ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ്
ജനങ്ങൾക്കായി എന്നും തുറന്നുകിടന്ന പുതുപ്പള്ളി ഹൗസ് എം. സുരേഷ്ബാബു
പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ആളും ആരവവുമായി നിറഞ്ഞ് നിന്നിരുന്ന ജഗതിയിലെ പുതുപ്പള്ളി ഹൗസ് ശോകമൂകം. കഴിഞ്ഞ നാൽപ്പത്തിരണ്ട് വർഷക്കാലമായി ഉമ്മൻചാണ്ടി താമസിച്ച വസതിയാണ് ജഗതി സുദർശൻനഗറിലെ പുതുപ്പള്ളി ഹൗസ്.

പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള ആത്മബന്ധമാണ് തന്‍റെ വസതിക്കും മണ്ഡലത്തിന്‍റെ പേര് നാമകരണം ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സ്വന്തം വീടിന്‍റെ പേര് മണ്ഡലത്തിന്‍റെ പേരാക്കി മാറ്റിയ ആദ്യ ജനപ്രതിനിധി എന്ന ബഹുമതിയും അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.

എന്നും ജനങ്ങളോടൊപ്പം അടുത്തിടപഴകിയിരുന്ന ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ ഏത് സമയത്തും ആർക്കും കടന്ന് ചെല്ലാനായി അനുവാദം നൽകിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങളെ അവഗണിച്ചായിരുന്നു അദ്ദേഹം പുതുപ്പള്ളി ഹൗസിന്‍റെ വാതായനങ്ങൾ ജനങ്ങൾക്കായി തുറന്നിട്ടിരുന്നത്.

ആറരവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ കൂടുതൽ വർഷവും അദ്ദേഹം താമസിച്ചിരുന്നത് പുതുപ്പള്ളി ഹൗസിലായിരുന്നു. പിന്നീട് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് താമസം മാറിയെങ്കിലും പുതുപ്പള്ളി ഹൗസ് അടച്ചിട്ടിരുന്നില്ല. ഇടയ്ക്കൊക്കെ അദ്ദേഹം അവിടെ വന്നുപോയിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ സന്തതസഹചാരിയായിരുന്നവർ വേദനയോടെ ഓർക്കുകയാണ്. അദ്ദേഹത്തിന്‍റെ മൂന്ന് മക്കളും വളർന്നത് ഈ വീട്ടിലായിരുന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലായിരുന്നു കുട്ടികളുടെ പഠനത്തിന് ചേർത്തിരുന്നത്.

പ്രതിപക്ഷ നേതാവായിരുന്ന കാലയളവിൽ പോലും അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതി പുതുപ്പള്ളി ഹൗസായിരുന്നു. സംസ്ഥാന രാഷ്ട്രിയത്തിൽ ഏറെ പ്രാധാന്യമുള്ള പല സംഭവങ്ങൾക്കും തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച പാരന്പര്യവും പുതുപ്പള്ളി ഹൗസിനാണ്.

ഒരുദിവസത്തിലെ 24 മണിക്കൂറിൽ അദ്ദേഹം ഉറങ്ങാൻ കിടന്നിരുന്നത് ചുരുങ്ങിയ സമയം മാത്രമായിരുന്നു. പുലർച്ചെ രണ്ട് മണിക്ക് പോലും അദ്ദേഹത്തെ കാണാനും പരാതികളും സങ്കടങ്ങളും ബോധിപ്പിക്കാനുമായി ധാരാളം പേരാണ് പുതുപ്പള്ളി ഹൗസിലെത്തിയിരുന്നത്. ജനങ്ങൾക്ക് വേണ്ടി പൂർണസമയവും കർമ്മനിരതനായിരുന്ന ഉമ്മൻചാണ്ടിയുടെ തലസ്ഥാനത്തെ മുഖമാണ് പുതുപ്പള്ളി ഹൗസ്.

മണ്ഡലവുമായി ബന്ധപ്പെട്ട ഫയലുകളിൽ ഒപ്പിട്ട ശേഷമായിരുന്നു അദ്ദേഹം ബാംഗ്ലൂരിലേക്ക് ചികിത്സക്ക് പോയത്. പല ഫയലുകളും അദ്ദേഹത്തിന്‍റെ വീട്ടിലെ ഓഫീസ് മുറിയിൽ ചിട്ടയോടെ അടുക്കി വച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്കായി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ പരാതികളിലെല്ലാം അദ്ദേഹം പരിഹാരം കണ്ടിരുന്നു.

പുതുപ്പള്ളി ഹൗസ് സ്ഥിതിചെയ്യുന്ന സുദർശൻ നഗർ റസിഡന്‍റ്സ് അസോസിയേഷനിലെ നിവാസികളും ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ അതീവ ദുഃഖിതരാണ്. അസോസിയേഷന്‍റെ രക്ഷാധികാരിയായി പ്രവർത്തിച്ച് വന്നിരുന്ന അദ്ദേഹത്തിന് കുടുംബത്തിലെ ഓരോ അംഗങ്ങളെയും പേരെടുത്ത് വിളിയ്ക്കാവുന്ന വിധത്തിലുള്ള ഗാഡമായ ആത്മബന്ധമായിരുന്നു. അസോസിയേഷന്‍റെ എല്ലാ പരിപാടികളിലും കൃത്യമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്‍റെ വേർപാടിലുള്ള വിഷമം ഓരോരുത്തരും പങ്ക് വയ്ക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.