ചേര്‍ത്തല: ഡ്രൈവിംഗ് ടെസ്റ്റ് നടത്താനെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ ഡ്രൈവിംഗ് സ്കൂള്‍ സംഘടനകള്‍ തടഞ്ഞതോടെ ടെസ്റ്റ് നടത്താതെ മടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന് (എഐടിയുസി)യുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. കോടതി കവലയ്ക്ക് വടക്കുവശം ടിബിക്കു സമീപമുള്ള ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ 8.30 ഓടെ ടെസ്റ്റിനായി എത്തിയ ചേര്‍ത്തല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. റോഷന്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശരത് എന്നിവരെയാണ് തടഞ്ഞത്.
ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീവുമായി ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തുന്ന സാഹചര്യത്തില്‍ ഓള് കേരള ഡ്രൈവിംഗ് സ്കൂള്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) സമരത്തില്‍നിന്നും പിന്മാറിയിരുന്നു. ഇതേത്തുടര്‍ന്ന് ചേര്‍ത്തല മേഖല കമ്മിറ്റി സെക്രട്ടറി കെ.പി. പ്രതാപന് സമരപരിപാടികള്‍ക്കു മുന്‍പായി വിശദീകരണം നല്കി സമരത്തില്‍നിന്നു പിന്മാറിയതായി അറിയിച്ചു.
തുടര്‍ന്ന് നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ജയന് ചേര്‍ത്തല ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് പരിഷ്കരണത്തിന് രണ്ടരവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കോര്‍പറേറ്റ് നയം നടപ്പിലാക്കാന്‍ ഗതാഗതമന്ത്രി കൂട്ടുനില്‍ക്കുന്നത് ഖേദകരമാണെന്ന് ജയന് ചേര്‍ത്തല പറഞ്ഞു. സാധാരണക്കാരായ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ കുടുംബം പട്ടിണിയിലാക്കുന്ന നയമാണിത്. പരിശീലന വാഹനത്തില്‍നിന്നു ഡ്യുവല്‍ സിസ്റ്റം മാറ്റുന്നതും വിവരക്കേടാണെന്നും സിനിമാനടനായ ഗതാഗത മന്ത്രി ഷോ കാണിക്കുന്നത് കാമറയ്ക്ക് മുന്നില്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
താലൂക്ക് സെക്രട്ടറി വി. മുരളീധരന് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എ.പി. പ്രകാശന്, കരപ്പുറം രാജശേഖരന്, ഡി. ഷാജി, ബിമല്‍ ജോസഫ്, കെ.വി. ചന്ദ്രബാബു, സാബു എന്നിവര്‍ പ്രസംഗിച്ചു.
ചാരുംമൂട്: സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ കരിമുളയ്ക്കല്‍ ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ഇന്നലെയും ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചു. ടെസ്റ്റിംഗ് ട്രാക്കില്‍ വാഹനങ്ങള്‍ കയറ്റി ഇട്ടാണ് പ്രതിഷേധിച്ചത്. പുതിയ നിയമമനുസരിച്ചുള്ള ഡ്രൈവിംഗ് ടെസ്റ്റ് പിന്‍വലിക്കണമെന്ന് ആവിശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്.
സംയുക്ത ഡ്രൈവിംഗ് സ്കൂള്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന ബഹിഷ്കരണ സമരം ഡ്രൈവിംഗ് സ്കൂള്‍ ഓണേഴ്സ് സമിതി ജില്ലാ പ്രസിഡന്റ് സുധീര്‍ അജ്സല്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ ഹന്‍സ് അധ്യക്ഷത വഹിച്ചു.
നിസാം പയ്നിയര്‍, ഹാരിസ് ആസാദ്, സജീവ് അജയന്, വര്‍ഗീസ്, രമേശന് കുട്ടനാട്, അന്‍സാരി ചെമ്മാരപ്പളളി, സജീവ് റോയല്‍, അച്ചന്‍കുഞ്ഞ്, സി.എന്‍. വര്‍ഗീസ് അജിത്ത്, പാര്ഥന് എന്നിവര്‍ ബഹിഷ്കരണയോഗത്തില് പ്രസംഗിച്ചു.