മരണാസന്നനായ എട്ടുവയസുകാരനെയും അവന്റെ അമ്മയെയും ബന്ധുവിനെയും രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും അടച്ച് ആംബുലൻസിനു തീയിട്ടുകൊന്ന മണിപ്പൂരിൽനിന്ന് നാലു കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കിയ ആമസോണിലേക്കുള്ള ദൂരം കിലോമീറ്ററുകൾകൊണ്ട് അളക്കാനാവില്ല. പക്ഷേ, ഇനിയത് ആമസോൺകൊണ്ട് അളക്കാം.
വല്ലപ്പോഴുമാണ് മാധ്യമങ്ങൾക്ക്, മനുഷ്യർ എത്ര നല്ലവരാണ് എന്ന് ഉദ്ഘോഷിക്കുന്ന മുഖപ്രസംഗങ്ങളെഴുതാനാകുന്നത്. 2018ലെ പ്രളയകാലത്തുൾപ്പെടെ നമ്മളങ്ങനെ എഴുതി. ഇതാ അത്തരമൊരവസരംകൂടി കൈവന്നിരിക്കുന്നു. മനുഷ്യജീവന്റെ വിലയുടെയും ഭരണകൂടത്തിനും സമൂഹത്തിനും അതിനോടുള്ള ഉത്തരവാദിത്വത്തിന്റെയും ആമസോൺ കാഴ്ചകണ്ട് ലോകം നിർവൃതിയിലാണ്ടിരിക്കുന്നു. തെക്കേ അമേരിക്കയിലെ കൊളംബിയയിലുള്ള ആമസോൺ മഴക്കാടുകളിൽ തകർന്ന ചെറുവിമാനത്തിൽനിന്നു കാണാതായ നാലു കുഞ്ഞുങ്ങളെ 40 ദിവസത്തിനുശേഷം കണ്ടെത്തി എന്നതു ചരിത്രമാണെങ്കിൽ, ആ കുട്ടികളുടെ അതിജീവനവും അതിനായി ആ രാജ്യം നടത്തിയ അധ്വാനവും ആ ചരിത്ര ലിപികളെ സ്വർണമാക്കി മാറ്റിയിരിക്കുന്നു. അതിന്റെ തലക്കെട്ടാണ് പ്രതീക്ഷ അഥവാ ഓപ്പറേഷൻ ഹോപ്.
ആമസോൺ കാട് ആ കുഞ്ഞുങ്ങളെ കാത്തുസൂക്ഷിച്ചു എന്നത് ആലങ്കാരികവും ആ കുട്ടികൾ സകല പ്രതിസന്ധികളെയും നേരിട്ട് ആപത്തുകളെ അതിജീവിച്ചു എന്നത് യാഥാർഥ്യവുമാണ്. മനുഷ്യരിൽ കുടികൊള്ളുന്ന അതിജീവന ത്വരയുടെ വിശ്വരൂപമായി അതു മാറി. മേയ് ഒന്നിനായിരുന്നു ചെറു വിമാനം അപടത്തിൽ പെട്ടത്. വിമാനത്തിലുണ്ടായിരുന്നത് മഗ്ദലീന (33), മക്കളായ ലെസ്ലി (13), സൊലസ്നി (9), ടിയെൻ (4), 11 മാസം പ്രായമുള്ള ക്രിസ്റ്റ്യാൻ എന്നിവരായിരുന്നു. ഗറില്ലപോരാളികളുടെ ഭീഷണിയെത്തുടർന്ന് ഒളിവിൽ പോയ പിതാവ് മാനുവൽ റണോക്കിന്റെ സന്ദേശത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ സമീപത്തെത്താൻ അമ്മയും മക്കളും ഒരു പഴഞ്ചൻ ചെറുവിമാനം വാടകയ്ക്കെടുത്ത് യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്.
മേയ് മൂന്നിന് തെരച്ചിലാരംഭിച്ചു. മേയ് 15ന് 11 മാസം പ്രായമുള്ള ഇളയ കുഞ്ഞിന്റെ പാൽക്കുപ്പി തെരച്ചിൽസംഘം കാട്ടിൽ കണ്ടെത്തി. തൊട്ടടുത്ത ദിവസം വിമാനവും മുതിർന്ന മൂന്നുപേരുടെയും മൃതദേഹങ്ങളും കണ്ടെത്തി. അതിനടുത്ത ദിവസം കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ട്വീറ്റ് ചെയ്തെങ്കിലും അന്നുതന്നെ തിരുത്തി. ഒടുവിൽ ജൂൺ ഒന്പതിനാണ് കുട്ടികളെ കണ്ടെത്തിയതായി സൈന്യം സ്ഥിരീകരിച്ചത്.
11 മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞനുജനെയും കൊണ്ട് മൂത്തവർ ഇത്രനാൾ കാട്ടിൽ കഴിഞ്ഞത് എങ്ങനെയെന്നതിന്റെ വിശദവിവരങ്ങളൊക്കെ താമസിയാതെ പുറത്തുവരും. അതെന്തായാലും ഹുയിറ്റൊട്ടോ ഗോത്രവിഭാഗത്തിൽ പെട്ട കുട്ടികളുടെ അതിജീവനം മനുഷ്യരാശിക്കാകെ പ്രചോദനമായിട്ടുണ്ട്. ശരീരംകൊണ്ടുള്ള അതിജീവനം മാത്രമല്ല അവർ നടത്തിയത്. സ്വന്തം അമ്മയുൾപ്പെടെയുള്ളവരുടെ മൃതദേഹം കണ്ടവരാണ് അവർ. ആ കൊടിയ വേദനയെ അതിജീവിച്ചും അഴുകിയ മൃതദേഹങ്ങളെ പിന്നിലാക്കിയുമാണ് അവർ മുന്നോട്ടു നീങ്ങിയത്.
കാടിന്റെ ക്രൗര്യത്തെ അതിജീവിക്കാനുള്ള കരുത്ത് അവർക്കു നൽകിയത് അപരിഹാര്യമായ നഷ്ടത്തിന്റെ കാഴ്ചകൾകൂടിയാണ്. വരാനിരിക്കുന്ന കാലത്ത് മനുഷ്യർക്കു കഷ്ടതകളെ പിന്നിലാക്കി ജൈത്രയാത്ര നടത്താനുള്ള ഓർമപ്പെടുത്തലാകും അത്. നിസാര കാര്യങ്ങളുടെ പേരിൽ ജീവനൊടുക്കുകയെന്ന കുറുക്കുവഴി തേടുന്നവരുടെ ലോകത്ത് അതിജീവനത്തിന്റെ ഊർജം പകരാൻ ആമസോണിലെ കുഞ്ഞുങ്ങൾക്ക് കഴിയുമെന്നതിൽ സംശയമില്ല. പരസ്പര സ്നേഹത്തോടെയും കരുതലോടെയും കൈകോർത്തു നീങ്ങിയ നാലു കുരുന്നുകൾക്ക് കാട്ടിൽ ഇത്രയൊക്കെ സാധിക്കുമെങ്കിൽ നാട്ടിലെ ഉള്ള സൗകര്യങ്ങൾ ഉപയോഗിച്ച് നമുക്ക് എന്താണ് അസാധ്യമായുള്ളത്.
രക്ഷാപ്രവർത്തകർ കുട്ടികളെ കണ്ടെത്തിയ വാർത്ത സൈനിക കേന്ദ്രത്തിലേക്ക് അയച്ചത് അദ്ഭുതം എന്നു നാലു തവണ ആവർത്തിച്ചുകൊണ്ടായിരുന്നു. കലാപത്തിന്റെയും യുദ്ധത്തിന്റെയും പരസ്പര വിദ്വേഷത്തിന്റെയും പൊള്ളിക്കുന്ന വാർത്തകൾക്കിടയിൽ അത് ആശ്വാസമഴയായി. 160 സൈനികരും കുട്ടികളുടെ പിതാവ് ഉൾപ്പെടെ കാടറിയുന്ന 200ലേറെ ഗോത്രവർഗക്കാരും തെരച്ചിൽ സംഘത്തിലുണ്ടായിരുന്നു. അവർക്കൊക്കെ അഭിമാനിക്കാം, സഹജീവികളുടെ ജീവൻ രക്ഷിക്കാനായിരുന്നു തങ്ങളുടെ അത്യധ്വാനങ്ങളെന്നോർത്ത്.
ഓരോ ജീവനും എത്ര വിലപ്പെട്ടതാണെന്നും ഓരോരുത്തരും തന്റെ സഹോദരന്റെ കാവൽക്കാരാണെന്നും തിരിച്ചറിയാനുമുള്ള സമയംകൂടിയാണിത്. മരണാസന്നനായ എട്ടുവയസുകാരനെയും അവന്റെ അമ്മയെയും ബന്ധുവിനെയും രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും അടച്ച് ആംബുലൻസിനു തീയിട്ടുകൊന്ന മണിപ്പൂരിൽനിന്ന് നാലു കുഞ്ഞുങ്ങളെ രക്ഷിക്കാൻ സർവ സന്നാഹങ്ങളുമൊരുക്കിയ ആമസോണിലേക്കുള്ള ദൂരം കിലോമീറ്ററുകൾകൊണ്ട് അളക്കാനാവില്ല. പക്ഷേ, ഇനിയത് ആമസോൺകൊണ്ട് അളക്കാം. അതു പരസ്നേഹത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും അളവുകോലായിരിക്കുന്നു.