ഭരണയന്ത്രം നിശ്ചലമോ?
സർക്കാർ ജീവനക്കാരെ പിണക്കാൻ പാടില്ലല്ലോ. കർഷകന് കൊടുക്കാനുള്ളതു കൊടുത്തില്ലെങ്കിലും ആരും ചോദിക്കാൻ വരില്ലെന്നു സർക്കാരിനറിയാം. വറുതിയുടെ കാലത്ത് കർഷകരുടെ കണ്ണീർ കാണാതെ എത്രനാൾ മുന്നോട്ടു പോകാനാകുമെന്ന് സർക്കാർ ചിന്തിക്കണം.
ഒരുവശത്ത് വിലക്കയറ്റംകൊണ്ട് ജനജീവിതം ദുരിതമയമാകുന്പോൾ മറുവശത്ത് സംഭരിച്ച കാർഷികവിളകളുടെ പണം പോലും നൽകാതെ ഉരുണ്ടുകളിക്കുകയാണു സർക്കാർ. വിലത്തകർച്ചയും ഉത്പാദനക്കുറവും രോഗ-കീടബാധയും കാരണം സംസ്ഥാനത്തെ കാർഷികമേഖല തകർച്ചയുടെ വക്കിലാണിന്ന്. പ്രതിസന്ധികൾക്കിടയിലും കാർഷികമേഖലയിൽ പിടിച്ചുനിൽക്കുന്ന കർഷകരെ താങ്ങിനിർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ, കർഷകരെ മറക്കുന്ന അവസ്ഥയാണ് കാണാനാകുന്നത്.
സംസ്ഥാനത്തെ കർഷകർ വലിയ ദുരിതസാഹചര്യത്തിലൂടെയാണു കടന്നുപോകുന്നത്. കൃഷികൊണ്ട് നിത്യനിദാന ചെലവുകൾ പോലും നടത്താനാകാത്ത അവസ്ഥ. ഈ അവസ്ഥയിൽ സർക്കാർ വിവിധ ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിച്ചതും ന്യായവില നൽകി സംഭരിക്കുന്നതുമെല്ലാം വലിയ ആശ്വാസമായിരുന്നു. എന്നാൽ, സാന്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് കർഷകരെ മാറ്റിനിർത്തുന്ന സാഹചര്യമാണിപ്പോൾ. സപ്ലൈകോ വഴി നടത്തിയ നെല്ലുസംഭരണത്തിന് കോടികൾ കർഷകർക്ക് നൽകാനുണ്ടെന്നിരിക്കെ നാളികേര-റബർ-ഇഞ്ചി കർഷകരോടും കടം പറയുകയാണ് സർക്കാർ.
പച്ചത്തേങ്ങ സംഭരണത്തിലൂടെ കർഷകർക്ക് നൽകാനുള്ള പണവും മുടങ്ങി. കൂടാതെ, റബർ കർഷകർക്ക് ലഭിക്കേണ്ട ഇൻസെന്റീവും നിലച്ചു. കഴിഞ്ഞ ഓണത്തിനു സംഭരിച്ച ഇഞ്ചിയുടെ വില ഇനിയും നല്കിയിട്ടില്ല. കിലോയ്ക്ക് 34 രൂപ നിരക്കിലാണ് കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരിക്കുന്നത്. കഴിഞ്ഞ രണ്ടുമാസമായി ഇതിന്റെ പണം കുടിശികയാണ്. ഇതോടെ, നാളികേര കർഷകർ കടുത്ത പ്രതിസന്ധിയിലാണ്. ഏപ്രിൽ വരെയുള്ള പണമാണു നിലവിൽ ലഭിച്ചിരിക്കുന്നത്. തെങ്ങിന് തടം തുറക്കുന്നതും വളമിടേണ്ടതുമായ സമയമാണിത്. പണം ലഭിക്കാതായതോടെ നിരവധി കർഷകരാണു കൃഷിജോലികൾ നിർത്തിവച്ചിരിക്കുന്നത്.
ആറുമാസമായി റബർ കർഷകരുടെ ഇൻസെന്റീവും മുടങ്ങിയിരിക്കുകയാണ്. ജനുവരി മുതലുള്ള ഇൻസെന്റീവാണ് മുടങ്ങിയിരിക്കുന്നത്. വിലസ്ഥിരതാ ഫണ്ട് പ്രകാരം റബറിന് നിശ്ചയിച്ചിരിക്കുന്നത് കിലോയ്ക്ക് 170 രൂപയാണ്. പൊതുമാർക്കറ്റിലെ വിലയാകട്ടെ 150 രൂപയും. ഇതുപ്രകാരം കിലോയ്ക്ക് 20 രൂപ പ്രകാരമാണ് ഇൻസെന്റീവായി കർഷകരുടെ അക്കൗണ്ടിലേക്ക് എത്തേണ്ടത്. കഴിഞ്ഞ ഓണത്തിന് ഹോർട്ടി കോർപ് വഴി കർഷകരിലൂടെ ശേഖരിച്ച ഇഞ്ചിക്കും ഇതുവരെ പണം നല്കിയിട്ടില്ല. ഇതോടെ ഇഞ്ചി കർഷകരും ദുരിതത്തിലായിരിക്കുകയാണ്. പ്രധാനമായും വയനാട്ടിലെ കർഷകരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ബാങ്കുകളിൽനിന്നും മറ്റും വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. നാലു ലക്ഷം രൂപവരെ കിട്ടാനുള്ള കർഷകരുണ്ട്.
ഒരു കിലോ നെല്ലിന് 28.20 രൂപയാണ് സപ്ലൈകോ നൽകുന്ന സംഭരണവില. ഇതിൽ 21.83 രൂപ കേന്ദ്രത്തിന്റെയും ബാക്കി സംസ്ഥാനത്തിന്റെയും വിഹിതമാണ്. കേന്ദ്രസർക്കാർ നൽകുന്ന താങ്ങുവില ഇനത്തിൽ 500 കോടി രൂപ മാത്രമാണു കുടിശികയെങ്കിൽ സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതത്തിൽ 1100 കോടിയാണു ബാക്കി. സംസ്ഥാന സർക്കാർ ഒരു വർഷമായി സപ്ലൈകോയ്ക്കു പണം നൽകിയിട്ടില്ല. കർഷകർക്കു നൽകാനുള്ള കുടിശിക കുറച്ചെങ്കിലും തീർക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്നു 400 കോടി രൂപ ലഭ്യമാക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതുകൂടാതെ, കൃഷിനാശത്തിനുള്ള നഷ്ടപരിഹാര ഇനത്തിൽ 39.08 കോടി രൂപയും വിള ഇൻഷ്വറൻസ് ഇനത്തിൽ 29.50 കോടിയും ഹോർട്ടികോർപിന്റെ പഴം-പച്ചക്കറി സംഭരണം ഇനത്തിൽ 2.05 കോടിയും നൽകാനുണ്ട്. പ്രതിസന്ധിക്കിടയിലും കർഷകർക്ക് ആശ്വാസമായിരുന്നു കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും വിള ഇൻഷ്വറൻസും. എന്നാൽ, സാന്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ഇതും നിലച്ചിരിക്കുകയാണിപ്പോൾ. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള തുക കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കുടിശികയാണ്. ബജറ്റിൽ 30 കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും പഴയ കുടിശിക തീർക്കാനേ ഇതു തികഞ്ഞുള്ളൂ. ഇനി ഓണത്തിനു മുന്പെങ്കിലും കുടിശിക കൊടുത്തുതീർക്കുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.
കാരണം ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശന്പളവും ബോണസും നൽകാനുള്ള തുകയെങ്കിലും കണ്ടെത്താനുള്ള തത്രപ്പാടിലാണവർ. സർക്കാർ ജീവനക്കാരെ പിണക്കാൻ പാടില്ലല്ലോ. കർഷകന് കൊടുക്കാനുള്ളതു കൊടുത്തില്ലെങ്കിലും ആരും ചോദിക്കാൻ വരില്ലെന്നു സർക്കാരിനറിയാം. വറുതിയുടെ കാലത്ത് കർഷകരുടെ കണ്ണീർ കാണാതെ എത്രനാൾ മുന്നോട്ടു പോകാനാകുമെന്ന് സർക്കാർ ചിന്തിക്കണം. മറ്റു കാര്യങ്ങളെല്ലാം യാതൊരു കുറവുമില്ലാതെ നടക്കുന്നുണ്ടല്ലോ. കൊടുത്തുതീർക്കാനുള്ള കുടിശിക മുഴുവൻ കർഷകർക്കു നൽകി അവരെ കൈപിടിച്ചുയർത്താനുള്ള നല്ല തീരുമാനം സർക്കാരിൽനിന്നുണ്ടാകട്ടെ.