൾ പോലെ സാമ്പത്തിക തട്ടിപ്പുകളും കുത്തൊഴുക്കായി മാറിയിരിക്കുന്നു.
വിദ്യാസമ്പന്നർക്കുപോലും വലിയ തുകകളാണ് നഷ്ടപ്പെടുന്നത്. കേരളത്തിൽ കഴിഞ്ഞ സാമ്പത്തികവർഷം 215 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾ നടന്നതായാണ് പരാതി ലഭിച്ചത്.
പരാതിപ്പെടാത്ത കേസുകളും നിരവധിയുണ്ട്. രജിസ്റ്റർ ചെയ്ത പരാതികളിൽപോലും 20 ശതമാനത്തിൽ താഴെ കേസുകളിലാണ് പ്രതികളെ പിടികൂടാനായത്. സമൂഹമാധ്യമങ്ങളിലടക്കം കാണുന്ന പരസ്യങ്ങളിൽ ആകൃഷ്ടരായി സാമ്പത്തികനേട്ടമുണ്ടാക്കാമെന്നു വിശ്വസിക്കുന്നവരാണ് ചതിക്കപ്പെടുന്നതിൽ ഏറെയും.
ഈ ചതിക്കുഴികളെക്കുറിച്ച് പോലീസും മാധ്യമങ്ങളും നിരന്തരമായി മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും തട്ടിപ്പുകാരുടെ വലയിൽ വീഴുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു.
പിടിക്കപ്പെടാനുള്ള സാധ്യതകൾ കുറയുന്നതാണ് തട്ടിപ്പുകാർക്ക് വളമാകുന്നത്.
സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ നമുക്ക് ശക്തമായ നിയമമുണ്ടെങ്കിലും തെളിവുകൾ ശേഖരിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തത വലിയ പ്രതിസന്ധിയാണ്. അനുദിനം പെരുകുന്ന സൈബർ കുറ്റകൃത്യങ്ങൾ നേരിടാൻ കേരളത്തിൽ നിലവിലുള്ള സൈബർ സെല്ലുകളും സൈബർ പോലീസ് സ്റ്റേഷനുകളും തീർത്തും അപര്യാപ്തമാണ്.
സൈബർ കേസുകളുടെ എണ്ണം പെരുകുന്നതിന് ആനുപാതികമായി സൈബർ പോലീസിന്റെ എണ്ണം കൂട്ടുകയും അന്വേഷണ സംവിധാനങ്ങൾ വിപുലീകരിക്കുകയും വേണം. സൈബർ പോലീസിലേക്ക് സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തി കംപ്യൂട്ടർ സയൻസ്, സൈബർ ഫോറൻസിക് വിദഗ്ധരെ കൂടുതലായി നിയമിക്കണം.
സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ തസ്തികകളിൽ ഇത്തരം വിദഗ്ധർ കൂടുതലായി ഉണ്ടെങ്കിലേ സൈബർ കേസന്വേഷണങ്ങൾ കാര്യക്ഷമമാകൂ. പിടികൂടുന്ന കേസുകളുടെ എണ്ണം കൂടിയാൽ കുറ്റകൃത്യങ്ങൾ കുറയും. അതുപോലെതന്നെ തട്ടിപ്പുകളിൽ വീഴാതെയും സൈബർ ആക്രമണങ്ങളിൽ പങ്കാളികളാകാതെയും ജനങ്ങളും ജാഗ്രത പുലർത്തണം.
സമൂഹമാധ്യമങ്ങളിൽ മാന്യമായ ഭാഷയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്ന ഇടപെടലുകളുമാണ് സമസ്കാരസമ്പന്നതയെന്ന് മറക്കാതിരിക്കുക.