ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശയാ​ത്രയ്ക്ക‌് ഇ​ന്നു തു​ട​ക്കം
Saturday, May 4, 2024 1:56 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ഈമാസം 19ന് ​ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും. അ​റു​പ​തി​നാ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25,000 പേ​ര്‍ ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​ല്‍ പ​ങ്കെ​ടു​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, സ​മൂ​ഹ​ബ​ലി, ദി​വ്യ​കാ​രു​ണ്യപ്ര​ദ​ക്ഷി​ണം, സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ ന​ട​ക്കും.

ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി ഇ​ന്നുമു​ത​ല്‍ ഏ​ഴുവ​രെ​ തീയതികളിൽ ദി​വ്യ​കാ​രു​ണ്യ സ​ന്ദേ​ശയാ​ത്ര ന​ട​ത്തും. 1866ല്‍ ​വി​ശു​ദ്ധ ചാ​വ​റയ​ച്ചന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള ക​ത്തോ​ലി​ക്കാസ​ഭ​യി​ല്‍ ആ​ദ്യ​മാ​യി 40 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന ന​ട​ത്ത​പ്പെ​ട്ട​തും ചാ​വ​റയ​ച്ചന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്നതുമായ കൂ​നമ്മാ​വ് സെന്‍റ് ഫി​ലോ​മി​നാ​സ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 10ന് ​റെ​ക്ട​ര്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ ലൂ​യി​സ് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ലി​നു പ​താ​ക ന​ല്‍​കി സ​ന്ദേ​ശയാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്നു കൊ​ടു​ങ്ങ​ല്ലൂ​ര്‍ സെന്‍റ്​ മേ​രീ​സ് പ​ള്ളി​യി​ല്‍നി​ന്നു തു​ട​രു​ന്ന യാ​ത്ര രാത്രി ഏ​ഴിന് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ല്‍ സ​മാ​പി​ക്കും.

നാളെ രാ​വി​ലെ ഏ​ഴി​നു താ​ണി​ശേ​രി ഡോ​ളേ​ഴ്‌​സ് പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര രാത്രി ഏ​ഴി​നു തു​റ​വ​ന്‍​കു​ന്ന് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍ സ​മാ​പി​ക്കും. ആ​റി​നു രാ​വി​ലെ ഏ​ഴി​നു വെ​ള​യ​നാ​ട് സെന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് രാത്രി 7.30ന് ​മാ​ള സെന്‍റ് സ്റ്റനി​സ്ലാവോ​സ് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. ഏ​ഴി​നു രാ​വി​ലെ ഏ​ഴി​നു കൊ​ട​ക​ര സെന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ല്‍നി​ന്ന് ആ​രം​ഭി​ക്കു​ന്ന യാ​ത്ര രാത്രി എ​ട്ടി​നു ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യസ​ന്ദേ​ശയാ​ത്ര രൂ​പ​ത​യി​ലെ 141 ഇ​ട​വ​കദേ​വാ​ല​യ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​രും.

ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സിന് ഒ​രു​ക്ക​മാ​യി വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും സം​ഘ​ട​ന​ക​ളും പ്ര​സ്ഥാ​ന​ങ്ങ​ളും പ​രി​ശു​ദ്ധ അ​മ്മ​യു​ടെ മ​ധ്യ​സ്ഥം പ്രാ​ര്‍​ഥിച്ച് അഞ്ചുല​ക്ഷം ജ​പ​മാ​ല ചൊ​ല്ലും. രൂ​പ​ത​യു​ടെ സ്പി​രി​ച്വാ​ലി​റ്റി സെ​ന്‍ററി​ല്‍ 40 മ​ണി​ക്കൂ​ര്‍ ആ​രാ​ധ​ന​യുണ്ടാകും. ആ​ളൂ​ര്‍ ബി​എ​ല്‍​എം ക​പ്പേ​ള​യി​ല്‍ ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍റെ മു​ഖ്യകാ​ര്‍​മി​ക​ത്വ​ത്തി​ല്‍ അ​ര്‍​പ്പി​ച്ച ദി​വ്യ​ബ​ലി​യോ​ടെ മേയ് ഒ​ന്നുമു​ത​ല്‍ അ​ഖ​ണ്ഡ​ജ​പ​മാ​ല ആ​രം​ഭി​ച്ചു.

ദി​വ്യകാ​രു​ണ്യസ​ന്ദേ​ശ​യാ​ത്ര​യു​ടെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, ക​ത്തീ​ഡ്ര​ല്‍ വി​കാ​രി റ​വ.ഡോ. ​ലാ​സ​ര്‍ കു​റ്റി​ക്കാ​ട​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​റി​ജോ​യ് പ​ഴ​യാ​റ്റി​ല്‍, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഫാ.​ ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് (ജൂ​ണിയ​ര്‍), പ​ബ്ലി​സി​റ്റി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ടെ​ല്‍​സ​ന്‍ കോ​ട്ടോ​ളി, ദി​വ്യ​കാ​രു​ണ്യ കോ​ണ്‍​ഗ്ര​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ലിം​സ​ണ്‍ ഊ​ക്ക​ന്‍, കു​ടും​ബസ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​ഷി പു​ത്തി​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.