പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
പ്രതിപക്ഷ്യ സംഖ്യത്തിന് ‘ഇന്ത്യ’യെന്ന പേര് വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെ ഇന്ത്യയെന്ന പേരിനെതിരേ പ്രസംഗിച്ചു. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഭാരതാശ്ലേഷം എന്നുവേണം കരുതാൻ.
രാജ്യത്തെ ഇന്ത്യയെന്നു വിളിക്കണോ ഭാരതമെന്നു വിളിക്കണോ എന്നത് തെരഞ്ഞെടുപ്പടുത്തപ്പോൾ ചർച്ചയാക്കിയതിന്റെ ഗുണമെന്താണ് എന്നതിൽ രാഷ്ട്രീയതിമിരം ബാധിക്കാത്തവർക്കു സംശയമുണ്ട്. കോടിക്കണക്കിനു മനുഷ്യർ ഇക്കാലമത്രയും ഈ രാജ്യത്തെ ഇന്ത്യയെന്നും ഭാരതമെന്നും മാറിമാറി വിളിക്കുകയും അങ്ങനെ എഴുതുകയും ചെയ്തുകൊണ്ടിരുന്നു. ആർക്കുമൊന്നും സംഭവിച്ചില്ല, ഒരു ദേശബോധത്തിനും പോറലേറ്റതുമില്ല. വിശപ്പിന്റെയും വികസനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും പോരായ്മകളുണ്ടെങ്കിൽ അതൊന്നും നികത്താൻ ഈ പേരുമാറ്റത്തിനു കഴിയുകയില്ലെന്നതു യാഥാർഥ്യമാണ്. അതിനു പെരുമാറ്റമാണു മാറ്റേണ്ടത്.
ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് വിശിഷ്ട വ്യക്തികൾക്കു രാഷ്ട്രപതി നൽകുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് അച്ചടിച്ചത്. രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിനു പകരം ഭാരത് എന്നാക്കി മാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിനു മുന്നോടിയായാണു പുതിയ നടപടിയെന്നാണ് ആരോപണം.
ഈ മാസം 18നു തുടങ്ങുന്ന അഞ്ചു ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഇന്ത്യ എന്നതിനു പകരം ഭാരത് എന്നു പേര് മാറ്റുന്നതിനായി മോദി സർക്കാർ പ്രമേയം കൊണ്ടുവന്നേക്കുമെന്നും സൂചനകളുണ്ട്. പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതാണ് ഭരണമുന്നണിയുടെ അങ്കലാപ്പിനു കാരണമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ‘ഇന്ത്യ’ മുന്നണിയെ ബിജെപി നിസാരമായല്ല കാണുന്നതെന്ന് അവർതന്നെ സമ്മതിക്കുന്നതിനു തുല്യമാണിത്. അല്ലെങ്കിൽ മോദി സർക്കാർതന്നെ തങ്ങളുടെ പല പദ്ധതികൾക്കും പരസ്യങ്ങൾക്കും ഉപയോഗിച്ചിട്ടുള്ള ഇന്ത്യ എന്ന പേരിനോട് അപ്രതീക്ഷിതമായൊരു തൊട്ടുകൂടായ്മ കാണിക്കില്ലായിരുന്നു.
സിന്ധു നദീതീരവാസികൾ എന്ന അർഥത്തിലാണ് വിദേശികൾ സിന്ധുവെന്നും ഹിന്ദുവെന്നും ഉപയോഗിച്ചുതുടങ്ങിയത്. മുഗളന്മാർ ഹിന്ദുസ്ഥാനെന്നും യൂറോപ്യന്മാർ ഇൻഡീസെന്നും ഇന്ത്യയെന്നും ഉച്ചരിച്ചു. പുരാണങ്ങളിലെ ഭരതനെന്ന രാജാവിന്റെ ദേശമെന്ന നിലയിലാണ് ഭാരതമെന്ന് അറിയപ്പെട്ടത്. ഭരണഘടനയുടെ ആർട്ടിക്കിൾ ഒന്നിൽ പറയുന്നത്, ഇന്ത്യ എന്ന ഭാരതം സംസ്ഥാനങ്ങളുടെ ഒരു യൂണിയൻ ആയിരിക്കും എന്നാണ്. പിന്നീട് ഇങ്ങോട്ട് സർക്കാരും പൗരന്മാരും രണ്ടു പേരുകളും യഥേഷ്ടം ഉപയോഗിച്ചിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുസ്ഥാനെന്നും അൽ ഹിന്ദ് എന്നും രാജ്യത്തിനകത്തും പുറത്തും യഥേഷ്ടം ഉപയോഗിച്ചിരുന്നു.
ഇന്ത്യ എന്ന പേര്, ഭാരത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച പൊതുതാത്പര്യ ഹർജി 2016 മാർച്ചിൽ സുപ്രീംകോടതി തള്ളിയിരുന്നു. ഹർജിയെ ശക്തമായി വിമർശിക്കുകയും എതിർക്കുകയും ചെയ്ത കോടതി, ഇത്തരം ഹർജികൾ പരിഗണിക്കില്ലെന്നുകൂടി വ്യക്തമാക്കി. ഭാരതമോ, ഇന്ത്യയോ? ഹർജിക്കാരന് ഭാരതം എന്നു വിളിക്കണമെങ്കിൽ വിളിക്കാം. ആരെങ്കിലും ഇന്ത്യ എന്നു വിളിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ ഇന്ത്യ എന്നു വിളിക്കട്ടേയെന്നാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂറും ജസ്റ്റീസ് യു.യു. ലളിതും ഉൾപ്പെട്ട ബെഞ്ച് ഹർജി തള്ളിക്കൊണ്ടു വ്യക്തമാക്കിയത്. 2022ൽ ഭാരത് എന്നോ ഹിന്ദുസ്ഥാൻ എന്നോ പേരു മാറ്റണമെന്നാവശ്യപ്പെട്ട ഹർജിയിൽ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ, ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവർ പറഞ്ഞത് ഹർജിക്കാരൻ ഇതിനായി കോടതിയിലല്ല വരേണ്ടതെന്നാണ്. കേന്ദ്രസർക്കാരിനോടു വിഷയം പരിഗണിക്കാൻ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബിജെപി അധികാരത്തിലെത്തിയതു മുതൽ സ്ഥലപ്പേരുകളും സ്ഥാപനപ്പേരുകളും മാറ്റുകയും പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. പലതും രാഷ്ട്രീയ താത്പര്യമായി മാത്രമാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. പക്ഷേ, ആർഎസ്എസ് താത്പര്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യയെന്ന പേര് മാറ്റാനുള്ള നീക്കം സർക്കാർ നടത്തിയിരുന്നില്ല. പ്രതിപക്ഷ്യ സഖ്യത്തിന് ‘ഇന്ത്യ’യെന്ന പേര് വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്രധാനമന്ത്രി ഉൾപ്പെടെ ഇന്ത്യയെന്ന പേരിനെതിരേ പ്രസംഗിച്ചു. ഈസ്റ്റ് ഇന്ത്യ കന്പനി, ഇന്ത്യൻ മുജാഹിദീൻ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിങ്ങനെ ചേർത്തുവായിക്കാനും അപഹസിക്കാനും തുടങ്ങി. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഭാരതാശ്ലേഷം എന്നുവേണം കരുതാൻ.
പക്ഷേ, നമ്മൾ ഇന്ത്യക്കാരായ പൗരന്മാരെ സംബന്ധിച്ചിടത്തോളം പേരല്ല ഭരണകൂടത്തിന്റെ പെരുമാറ്റമാണു കാര്യം. നമുക്കു ജോലി വേണം, വിശപ്പടക്കാൻ കൈയിൽ പണമുണ്ടാകണം, ഇഷ്ടമുള്ളതു ഭക്ഷിക്കാൻ സ്വാതന്ത്ര്യമുണ്ടാകണം, അഭിപ്രായസ്വാതന്ത്ര്യമുണ്ടാകണം, വിശ്വാസത്തിന്റെ പേരിൽ രണ്ടാംകിട പൗരരാകാൻ ഇടയാകരുത്, വെറുപ്പും വിദ്വേഷവും വ്യാപിക്കരുത്, മതങ്ങൾ തമ്മിൽ ശത്രുതയുണ്ടാകരുത്, അഴിമതിവിരുദ്ധതയെന്നാൽ പ്രതിപക്ഷത്തുള്ളവരെ മാത്രം ലക്ഷ്യമിടുന്നതാകരുത്, ജനാധിപത്യത്തിനും മതേതരത്വത്തിനും പോറലേൽക്കരുത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനം. ഇതൊക്കെയാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്. അതൊന്നും പേരുമാറ്റംകൊണ്ട് സാധിക്കില്ലെങ്കിലും അതേക്കുറിച്ചുള്ള ചർച്ചകൾ ഒഴിവാക്കാനാകും.