ടൂറിസം വളരാൻ ഇതൊന്നും പോരാ
മാലിന്യത്താൽ നിറഞ്ഞ്, തെരുവുനായ്കൾ പെറ്റുപെരുകി, നല്ലൊരു ശൗചാലയം പോലുമില്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രവുമില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിനാകുമോ?
ലോക ടൂറിസം ദിനമായിരുന്നു ഇന്നലെ. സർക്കാർ നിരവധി കാര്യങ്ങൾ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ചെയ്യുന്നുമുണ്ട്. പക്ഷേ, അടിസ്ഥാനപരമായ മാറ്റമുണ്ടോ എന്നുകൂടി ചിന്തിക്കണം. വിദേശ ടൂറിസ്റ്റുകളെയും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരെയും കണക്കിലെടുത്തു മാത്രമല്ല വിനോദസഞ്ചാര മേഖലയിൽ വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ടത്. വാഗമണ്ണിലെ ചില്ലുപാലം കൊള്ളാം. പക്ഷേ, എത്രപേർക്ക് കുടുംബസമേതം അതിലൊന്നു കയറാനാകും? മാലിന്യത്താൽ നിറഞ്ഞ്, തെരുവുനായ്കൾ പെറ്റുപെരുകി, നല്ലൊരു ശൗചാലയം പോലുമില്ലാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രവുമില്ലെന്ന് ഉറപ്പാക്കാൻ സർക്കാരിനാകുമോ?
വാഗമണ്ണിലെ കോലാഹലമേട്ടിൽ ചില്ലുപാലം വന്നത് വലിയ വാർത്തയായിരുന്നു. സർക്കാരിന്റെ കൈയിൽ പണമില്ലാത്തതുകൊണ്ട് ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനവും ചേർന്നാണ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഇതു സ്ഥാപിച്ചിരിക്കുന്നത്. 120 അടി നീളമുള്ള പാലത്തിന് മൂന്നു കോടി രൂപയാണ് മുതൽമുടക്കെന്നാണ് പറഞ്ഞത്. പക്ഷേ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പാലത്തിലൊന്നു കയറുന്നതിനു ഫീസായി 500 രൂപ നിശ്ചയിച്ചത്. പിന്നീടത് 250 ആക്കി. അഞ്ചംഗ കുടുംബത്തിന് ചില്ലുപാലത്തിലൊന്നു കയറണമെങ്കിൽ കുറഞ്ഞ നിരക്കിൽപോലും 1250 രൂപ കൊടുക്കണം.
ദിവസം ആയിരം പേരെ മാത്രമേ പ്രവേശിപ്പിക്കൂ എന്നാണ് അറിയിച്ചിട്ടുള്ളത്. അങ്ങനെയാണെങ്കിൽ പോലും 2.5 ലക്ഷം രൂപ ലഭിക്കും. 10 ദിവസമാകുന്പോൾ 25 ലക്ഷം. നാലു മാസംകൊണ്ട് നിർമാതാക്കൾ അവകാശപ്പെട്ട മൂന്നു കോടി മുടക്കുമുതൽ പിരിഞ്ഞുകിട്ടും. എന്നും ആളില്ലാത്തതും മറ്റു ചെലവുകളുമെല്ലാം കണക്കു കൂട്ടിയാലും പരമാവധി ഒരു വർഷംകൊണ്ട് മുതലാക്കാം.
ആളൊന്നുക്ക് പരമാവധി 100 രൂപയിൽ കൂടുതൽ ഇതിനു വാങ്ങേണ്ടതുണ്ടോ? കൊള്ളയടിക്കാനല്ലല്ലോ ടൂറിസം. തിരക്കു കാരണം അവിടെ ക്യൂവിൽ നിന്നവർ മഴ നനഞ്ഞ് ബഹളം വച്ചതും വാർത്തയായി. വലിയ ഫീസ് വാങ്ങുന്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ശ്രദ്ധയില്ല. അഡ്വഞ്ചർ പാർക്കിലെ ഓരോ റൈഡുകൾക്കും ഇതുപോലെ സാധാരണക്കാർക്കു താങ്ങാനാവാത്ത ഫീസാണ് ഈടാക്കുന്നത്. പണമില്ലാത്തതുകൊണ്ട് സ്വകാര്യ സംരംഭകരെ ഉൾപ്പെടുത്തുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, ടോൾ പ്ലാസയിലെ ചൂഷണം പോലെയാകരുത് ടൂറിസം മേഖലയും.
കെടിഡിസിയുടേത് ഉൾപ്പെടെ ഹോട്ടലുകളിലെ താമസ സൗകര്യങ്ങൾക്കു വലിയ നിരക്കുകൾ ഈടാക്കുന്നതിനാൽ സാധാരണക്കാർക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒരു രാത്രി കഴിയുന്നതു പേടിസ്വപ്നമാണ്. കുറഞ്ഞ നിരക്കിൽ താമസ സൗകര്യങ്ങളും ഡോർമെറ്ററികളും ഒരുക്കുന്നതിനെക്കുറിച്ച് കെടിഡിസി ആലോചിക്കാൻ സമയം വൈകി. കാരവനുകൾക്കു സുരക്ഷിതമായ പാർക്കിംഗും യാത്രക്കാർക്ക് താമസ സൗകര്യവുമൊരുക്കുന്ന കാരവൻ പാർക്കുകളും വരുന്നുണ്ട്. വാഗമണ്ണിൽ തുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. സാധാരണക്കാരുടെ കാറുകളും സുരക്ഷിതമായി പാർക്കു ചെയ്യാനുള്ള സൗകര്യമുണ്ടാക്കുകയും, സമീപത്ത് ചെലവു കുറഞ്ഞ താമസ സൗകര്യം ഏർപ്പെടുത്തുകയും ചെയ്യാവുന്നതാണ്. ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും സുരക്ഷിതത്വവും ഉണ്ടെങ്കിൽ വാഹനങ്ങളിൽ കുറച്ചുപേർക്കെങ്കിലും രാത്രി കഴിയുകയും ചെയ്യാം.
മയക്കുമരുന്നുപയോഗിച്ച് അക്രമോത്സുകരാകുന്ന ആളുകൾ പുതിയ ഭീഷണിയാണ്. ഇത്തരക്കാരെ നിയന്ത്രിക്കാൻ പോലീസിനു കഴിയുന്നില്ല. കേരളത്തിലെ ഏതു വിനോദസഞ്ചാര കേന്ദ്രത്തിലാണ് തെരുവുനായ്ക്കളെ ഭയക്കാതെ നടക്കാനാകുന്നത്? പ്രഭാതനടത്തത്തിനു വിദേശികൾ ഉൾപ്പെടെയുള്ളവർ മടിക്കുകയാണ്. ഹോട്ടലുകളിലെ ഭക്ഷണനിരക്ക് തോന്നിയപടിയാണ്. ഭക്ഷണത്തിന്റെ വില ചോദിക്കാതെ കയറിയാൽ ബില്ലു കിട്ടുന്പോൾ തർക്കിക്കേണ്ടിവരും.
‘ടൂറിസവും ഹരിത നിക്ഷേപവും’ എന്ന ലോക ടൂറിസം ദിനത്തിന്റെ ഈ വർഷത്തെ പ്രമേയത്തോടു ചേർന്നു നിൽക്കുന്നതാണ് കേരളം മുന്നോട്ടു വയ്ക്കുന്ന വിനോദസഞ്ചാര കാഴ്ചപ്പാട് എന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെയാണു പറഞ്ഞത്. പക്ഷേ, അതല്ല യാഥാർഥ്യം. പലയിടത്തും മാലിന്യക്കൂന്പാരങ്ങളാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൃത്തിയുള്ള ശൗചാലങ്ങൾപോലും ഉറപ്പാക്കാനാകാതെ എന്തു ടൂറിസം വികസനമാണ് നമ്മൾ വിഭാവനം ചെയ്യുന്നത്. ജലഗതാഗതം വലിയ സാധ്യതയാണ്. പക്ഷേ, പോള നിറഞ്ഞ് ബോട്ടുയാത്ര മുടങ്ങുന്നതു പതിവാണ്.
കോട്ടയം-കുമരകം ജലപാതയിൽ ഉൾപ്പെടെ രാത്രിയിൽ ബോട്ടുകൾയാത്ര നിർത്തേണ്ടിവരുന്നതും വൈകുന്നതുമൊന്നും വാർത്തയല്ലാതായി. വിനോദസഞ്ചാരമേഖലയിലേക്ക് ആരെയും ആകർഷിക്കേണ്ടതില്ല, വരുന്നവരുടെ മനസ് മടുപ്പിക്കാതിരുന്നാൽ മതി. ഭാവനയും കാഴ്ചപ്പാടുമുള്ളവർ ടൂറിസം വകുപ്പിനെ സഹായിക്കാനുണ്ടാകണം. സർക്കാരോഫീസിലെത്തുന്നവർക്കുണ്ടാകുന്ന മനംമടുപ്പിക്കുന്ന അനുഭവങ്ങളല്ല വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾക്കുണ്ടാകേണ്ടത്.