ചൂ​ട് ക​ന​ത്തു, മ​ത്സ്യക്ഷാ​മം രൂ​ക്ഷം; ഉ​ള്ള​തി​നു തീവി​ല
Tuesday, April 30, 2024 7:40 AM IST
ചാ​വ​ക്കാ​ട്: ഓ​രോ ദി​വ​സ​വും ചൂ​ട് ശ​ക്ത​മാ​കു​ന​തി​നെ തു​ട​ർ​ന്നു മ​ത്സ്യക്ഷാ​മം രൂ​ക്ഷ​മാ​യി. തീ​ര​ക്ക​ട​ൽ ചൂ​ടാ​യി മീ​നു​ക​ൾ​ക്കു ജീ​വ​നു ഭീ​ഷ​ണി​യാ​യ​പ്പോ​ൾ മ​ത്സ്യ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ഉ​ൾ​ക്ക​ട​ലി​ലേക്കു പോ​യ​താ​ണു ല​ഭ്യ​ത കു​റ​യാ​ൻ കാ​ര​ണ​മെ​ന്നു മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

25-30 കി​ലോ​മീ​റ്റ​ർ ദൂ​രം പോ​യാ​ൽ മീ​ൻ ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ന്‍റെ ഇ​ര​ട്ടി ദൂ​രം പോ​യാ​ലും മീ​ൻ കി​ട്ടു​ന്നി​ല്ല. ഓരോ വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും പ​ല കാ​ര​ണ​ത്താ​ൽ മീ​ൻല​ഭ്യ​ത കു​റ​യു​ക​യാ​ണ്. ചൂ​ടു കൂ​ടി​യ​തോ​ടെ മീ​നു​ക​ൾ ആ​ഴ​ക്ക​ട​ലി​ലേക്ക് അ​കംവ​ലി​ഞ്ഞ​തു ക​ട​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ദു​രി​ത​മാ​യി. പ​തി​വാ​യി ല​ഭി​ക്കുമാ​യി​രു​ന്ന ചെ​റു​മീ​നു​ക​ളൊന്നും ​ഇ​പ്പോ​ൾ വ​ള്ള​ക്കാ​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല. എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ചുപോ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളും ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളും നി​രാ​ശ​യി​ലാ​ണ്.

ഉ​യ​ർ​ന്ന വി​ല​യ്ക്കു മ​ണ്ണെ​ണ്ണ​യും ഡീ​സ​ലും വാ​ങ്ങി ക​ട​ൽ​പ്പ​ണി​ക്കു പോ​യാ​ൽ തി​രി​ച്ചുവ​രു​മ്പോ​ൾ ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക്. ദൂരെ പോ​യി മീ​ൻ കി​ട്ടു​മോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​നു വ​രു​ന്ന ഇ​ന്ധ​ന​ച്ചെല​വ് പു​റ​മെ. കാ​ലാ​വ​സ്ഥാവ്യ​തി​യാ​ന​വും ഇ​ട​യ്ക്കു വ​രു​ന്ന ജാ​ഗ്ര​താമു​ന്ന​റി​യിപ്പും മ​ത്സ്യക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യി.

ചാവ​ക്കാ​ട് തീ​ര​മേ​ഖ​ല​യി​ൽ വ​ലി​യ മീ​നു​ക​ളു​ടെ സീ​സ​ൺ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, കു​ള​ച്ച​ൽ, ക​ന്യാ​കു​മാ​രി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽനി​ന്നു കൂ​ട്ട​മാ​യി എ​ത്തു​ന്ന​വ​രാ​ണ് വ​ലി​യ മീ​നി​ന്‍റെ പി​ടിത്ത​ക്കാ​ർ. ത​മി​ഴ്നാ​ട്ടി​ൽ വോ​ട്ടെ​ടു​പ്പ് ദി​വ​സ​മാ​യ​പ്പോ​ൾ ക​ന്യാ​കു​മാ​രി മേ​ഖ​ല​യി​ൽനി​ന്നുള്ള ​തൊ​ഴി​ലാ​​ളി​ക​ൾ നാ​ട്ടി​ൽ​പ്പോ​യി.

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പുദി​വ​സം തെ​ക്ക​ൻ മേ​ഖ​ല​യി​ൽനി​ന്നുള്ള ​തൊ​ഴിലാ​ളി​ക​ൾ ചാ​വ​ക്കാ​ട് തീ​രം വി​ട്ടു. നാട്ടിൽ പോ​യാ​ൽ പി​ന്നെ കു​റ​ച്ചുദി​വ​സം ക​ഴി​ഞ്ഞേ ​തി​രി​ച്ചെ​ത്തു​കയുള്ളൂ. ക​ള്ള​ക്ക​ട​ൽ മു​ന്ന​റി​യിപ്പും ഉ​യ​ർ​ന്ന തി​ര​മാ​ലജാ​ഗ്ര​ത​യും വ​ന്ന​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ട​ക്ക​യാ​ത്ര നീ​ണ്ടതു മ​ത്സ്യക്ഷാ​മ​ത്തി​നും വി​ല​ക്ക​യ​റ്റ​ത്തി​നും മ​റ്റൊ​രു കാ​ര​ണ​മാ​യി.

ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര തു​ട​ങ്ങി​യ സംസ്ഥാ നങ്ങളി​ൽ‌നി​ന്ന് ലോ​റി​ക്ക് എ​ത്തു​ന്ന മീ​നു​ക​ളു​ടെ വ​ര​വു കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തു മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ചി​ല്ല​റവി​ല്പന​ക്കാ​രെയും ബാ​ധി​ച്ചു.

ഈ​സ്റ്റ​ർ ആ​ഘോ​ഷ​ത്തി​നുശേ​ഷം വ​ലി​യ മീ​നു​ക​ളു​ടെ വി​ല കു​റ​ഞ്ഞ​താ​യി​രു​ന്നു. അ​തു വീ​ണ്ടും കൂ​ടി. വി​വാ​ഹം, തി​രു​നാ​ൾ എ​ന്നി​വ​യു​ടെ സീ​സ​ണാ​യ​തും മീ​ൻവി​ല കു​തി​ക്കാ​ൻ കാ​ര​ണ​മാ​യി.
വി​ലനി​ല​വാ​രം കി​ലോ​ഗ്രാം: ബ്രാ​ക്ക​റ്റി​ൽ സീ​സ​ൺ വി​ല. അ​റയ്ക്ക 1300- 1500 (500-700), തമ്മാ​ൻ 400-700 (250-300), ആ​വോ​ലി 750-900 (400-600), ചാ​ള 300-350 (150-240), അ​യില 350 -400 (200-280), മാ​ന്ത​ൾ, വെ​ളൂ​രി 280-350 (150-200).

കെ.ടി. വിൻസെന്‍റ്