മുന്നൊരുക്കങ്ങൾ പാളി, കേരളം വീണ്ടും പനിക്കിടക്കയിൽ
ഒരാഴ്ചയ്ക്കിടെയാണു പകർച്ചപ്പനി ബാധിതരുടെ എണ്ണം അയ്യായിരത്തിൽനിന്ന് പതിനായിരത്തിനു മുകളിലേക്കു കുതിച്ചത്.
മഴക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ കേരളം സാംക്രമികരോഗങ്ങളുടെ പിടിയിലമർന്നിരിക്കുന്നത് അത്യന്തം ആശങ്ക നൽകുന്നതാണ്. ലക്ഷക്കണക്കിനു പേരാണു പനിയും അനുബന്ധ രോഗങ്ങളും ബാധിച്ചു ചികിത്സയിലുള്ളത്. പ്രതിദിനം പനി ബാധിച്ചു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം 12,000 കടന്നു. പനിമരണം ഉയരുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിക്കിടയാക്കുന്നു.
വൈറൽപനിക്കൊപ്പം എലിപ്പനി, ഡെങ്കി, ചെള്ളുപനി, ടൈഫോയ്ഡ് തുടങ്ങിയവയും വ്യാപകമാണ്. ഏറെക്കുറെ നിയന്ത്രണവിധേയമെന്നു കരുതിയിരുന്ന മലേറിയ റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആരോഗ്യകേരളം നേരിടുന്ന വെല്ലുവിളിയാണ്. ഒരുവശത്ത് ആധുനിക ചികിത്സാസൗകര്യങ്ങൾ വർധിക്കുന്പോഴും രോഗാതുരതയ്ക്ക് ഒരു കുറവുമില്ലെന്നത് നമ്മുടെ ആരോഗ്യമേഖലയുടെ പോരായ്മയാണു സൂചിപ്പിക്കുന്നത്.
ഒരാഴ്ചയ്ക്കിടെയാണു പകർച്ചപ്പനി ബാധിതരുടെ എണ്ണം അയ്യായിരത്തിൽനിന്ന് പതിനായിരത്തിനു മുകളിലേക്കു കുതിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരുടെ ജീവനെടുക്കുന്നത് എലിപ്പനിയാണ്. ഈ വർഷം ഇതുവരെ 66 പേർക്ക് എലിപ്പനി മൂലം ജീവൻ നഷ്ടമായി. ഡെങ്കിപ്പനിയും അതിവേഗം പടരുകയാണ്. ഈ മാസം 1500ഓളം പേർക്ക് രോഗം ബാധിച്ചു. എറണാകുളത്താണു ഡെങ്കിപ്പനി ബാധിതർ കൂടുതലെങ്കിൽ കൊല്ലം, കോട്ടയം, മലപ്പുറം ജില്ലകളിലാണ് എലിപ്പനി രൂക്ഷം. എലിപ്പനി തിരിച്ചറിയുന്പോഴേക്കും രോഗിയുടെ നില ഗുരുതരമായിട്ടുണ്ടാകുമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ പാളിയതാണു സാംക്രമിക രോഗങ്ങൾ വ്യാപകമാകാൻ കാരണമായതെന്നു വ്യക്തമാണ്.
തദ്ദേശസ്ഥാപനതലത്തിൽ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും ഉറവിടത്തിലെ കൊതുകു നശീകരണവും സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിൽ പാളിച്ചയുണ്ടായി. എലി നശീകരണം അടക്കമുള്ള കാര്യങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ പൂർണമായി പരാജയപ്പെട്ടു. സംസ്ഥാനതലത്തിൽ നിരീക്ഷിക്കാൻ സംവിധാനമില്ലാത്തതും പാളിച്ചയായി.
ഇടവിട്ടുള്ള മഴ കാരണം വെള്ളക്കെട്ടുകളിൽ കൊതുക് പെരുകുന്നതാണ് വിവിധതരം പനി പടരാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മഴക്കാല പൂർവശുചീകരണത്തിൽ തദ്ദേശസ്ഥാപനങ്ങൾ കാട്ടിയ അലംഭാവവും പലയിടങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നതും ഭീഷണിയായി. എല്ലാ മഴക്കാലത്തും കൊതുകുകൾ പെരുകുന്നതും അവ വഴി ഡെങ്കിപ്പനിയും ചികുൻഗുനിയയുമൊക്കെ പകരുന്നതും നമ്മുടെ ശുചിത്വബോധത്തിന്റെ കാര്യക്ഷമതയില്ലായ്മ തെളിയിക്കുന്നു.
വൃത്തിയിൽ നാം മുന്പിലാണെന്ന് വീന്പിളക്കുന്പോഴും കൊതുക് പരത്തുന്ന രോഗങ്ങൾ മടങ്ങിവരുന്നുവെന്നത് ഏറെ ആശങ്ക പരത്തുന്നു. നമ്മുടെ പരിസരങ്ങളോട് നാം പുലർത്തുന്ന സമീപനങ്ങൾ അടിയന്തരമായി പൊളിച്ചെഴുതേണ്ടതുണ്ട്. പരിസര ശുചീകരണവും ശാസ്ത്രീയമായ മാലിന്യസംസ്കരണവും നിത്യജീവിതത്തിന്റെ ഭാഗമാകേണ്ടിയിരിക്കുന്നു. ഏതായാലും മാലിന്യപ്രശ്നം പരിഹരിക്കാൻ ആവിഷ്കരിച്ച ചില നടപടികൾ ആശാവഹമാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവാണ് ഇതിൽ പ്രധാനം.
ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശം, പൊതുവെ മഴ കൂടുതൽ ലഭിക്കുന്ന നാട്, ചതുപ്പുനിലങ്ങളും ഈർപ്പവുമുള്ള പ്രതലം, തോട്ടക്കൃഷി വ്യാപകമായ ഭൂപ്രദേശം എന്നീ ഘടകങ്ങളെല്ലാം ഒരുതരത്തിൽ കേരളത്തിന് അനുഗ്രഹമാണെങ്കിലും അവയ്ക്കു രോഗങ്ങളെ ക്ഷണിച്ചുവരുത്താൻ കഴിയുമെന്ന സത്യം ഏവർക്കുമറിയാവുന്നതാണ്. കൊതുകുകൾ പെരുകാനിടയാകുന്ന സാഹചര്യം ഏതുവിധേനയും ഒഴിവാക്കേണ്ടതുണ്ട്. ശാസ്ത്രീയമായ മാലിന്യസംസ്കരണത്തിന്റെ അനിവാര്യതയെക്കുറിച്ച് ബോധവാന്മാരാണെങ്കിലും കാര്യത്തോടടുക്കുന്പോൾ പലരും ശീലിച്ച വഴിയേ പോകുന്നു. മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്കരിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുണ്ട്. പരിമിതസാഹചര്യങ്ങളിലും ശാസ്ത്രീയ മാലിന്യസംസ്കരണ രംഗത്ത് വിജയംവരിച്ച നിരവധി അനുഭവങ്ങൾ നമുക്കുമുന്നിലുണ്ട്.
മഴക്കാലത്തെ സാംക്രമികരോഗങ്ങൾ എങ്ങനെ ശാശ്വതമായി തടയാനാകുമെന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പ് ഇനിയെങ്കിലും ഗൗരവമായി ചിന്തിക്കണം. അടിയന്തര നടപടി സ്വീകരിക്കണം. ശാസ്ത്രീയ മാലിന്യസംസ്കരണത്തിന് മുന്തിയ പ്രാധാന്യം നൽകണം. അതിനായി നിരന്തര ബോധവത്കരണവും കർമപദ്ധതികളും ആവിഷ്കരിക്കണം. ഈ കർമപദ്ധതികൾ താഴെത്തട്ടിലെത്തുന്നുണ്ടോയെന്നും നടപ്പാക്കുന്നുണ്ടോയെന്നും ഉറപ്പാക്കുകയും വേണം.