കത്താത്ത സോളാറിന്റെ ഇരുണ്ട നാൾവഴികൾ
അടിസ്ഥാനരഹിത വിവാദങ്ങളുടെ ഊർജം രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് അസാധാരണമല്ല. പക്ഷേ, അതിന്റെ പഴി അന്വേഷണ കമ്മീഷൻ കേൾക്കേണ്ടിവരുന്നത് അസാധാരണമാണ്.
ഏറെക്കാലം കേരളത്തെ മുൾമുനയിൽ നിർത്തിയ സോളാർ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജൻ കമ്മീഷനെതിരേ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ പുതിയ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. ആദ്യപരാമർശം സിപിഐ നേതാവ് സി. ദിവാകരന്റേതായിരുന്നു. കോടികൾ വാങ്ങി തട്ടിക്കൂട്ടി തയാറാക്കിയ റിപ്പോർട്ടെന്നാണ് ദിവാകരൻ പറഞ്ഞത്. ജുഡീഷൽ കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമായിരുന്നെന്ന് മുൻ ഡിജിപിയും എഡിജിപിയായിരിക്കെ സോളാർ തട്ടിപ്പു കേസന്വേഷണ സംഘത്തലവനുമായിരുന്ന എ. ഹേമചന്ദ്രനും പറഞ്ഞിരിക്കുന്നു. വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ കേരള രാഷ്ട്രീയത്തിലെ ദുഷിച്ച പ്രവണതകളെയാണ് കേസിന്റെ ഉള്ളറരഹസ്യങ്ങൾ അറിയാവുന്നവർ പുറത്തുവിട്ടിരിക്കുന്നത്. മാത്രമല്ല, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ചുള്ള പുരപ്പുറപ്രസംഗങ്ങൾ താരതമ്യേന കൂടുതൽ നടത്താറുള്ള സിപിഎമ്മിന്റെ മൂല്യരാഹിത്യമായി ഇതു വിലയിരുത്തപ്പെടുകയും ചെയ്യും.
2013 ജൂൺ മൂന്നിന് സോളാർ തട്ടിപ്പ് കേസിൽ സരിത എസ്. നായർ പിടിയിലാകുന്നതോടെയാണ് കേരള രാഷ്ട്രീയത്തിലെ സെക്സ്-ക്രൈം ത്രില്ലറായി മാറിയ സോളാർ വിവാദം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്ത് സൗരോര്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ‘ടീം സോളാര്’ കമ്പനി പലരില്നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് കേസ്. നൂറോളം പേർക്ക് 70,000 മുതൽ 50 ലക്ഷം രൂപവരെ നഷ്ടപ്പെട്ടു. കന്പനിയുടെ ഡയറക്ടർമാരായിരുന്ന ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും സരിത എസ്. നായര് രണ്ടാം പ്രതിയുമാണ്. തട്ടിപ്പിനായി പ്രതികൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മന് ചാണ്ടിയുടെ ഓഫീസ് ദുരുപയോഗിച്ചെന്ന ആരോപണം കേസിനു പുതിയ മാനം നൽകി. സിപിഎം സ്വാഭാവികമായും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ മുന്നിൽ നിന്നു പട നയിച്ചു.
ജൂൺ നാലിനു കേസ് അന്വേഷിക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം എഡിജിപിയായിരുന്ന എ. ഹേമചന്ദ്രനു കൈമാറി. പ്രതിപക്ഷം അടങ്ങിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസാണ് തട്ടിപ്പിന്റെ ആസ്ഥാനമെന്നും ജുഡീഷൽ അന്വേഷണം വേണമെന്നുമായിരുന്നു ആവശ്യം. ഇതിനിടെ കേസിലെ പ്രതിയായ സരിത ദിനംപ്രതി ലൈംഗിക ആരോപണമുൾപ്പെടെ പുതിയ വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്നു. ഓഗസ്റ്റ് 12ന് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് എൽഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. തുടർന്ന് 13ന് മുഖ്യമന്ത്രി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിറ്റിംഗ് ജഡ്ജിയെ വിട്ടുകൊടുക്കേണ്ടെന്ന നിലപാട് ഹൈക്കോടതി സ്വീകരിച്ചതോടെ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ജി. ശിവരാജനെ 2013 ഒക്ടോബർ 23ന് നിയമിച്ചു.
ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽവച്ച് തന്നെ പീഡിപ്പിച്ചുവെന്ന് സരിത വെളിപ്പെടുത്തിയതും കോളിളക്കമായി. പലതവണ കാലാവധി നീട്ടിക്കിട്ടിയ കമ്മീഷൻ ഒടുവിൽ 2017 സെപ്റ്റംബർ 27നു കാലാവധി അവസാനിക്കുന്നതിന്റെ തലേന്ന് പിണറായി സർക്കാരിനു റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. ഈ റിപ്പോർട്ടിനെക്കുറിച്ചാണ് ഇപ്പോഴത്തെ വിവാദം. റിപ്പോർട്ട് സമർപ്പിച്ച് മൂന്നു വർഷം കഴിഞ്ഞ് സരിതയുടെ ഒരു കത്ത് അടിസ്ഥാനമാക്കി പിണറായി സർക്കാർ 2021ൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും 2022 ഡിസംബറിൽ ഉമ്മൻ ചാണ്ടിക്കു ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനു റിപ്പോർട്ട് സമർപ്പിച്ചു.
നാലോ അഞ്ചോ കോടി വാങ്ങിയ ശിവരാജൻ കമ്മീഷൻ ‘കണകുണാ’റിപ്പോർട്ടെഴുതുകയായിരുന്നെന്നും സമരം എൽഡിഎഫ് നേതൃത്വത്തിന്റെ അറിവോടെ ഒത്തുതീർക്കുകയായിരുന്നുവെന്നുമാണ് സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞിരിക്കുന്നത്. സരിതയുമായി ആരൊക്കെ ബന്ധം പുലർത്തി എന്നൊക്കെയാണ് എഴുതിവച്ചിരിക്കുന്നതെന്നും ദിവാകരൻ പറഞ്ഞു.
സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ച കമ്മീഷൻ സദാചാര പോലീസിന്റെ മാനസികാവസ്ഥയിലായിരുന്നു എന്നാണ് കേസന്വേഷിച്ച മുൻ ഡിജിപി എ. ഹേമചന്ദ്രൻ ‘നീതി എവിടെ’ എന്ന ആത്മകഥയിൽ തുറന്നടിച്ചിരിക്കുന്നത്. തട്ടിപ്പുകേസിലെ പ്രതികളെയാണ് കമ്മീഷൻ തെളിവുകൾക്ക് ആശ്രയിച്ചതെന്നും പ്രതികൾ ഇതു മുതലെടുത്തു എന്നുമുള്ള ഗുരുതര പരാമർശവും പുസ്തകത്തിലുണ്ട്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഉമ്മൻ ചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരേ പിണറായി സർക്കാർ കേസെടുത്തത്. ജസ്റ്റീസ് ശിവരാജൻ പ്രതികരിക്കാത്തിടത്തോളം ഇപ്പോഴത്തെ വിവാദത്തിന്റെ മറുവശം അറിയാനാവില്ല. പക്ഷേ, അത്തരമൊരു പ്രതികരണത്തിനും വ്യക്തിഹത്യകളിൽ അധിഷ്ഠിതമായ മലിനരാഷ്ട്രീയത്തെ പ്രതിരോധിക്കാൻ കഴിയണമെന്നില്ല.
അടിസ്ഥാനരഹിത വിവാദങ്ങളുടെ ഊർജം രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് അസാധാരണമല്ല. പക്ഷേ, അതിന്റെ പഴി അന്വേഷണ കമ്മീഷൻ കേൾക്കേണ്ടിവരുന്നത് അസാധാരണമാണ്. ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടുന്ന ഏതൊരു കേസിനും മാർക്കറ്റുണ്ടാക്കുന്നതിൽ മുന്നിലുള്ള മാധ്യമങ്ങൾക്കും ആത്മപരിശോധനയാവാം.