തെരഞ്ഞെടുപ്പുകാലത്തെ ഏക വ്യക്തിനിയമം
ബിജെപി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡ് അഥവാ ഏക വ്യക്തിനിയമത്തിൽ എന്തൊക്കെയുണ്ടാകും എന്നറിയാൻ അതിന്റെ കരട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എങ്കിലും രാജ്യമൊട്ടാകെ അതു ചർച്ച ചെയ്യപ്പെടുകയാണ്. കരടു പ്രസിദ്ധീകരിച്ചശേഷം അഭിപ്രായരൂപീകരണം നടത്തുന്നതിനു പകരം, ജനങ്ങളെയും പ്രതിപക്ഷ പാർട്ടികളെയും ഇരുട്ടിൽ തപ്പാൻ വിട്ടിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
രാജ്യത്തെ നീറുന്ന പ്രശ്നങ്ങളായ വിലക്കയറ്റം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ തകർച്ച, മാധ്യമനിയന്ത്രണം, മണിപ്പുർ കലാപം തുടങ്ങിയവയെക്കുറിച്ച് ഒരക്ഷരം ഉരിയാടാത്തവരാണ് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഇത്തരമൊരു വിഷയം ചർച്ചയ്ക്കെടുത്തിരിക്കുന്നത്. പന്തികേടു തോന്നുന്നത് ഒന്നോ രണ്ടോ പേർക്കല്ല.
ഓരോ മതത്തിന്റെയും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അധിഷ്ഠിതമായി വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണയം എന്നിവ നിലവിൽ ഓരോ മതത്തിനും തങ്ങളുടേതായ രീതിയിൽ നടപ്പാക്കാൻ കഴിയും. ഈ വൈവിധ്യങ്ങളെയെല്ലാം മാറ്റി എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമായ ഒറ്റ നിയമത്തിനു കീഴിലാക്കുന്നതാണ് ഏക വ്യക്തിനിയമം. 2018ൽ മോദി സർക്കാർതന്നെ നിയോഗിച്ച ഇരുപത്തൊന്നാമത് കേന്ദ്ര നിയമ കമ്മീഷൻ പ്രസിദ്ധീകരിച്ച കൺസൾട്ടേഷൻ പേപ്പർ പറയുന്നത്, ഇന്ത്യയുടെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലത്തിൽ ഏക വ്യക്തിനിയമം നടപ്പാക്കുന്നത് അപ്രായോഗികവും അനാവശ്യവുമാണെന്നാണ്. എന്നിട്ടും, മോദിസർക്കാരിന്റെ താത്പര്യപ്രകാരം ഇക്കഴിഞ്ഞ ജൂൺ 14ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ ഏക വ്യക്തിനിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്നു ക്ഷണിച്ചിരിക്കുകയാണ്. ഇതിന് അനുകൂലമായി കോടതി നടത്തിയിട്ടുള്ള പരാമർശങ്ങളും ബിജെപി ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. അതുൾപ്പെടെ പഠിച്ച് നിയമ കമ്മീഷൻ എതിർത്തത് അവഗണിക്കുകയും ചെയ്യുന്നു. സംഭവത്തിന് നിയമ കമ്മീഷന്റെ നടപടികൾക്കപ്പുറം രാഷ്ട്രീയമാനം കൈവന്നുകഴിഞ്ഞു.
ഏക വ്യക്തിനിയമത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെങ്കിലും, ഗോവ ഒഴികെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നും ഇതു നിലവിലില്ല. അതുതന്നെ 1869ൽ അവിടെ നടപ്പാക്കപ്പെട്ട പോർച്ചുഗീസ് സിവിൽ കോഡിന്റെ തുടർച്ചയാണ്.
എന്നാൽ, ഭാര്യക്ക് 25 വയസ് പൂർത്തിയായിട്ടും കുട്ടികൾക്കു ജന്മം നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലോ, മുപ്പത് വയസ് പൂർത്തിയാകുന്നതുവരെയും ആൺകുട്ടിക്ക് ജന്മം നൽകാൻ കഴിഞ്ഞില്ലെങ്കിലോ, ഹൈന്ദവനായ ഭർത്താവിന് മറ്റൊരു വിവാഹം കഴിക്കാൻ ആ നിയമം അനുമതി നൽകുന്നു. അതേസമയം, മറ്റു മതസ്ഥർക്ക് ബഹുഭാര്യാത്വം അനുവദനീയവുമല്ല. ഇത്തരം പല വിവേചനങ്ങളും അവിടത്തെ ഏക വ്യക്തിനിയമത്തിലുണ്ട്. അതായത് സ്ത്രീവിവേചനത്തിനുള്ള ഒറ്റമൂലിയായി ഏക വ്യക്തിനിയമത്തെ ഉയർത്തിക്കാണിക്കുന്നതിൽ പ്രസക്തിയില്ല.
ചില മതവിഭാഗങ്ങളുമായും അതിലെ സ്ത്രീകളുമായി ബന്ധപ്പെട്ടും തുടരുന്ന വിവേചനങ്ങളും അനീതികളുമൊക്കെ പരിഹരിക്കാൻ വ്യക്തിനിയമങ്ങളിൽ കാലാനുസൃതമായ പരിഷ്കരണങ്ങൾ നടത്തുന്നതിനു തടസമൊന്നുമില്ല. ക്രിസ്ത്യൻ സ്വത്തവകാശം സംബന്ധിച്ച മേരി റോയി കേസ് ഉൾപ്പെടെയുള്ളവ ഉദാഹരണമാണ്. അതുപോലെ വിവാഹപ്രായം, ദത്തെടുക്കൽ തുടങ്ങിയവയിലൊക്കെ മാറ്റം വരുത്തിയിട്ടുണ്ട്. അത്തരം പരിഷ്കാരങ്ങൾ ഇനിയുമാകാം. എന്നിട്ടും ഏക വ്യക്തിനിയമം തിരക്കിട്ടു നടപ്പാക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്, മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും പരന്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടിമെതിക്കപ്പെടാനുമുള്ള സാധ്യതകൾ ഉള്ളത് ആശങ്കാജനകമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി (കെസിബിസി) അഭിപ്രായപ്പെടുന്നത്. നിയമനിർമാണങ്ങളും പരിഷ്കാരങ്ങളും ഏതെങ്കിലും മത-ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്കു കാരണമാകരുതെന്നും കെസിബിസി അഭിപ്രായപ്പെട്ടു.
ജാതി-ഉപജാതികള്‍, ആദിവാസി, ഗോത്രസമൂഹങ്ങള്‍, ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, പാര്‍സി, ജൈന തുടങ്ങി മുന്നൂറോളം വിഭാഗങ്ങള്‍ക്ക് അവരുടേതായ സിവില്‍ നിയമങ്ങളാണുള്ളത്. ഇതൊക്കെ മറന്ന് ഒരു തെരഞ്ഞെടുപ്പുകാലത്ത് തല്ലിക്കൂട്ടിയെടുക്കേണ്ടതാണോ ഏക വ്യക്തിനിയമം എന്നത് പ്രസക്തമായ ചോദ്യമാണ്. ന്യൂനപക്ഷങ്ങളിലെ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന ബിജെപി, ശബരിമല യുവതീ പ്രവേശനത്തിന്റെ കാര്യത്തിൽ എടുത്ത നിലപാട് പലരും ചൂണ്ടിക്കാണിച്ചുകഴിഞ്ഞു. ബിജെപി അവതരിപ്പിക്കുന്നതുകൊണ്ടു മാത്രം ഏക വ്യക്തിനിയമത്തെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ളവർ സംശയത്തോടെ വീക്ഷിക്കുന്നതും സമകാലിക യാഥാർഥ്യമാണ്.
ഏതെങ്കിലും ചില വിഭാഗങ്ങളെ ഒഴിവാക്കിയാൽ പിന്നെ ഏക വ്യക്തിനിയമം എന്നു പറയുന്നതിൽ കാര്യമില്ലല്ലോ. ഇതിന്റെ അപ്രായോഗികത ബിജെപിക്കു നന്നായറിയാം. ഏക വ്യക്തി നിയമത്തിലൂടെ ജനങ്ങളെ ഒന്നിപ്പിക്കാനായില്ലെങ്കിലും വോട്ടുകളുടെ ധ്രുവീകരണം സാധ്യമായേക്കാം. ബിജെപിക്കെന്നപോലെ സിപിഎമ്മിനും അതിന്റെ സാധ്യതകൾ മനസിലായിട്ടുണ്ട്. ഇതുസംബന്ധിച്ച സെമിനാറിൽ യുഡിഎഫിലെ മറ്റു ഘടകകക്ഷികളെ ഒന്നും ക്ഷണിക്കാതെ മുസ്ലിം ലീഗിനെ മാത്രം സിപിഎം ക്ഷണിച്ചതിൽ ആ തന്ത്രമായിരുന്നു. ക്ഷണം ലീഗ് നന്ദിപൂർവം നിരസിച്ചതിലൂടെ ആ നീക്കം പാളി. എടുത്തുചാടി ബഹളം വയ്ക്കാതെയും ഇന്ത്യ നേരിടുന്ന യഥാർഥ പ്രതിസന്ധികളെ ചർച്ചയാക്കിയും ബുദ്ധിപരമായ നീക്കത്തിലൂടെ ബിജെപിയുടെ ലക്ഷ്യത്തെ നിർവീര്യമാക്കാൻ പ്രതിപക്ഷത്തിനും കഴിഞ്ഞേക്കും.